മംഗളൂരു കുക്കർ ബോംബ് സ്‌ഫോടനക്കേസ്; മുഖ്യപ്രതി മുഹമ്മദ് ഷരീഖിന് 10 വർഷം കഠിനതടവ്

ബെംഗളൂരു: മംഗളൂരു കുക്കർ ബോംബ് സ്‌ഫോടനക്കേസിൽ മുഖ്യപ്രതി മുഹമ്മദ് ഷരീഖിനെ പത്തുവർഷം കഠിനതടവിന് ശിക്ഷിച്ച് ബെംഗളൂരുവിലെ എൻ.ഐ.എ.യുടെ പ്രത്യേക കോടതി. 94,000 രൂപ പിഴയടയ്ക്കാനും കോടതി ഉത്തരവിട്ടു. യു.എ.പി.എ. നിയമത്തിലെ വകുപ്പുകൾ ഉൾപ്പെടെ ചുമത്തിയാണ് ശിക്ഷ വിധിച്ചത്.
2022 നവംബർ 19-ന് മംഗളൂരുവിനടുത്ത് കങ്കനാടിയിലാണ് സ്‌ഫോടനമുണ്ടായത്. പ്രഷർകുക്കറിൽ സ്ഥാപിച്ച ബോംബ് മുഹമ്മദ് ഷരീഖ് ഓട്ടോറിക്ഷയിൽ കൊണ്ടുപോകുന്നതിനിടെ പൊട്ടിത്തെറിക്കുകയായിരുന്നു. കദ്രി മഞ്ജുനാഥക്ഷേത്രത്തിൽ ബോംബ് സ്ഥാപിക്കാൻ പോകുന്നതിനിടെയാണ് പൊട്ടിത്തെറിച്ചതെന്ന് അന്വേഷണത്തിൽ കണ്ടെത്തി.
ഭീകരവാദസംഘടനയുമായി ബന്ധമുള്ളയാളാണ് ഷരീഖ് എന്നും കണ്ടെത്തി. സ്‌ഫോടനത്തിൽ മുഹമ്മദ് ഷരീഖിനും ഓട്ടോറിക്ഷാ ഡ്രൈവർ പുരുഷോത്തം പൂജാരിക്കും പരിക്കേറ്റു. മൂന്നുമാസത്തെ ചികിത്സയ്ക്കുശേഷം എൻ.ഐ.എ. ഉദ്യോഗസ്ഥർ ഷരീഖിനെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. പിന്നീട് അന്വേഷണം പൂർത്തിയാക്കി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു.
കേസിലെ വാദത്തിനിടെ മുഹമ്മദ് ഷരീഖ് കോടതിയിൽ കുറ്റം സമ്മതിച്ചിരുന്നു. തിങ്കളാഴ്ച ശിക്ഷ വിധിക്കുന്നതിനുമുൻപ് ശിക്ഷ കുറയ്ക്കണമെന്ന് ഷരീഖിന്റെ അഭിഭാഷകൻ വാദിച്ചു. ഇയാൾക്ക് ഒരു മകളുണ്ടെന്നും കുടുംബത്തിന്റെ വരുമാനദാതാവാണെന്നും പറഞ്ഞു. ഇത് കണക്കിലെടുത്ത കോടതി പത്തുവർഷം കഠിനതടവ് ശിക്ഷ വിധിക്കുകയായിരുന്നു. ശിവമോഗയിലെ തീർഥഹള്ളി സ്വദേശിയാണ് മുഹമ്മദ് ഷരീഖ്.
Content Highlights: Main accused Mohammed Shariq sentenced to 10 years rigorous imprisonment. Court imposed a fine of ₹94,000 under UAPA provisions. The 2022 blast occurred in an autorickshaw near Kankanady. Investigation revealed plans to target the Kadri Manjunatha Temple. Accused pleaded guilty during court proceedings.