എ.ടി.എം. കൗണ്ടറിലേക്ക് കൊണ്ടുവന്ന 50 ലക്ഷം രൂപ കവർന്ന ആൾ അറസ്റ്റിൽ, പിടികൂടിയത് റായ്പുരിൽവെച്ച്

#ന്യൂസ് ഡെസ്ക്ക്
അറുമുഖൻ
അറുമുഖൻ

മഞ്ചേശ്വരം: ഉപ്പള ടൗണിലെ ബാങ്കിന്റെ എ.ടി.എം. കൗണ്ടറിൽ നിറയ്ക്കാൻ കൊണ്ടുവന്ന 50 ലക്ഷം രൂപ കവർച്ചചെയ്ത കേസിലെ പ്രതി അറസ്റ്റിൽ. തമിഴ്നാട് ഡിണ്ടിഗൽ റാംജി നഗറിലെ അറുമുഖൻ എന്ന കിട്ടു (55)വിനെയാണ് മഞ്ചേശ്വരം പോലീസ് റായ്‌പൂരിൽനിന്ന് അറസ്റ്റ് ചെയ്തത്. കുപ്രസിദ്ധമായ ‘റാംജി നഗർ ഗാങ്ങി’ലെ പ്രമുഖനാണ് അറുമുഖനെന്ന് പോലീസ് പറഞ്ഞു.

2024 മാർച്ച് 27-ന് ഉച്ചയ്ക്ക് രണ്ടരയോടെയാണ് പണം കവർന്നത്. മുംബൈയിലെ സ്വകാര്യ ഏജൻസിയാണ് എ.ടി.എമ്മിൽ നിറയ്ക്കാനായി വാഹനത്തിൽ പണവുമായി എത്തിയത്. രണ്ട് ജീവനക്കാർ 20 ലക്ഷം രൂപയുമായി ബാങ്കിലേക്ക് പോയ സമയത്ത് ടൗണിൽ നിർത്തിയിട്ട വാനിന്റെ പിൻഭാഗത്തെ ചില്ല് തകർത്ത് ബാഗിൽ അവശേഷിച്ച 50 ലക്ഷം രൂപ കവർച്ച ചെയ്യുകയായിരുന്നു. തുടർന്ന് നാട്ടുകാരും പോലീസും വ്യാപക തിരച്ചിൽ നടത്തിയെങ്കിലും പ്രതികളെ കണ്ടെത്താനായില്ല.

നിരീക്ഷണ ക്യാമറകൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ബാഗുമായി നടന്നുപോകുന്ന വ്യക്തിയുടെ ദൃശ്യം പോലീസിന് ലഭിച്ചിരുന്നു. തുടരന്വേഷണത്തിൽ രണ്ട് പ്രതികളെ പോലീസ് ഒന്നര വർഷം മുൻപ് അറസ്റ്റ് ചെയ്തിരുന്നു. രക്ഷപ്പെട്ട അറുമുഖനുവേണ്ടി പോലീസ് അന്വേഷണം തുടരുകയായിരുന്നു. ഇതിനിടെ മറ്റൊരു കവർച്ചക്കേസിൽ ഇയാൾ റായ്‌പൂരിൽ പോലീസിന്റെ പിടിയിലായിരുന്നു. അവിടെനിന്ന്‌ ജാമ്യത്തിലിറങ്ങിയ വിവരം മനസ്സിലാക്കിയ അന്വേഷണസംഘം അവിടെയെത്തി ഇയാളെ നിരീക്ഷണത്തിലാക്കി. വീണ്ടും ഒളിവിൽപോകാൻ ശ്രമിക്കുന്നതിനിടെ സാഹസികമായി പിടികൂടുകയായിരുന്നു.

മഞ്ചേശ്വരം എസ്.ഐ. ദിനേശ് രാജ്, സി.പി.ഒ.മാരായ ചന്ദ്രകാന്ത്, സന്ദീപ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ്‌ ചെയ്തത്. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.