മുകൾനിലയിൽ രക്തത്തിൽ കുളിച്ച് ജ്യോതിയും നവീനും; രാവിലെ അമ്മയും മകനുംതമ്മിൽ വഴക്കുണ്ടായി? ഒഴിയാതെ ദുരൂഹത

#ന്യൂസ് ഡെസ്‌ക്
നവീൻ, ജ്യോതി, സംഭവം നടന്ന വീട്
നവീൻ, ജ്യോതി, സംഭവം നടന്ന വീട്

കണ്ണൂർ: രക്തത്തിൽ കുളിച്ച നിലയിൽ അമ്മയുടെയും മകന്റെയും മൃതദേഹങ്ങൾ. സമീപത്ത് അടുക്കളയിൽ ഉപയോഗിക്കുന്ന കത്തി... മട്ടന്നൂരിൽ അധ്യാപികയേയും മകനെയും കുത്തേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ വിറങ്ങലിച്ച് നാട്.

ലയൺസ് ക്ലബ് റോഡിലെ നന്ദനത്തിൽ ജ്യോതി (56), മകൻ നവീൻ കൃഷ്ണ (21) എന്നിവരാണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെയാണ് സംഭവം. ജ്യോതിയുടെ ഭർത്താവ് ജയകൃഷ്ണൻ പുറത്തുപോയ സമയത്താണ് സംഭവം നടന്നതെന്നാണ് വിവരം.

അമ്മയെ കൊലപ്പെടുത്തിയ ശേഷം നവീൻ സ്വയം കുത്തി മരിച്ചതാകാമെന്നാണ് പ്രാഥമിക നിഗമനം. പുറത്തുനിന്ന് ആരെങ്കിലും ഇവിടേക്ക് എത്തിയതായി സൂചനയൊന്നും ലഭിച്ചിട്ടില്ല. വീടിന്റെ രണ്ടാംനിലയിൽ കോണിപ്പടിയോട് ചേർന്നായിരുന്നു മൃതദേഹങ്ങൾ കണ്ടെത്തിയത്.

നവീന്റെ കഴുത്തിന് മുറിവേറ്റ നിലയിലായിരുന്നെന്ന് സംഭവസ്ഥലത്തെത്തിയ പ്രദേശവാസികളിലൊരാൾ പറഞ്ഞു. ജ്യോതിയുടെ മുഖം രക്തത്തിൽ കുളിച്ച നിലയിലായിരുന്നു. രാവിലെ ജ്യോതിയും മകനും തമ്മിൽ വാക്കേറ്റമുണ്ടായതായി വിവരമുണ്ട്.

രാവിലെ ഒൻപതുമണിയോടെ വീട്ടിനുള്ളിൽനിന്ന് ജയകൃഷ്ണന്റെ കരച്ചിൽ സമീപവാസികൾ കേൾക്കുകയും അവർ അവിടേക്ക് എത്തുകയുമായിരുന്നു. രക്തത്തിൽ കുളിച്ചുകിടന്ന ജ്യോതിയേയും നവീനിനേയും താഴേക്ക് ഇറക്കി. പിന്നാലെ ആംബുലൻസ് വിളിച്ചു. ആംബുലൻസ് ഡ്രൈവർ എത്തി പൾസ് നോക്കിയപ്പോൾ കിട്ടിയില്ല. തുടർന്ന് പോലീസുകാരെ വിവരം അറിയിക്കുകയായിരുന്നു. സ്ഥലത്തെത്തിയ പോലീസാണ് മൃതദേഹങ്ങൾ തലശ്ശേരി സർക്കാർ ആശുപത്രിയിൽ എത്തിച്ചത്.

ശാന്തമായ കുടുംബമായിരുന്നെന്നും എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടായിരുന്നെന്ന് ആർക്കും അറിയില്ലായിരുന്നെന്നും പ്രദേശവാസികളിലൊരാൾ മാതൃഭൂമി ന്യൂസിനോടു പ്രതികരിച്ചു.

Content Highlights: Teacher Jyothi (56) and her son Naveen Krishna found dead in Mattannur., Bodies discovered with stab wounds on the second-floor stairway., Police suspect Naveen killed his mother before dying by suicide., No signs of forced entry or outsiders at the crime scene., Bodies shifted to Thalassery Government Hospital for post-mortem.