മനിശ്ശീരി വായനശാലയ്ക്കു മുൻപിൽ സെക്രട്ടറി ഗുരുതരമായി പരിക്കേറ്റ് ചോര വാർന്ന നിലയിൽ

#ന്യൂസ് ഡെസ്ക്
മനിശ്ശീരി വായനശാലയ്ക്ക് മുന്നിൽ രക്തം തളം കെട്ടിയ ഭാഗത്ത് പോലീസ് പരിശോധന നടത്തുന്നു
മനിശ്ശീരി വായനശാലയ്ക്ക് മുന്നിൽ രക്തം തളം കെട്ടിയ ഭാഗത്ത് പോലീസ് പരിശോധന നടത്തുന്നു

വാണിയംകുളം: മനിശ്ശീരിയിൽ സി.പി.എം. പ്രാദേശികനേതാവും നാടകപ്രവർത്തകനും വായനശാല സെക്രട്ടറിയുമായ യുവാവിനെ ഗുരുതരമായി പരിക്കേറ്റ് ചോര വാർന്ന നിലയിൽ റോഡരികിൽ കണ്ടെത്തി. മനിശ്ശീരി സ്വദേശി ആച്ചത്തുപടി ജിനേഷിനാണ് (40) പരിക്കേറ്റത്. വ്യാഴാഴ്ച അർധരാത്രിയിലാണ് പാലക്കാട്-കുളപ്പുള്ളി പാതയിൽ മനിശ്ശീരിയിലെ വായനശാലയ്ക്ക് മുന്നിൽ പരിക്കേറ്റ നിലയിൽ ജിനേഷിനെ കണ്ടെത്തിയത്. ഇരുചക്രവാഹനത്തിലിരുന്ന് കൈയുയർത്തി സഹായം അഭ്യർഥിക്കുകയായിരുന്ന ജിനേഷിനെ ഇതുവഴി യാത്ര ചെയ്തവരാണ് കണ്ടത്. ഉടൻ തന്നെ ഇവർ വാണിയംകുളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. മുഖത്തും തലയ്ക്കും വയറിനും പരിക്കേറ്റ ഇയാളെ പരിക്ക് ഗുരുതരമായതിനാൽ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

വാഹനാപകടമെന്നാണ് ആദ്യം കരുതിയെങ്കിലും പിന്നീട് നടത്തിയ പരിശോധനയിലാണ് മർദനമേറ്റതാണെന്ന് സംശയം ഉണ്ടായത്. വായനശാലയ്ക്ക് മുന്നിൽ രക്തം തളംകെട്ടി നിൽക്കുന്നുണ്ട്. പല്ലുകൾ ഉൾപ്പെടെ വീണുകിടക്കുന്ന നിലയിലാണ്. പോലീസ് നടത്തിയ പരിശോധനയിൽ വായനശാലക്കുള്ളിൽ രക്തവും കല്ലും കിടക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. രക്തം തളംകെട്ടിക്കിടക്കുന്ന സ്ഥലത്ത് മുളകുപൊടിയും വിതറിയ നിലയിലാണ്. ജിനേഷിന്റെ ഫോണുകൾ ഉൾപ്പെടെ നഷ്ടപ്പെട്ടതായും പോലീസ് പറഞ്ഞു.

ഷൊർണൂർ ഡിവൈഎസ്‌പി സാജു എബ്രഹാമിന്റെ നേതൃത്വത്തിൽ ഒറ്റപ്പാലം ഇൻസ്പെക്ടർ അജീഷിനാണ് അന്വേഷണച്ചുമതല.

സ്ഥലത്ത് ഡോഗ് സ്‌ക്വാഡും ഫോറൻസിക് വിദഗ്ധരും പരിശോധന നടത്തി. പരിക്കേൽക്കാനിടയായ സാഹചര്യത്തെക്കുറിച്ച് പോലീസ് അന്വേഷിച്ചുവരികയാണെന്ന് ഡിവൈ.എസ്‌.പി. സാജു എബ്രഹാം പറഞ്ഞു.

Content Highlights: CPM leader and library secretary Jinesh found severely injured near Manisseri library. Initial accident assumption changed to suspected assault. Police investigation underway.