‘മഞ്ഞുമ്മൽ ബോയ്സിനായി സൗബിൻ പണം മുടക്കിയിട്ടില്ല, മനഃപൂർവം വഞ്ചിച്ചു’; കുറ്റപത്രം സമർപ്പിച്ച് എസ്ഐടി

#ന്യൂസ് ഡെസ്ക്
സൗബിന്‍ ഷാഹിര്‍, മഞ്ഞുമ്മൽ ബോയ്സ് ചിത്രത്തിന്റെ പോസ്റ്റർ
സൗബിന്‍ ഷാഹിര്‍, മഞ്ഞുമ്മൽ ബോയ്സ് ചിത്രത്തിന്റെ പോസ്റ്റർ

കൊച്ചി: മഞ്ഞുമ്മൽ ബോയ്‌സ് സാമ്പത്തിക തട്ടിപ്പ് കേസിൽ കുറ്റപത്രം സമർപ്പിച്ച് പ്രത്യേക അന്വേഷണസംഘം. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് ക്രൈം ബ്രാഞ്ച് ആയിരം പേജുള്ള കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. നടൻ സൗബിൻ ഷാഹിർ, അച്ഛൻ ബാബു ഷാഹിർ, ഷോൺ ആന്റണി എന്നിവരാണ് എന്നിവരാണ് പ്രതികൾ.

സിനിമയുടെ ലാഭത്തിന്റെ 40% നൽകാമെന്ന് കാണിച്ച് പ്രതികൾ ഏഴുകോടി രൂപ കൈപ്പറ്റിയെന്നും ലാഭവിഹിതമോ മുടക്കുമുതലോ നൽകാതെ വഞ്ചിച്ചുവെന്നുമാണ് പരാതി. അരൂർ സ്വദേശിയായ സിറാജ് വലിയവീട്ടിൽ ഹമീദ് ആണ് പരാതിക്കാരൻ. സിനിമയുടെ നിർമാതാക്കൾക്കെതിരെ ഗുരുതരമായ കണ്ടെത്തലുകലാണ് കുറ്റപത്രത്തിലുള്ളത്.

സിനിമയുടെ നിർമ്മാണത്തിനായി പ്രതികൾ സ്വന്തമായി പണം മുടക്കിയിട്ടില്ല, പകരം ഏഴുകോടി രൂപ സിറാജിന്റെ കൈയിൽനിന്ന് വാങ്ങിയാണ് ഉപയോഗിച്ചത്. 2024-ൽ മഞ്ഞുമ്മൽ ബോയ്‌സ് എന്ന സിനിമ പുറത്തിറങ്ങിയ ശേഷം വിചാരിച്ചതിനേക്കാൾ വലിയ വിജയം ഉണ്ടാവുകയും സാമ്പത്തികലാഭം ലഭിക്കുകയും ചെയ്തു.

എന്നാൽ, പിന്നീട് സൗബിനും പിതാവും മുടക്കുമുതലോ മറ്റേതെങ്കിലും തരത്തിലുള്ള ലാഭവിഹിതമോ ഒന്നുതന്നെ നൽകിയില്ല എന്നാണ് പരാതി. പോയി കേസുകൊടുക്ക് എന്നുവരെ പറഞ്ഞ് തന്നെ അപമാനിച്ചെന്നും പരാതിയിൽ പറയുന്നു. പിന്നാലെയാണ് ക്രൈംബ്രാഞ്ചിന്റെ പ്രത്യേക സംഘം കേസ് അന്വേഷിച്ച് ഇപ്പോൾ കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്.

വിശ്വാസവഞ്ചന, ചതി, ഗൂഢാലോചന അടക്കമുള്ള കുറ്റങ്ങളാണ് പ്രതികൾക്കുമേൽ ചുമത്തിയിട്ടുള്ളത്. വഞ്ചിക്കണം എന്ന ലക്ഷ്യത്തോടെയാണ് പ്രതികൾ സാമ്പത്തിക തട്ടിപ്പ് നടത്തിയിരിക്കുന്നത് എന്നാണ് കുറ്റപത്രത്തിൽ പറയുന്നത്. കേസ് റദ്ദാക്കണം എന്നാവശ്യപ്പെട്ട് ബാബു ഷാഹിർ സുപ്രീംകോടതിയെ അടക്കം സമീപിച്ചിരുന്നു. എന്നാൽ, കോടതി ഈ കേസ് തള്ളിക്കളയുകയായിരുന്നു.

വിശ്വാസവഞ്ചന നടത്തിയിട്ടില്ലെന്നും വാങ്ങിയ പണം തിരികെ നൽകിയിട്ടുണ്ടെന്നും ആയിരുന്നു പ്രതികളുടെ വാദം. പിന്നീട്, ഇത്തരത്തിൽ ഒരു പണമിടപാട് നടത്തിയിട്ടേയില്ല എന്ന നിലപാടാണ് പ്രതികൾ സ്വീകരിച്ചത്. മഞ്ഞുമ്മൽ ബോയ്‌സ് സിനിമയുടെ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് നേരത്തെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും പ്രാഥമികമായി അന്വേഷണം തുടങ്ങിയിരുന്നു. അതിന്റെ റിപ്പോർട്ട് സമർപ്പിച്ചിട്ടില്ല.

Content Highlights: Crime Branch filed a 1000-page charge sheet in Ernakulam Principal Sessions Court. Soubin Shahir, Babu Shahir, and Shaun Antony named as accused. Allegations involve a 7 crore rupee investment fraud related to Manjummel Boys profits. Charges include criminal breach of trust, cheating, and conspiracy. Supreme Court previously dismissed the plea to quash the case.