കുളിക്കടവിൽ വീട്ടമ്മയെ പീഡിപ്പിച്ച് മുക്കിക്കൊല്ലാൻ ശ്രമിച്ചത് കൊലക്കേസിൽ ജാമ്യത്തിലുള്ള യുവാവ്

മാന്നാർ(ആലപ്പുഴ): കുളിക്കടവിൽ 56-കാരിയായ വീട്ടമ്മയെ പീഡനത്തിനിരയാക്കി മുക്കിക്കൊല്ലാൻ ശ്രമിച്ച സംഭവത്തിൽ പ്രതിക്കായി പോലീസ് തിരച്ചിൽ ഊർജിതമാക്കി. ചെങ്ങന്നൂർ ഡിവൈ.എസ്.പി. ജെ. സന്തോഷ് കുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേകസംഘം അന്വേഷണം വ്യാപിപ്പിച്ചു. പരുമല കോട്ടക്കമാലി സ്വദേശി സബിർ (44) ആണ് പോലീസിന്റെ പിടിയിലാകാനുള്ളത്.
വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെയായിരുന്നു നാടിനെ നടുക്കിയ സംഭവം. കുളിക്കടവിൽ തുണി നനയ്ക്കാനെത്തിയ വീട്ടമ്മയെ പ്രതി ആക്രമിക്കുകയും പീഡനത്തിനിരയാക്കിയശേഷം പുഴയിൽ മുക്കിക്കൊല്ലാൻ ശ്രമിക്കുകയുമായിരുന്നു. കൊലപാതകമുൾപ്പെടെയുള്ള ക്രിമിനൽ കേസുകളിൽ പ്രതിയായ സബിർ, കൊലക്കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയവേ അടുത്തിടെയാണ് അപ്പീൽ ജാമ്യത്തിൽ പുറത്തിറങ്ങിയത്.
കേരള പോലീസിന്റെ ക്വിക് റെസ്പോൺസ് ടീമും ഡിവൈ.എസ്.പി.യുടെ പ്രത്യേകസംഘവും ഡ്രോണുപയോഗിച്ചും പരിശോധന നടത്തുന്നുണ്ട്. പമ്പാനദിയുടെ ഇരുവശങ്ങളിലുമുള്ള പ്രദേശങ്ങളിൽ പോലീസ് സംഘം അരിച്ചുപെറുക്കിയെങ്കിലും പ്രതിയെ കണ്ടെത്താനായിട്ടില്ല. പോലീസിനോടൊപ്പം നാട്ടുകാരായ യുവാക്കളും തിരച്ചിലിനുണ്ട്.
Content Highlights: 56-year-old woman attacked and attempted murder at Mannar bathing ghat., Suspect identified as 44-year-old Sabir from Parumala., Special investigation team led by Chengannur DySP launched., Drone surveillance and local search operations are ongoing.