മാനന്തവാടിയിൽ വനിതാ എസ്.ഐ.യെ ആക്രമിച്ച് പരിക്കേൽപ്പിച്ചു; മൂന്നുപേർ അറസ്റ്റിൽ

#ന്യൂസ് ഡെസ്ക്
അറസ്റ്റിലായവര്‍
അറസ്റ്റിലായവര്‍

മാനന്തവാടി: മാനന്തവാടി പോലീസ് സ്റ്റേഷനിലെ വനിതാ സബ് ഇൻസ്പെക്ടറെ ആക്രമിച്ചെന്ന പരാതിയിൽ കാപ്പക്കേസ് പ്രതിയുൾപ്പെടെ മൂന്നുപേർ അറസ്റ്റിൽ. ഇടുക്കി അടിമാലി കടവനപ്പുഴ വീട്ടിൽ കെ.എ. അഭിജിത്ത് (26), തരുവണ പൊരുന്നന്നൂർ വെങ്ങച്ചിനി വീട്ടിൽ എസ്. അശ്വന്ത് (21), ഇടുക്കി ആനവിരട്ടി കടയൻവീട്ടിൽ ബിൽജു സാജു (26) എന്നിവരെയാണ് മാനന്തവാടി പ്രിൻസിപ്പൽ എസ്.ഐ. കെ. സിൻഷ അറസ്റ്റു ചെയ്തത്. മൂവരെയും മാനന്തവാടി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് (രണ്ട്) റിമാൻഡ് ചെയ്തു.

കാപ്പക്കേസിൽ നിയമനടപടിക്ക് വിധേയനായ അഭിജിത്ത് ഗുരുവായൂർ ടെമ്പിൾ, തിരുനെല്ലി, വെള്ളത്തൂവൽ, മാനന്തവാടി പോലീസ് സ്റ്റേഷനുകളിലെ കേസുകളിൽ പ്രതിയാണെന്ന് പോലീസ് പറഞ്ഞു. മാനന്തവാടി പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ കോടതി ജാമ്യത്തിൽ കഴിഞ്ഞുവരുകയായിരുന്നു. ബിൽജു സാജു അടിമാലി സ്റ്റേഷനിൽ ലഹരിക്കേസിലെ പ്രതിയാണ്. വനിതാ എസ്.ഐ.യെ ആക്രമിച്ചുപരിക്കേൽപ്പിച്ചതിനും പോലീസിന്റെ ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിനുമാണ് കേസ്.

തിങ്കളാഴ്ച വൈകീട്ട് മാനന്തവാടി കെ.ടി. കവലയിലായിരുന്നു സംഭവം. കഴിഞ്ഞ ഏപ്രിലിൽ മാനന്തവാടിയിലെ ഓട്ടോഡ്രൈവറെ മർദിച്ച് പണം കവർന്നയാൾ വാഹനത്തിൽ വരുന്നുണ്ടെന്ന രഹസ്യവിവരത്തെത്തുടർന്നാണ് വനിതാ എസ്.ഐ.യുടെ നേതൃത്വത്തിലുള്ള സംഘം വാഹനപരിശോധന നടത്തിയത്. ഇതിനിടയിൽ ഓട്ടോഡ്രൈവറെ മർദിച്ചയാൾ വഴിയിലെവിടെയോ ഇറങ്ങിയിരുന്നു. വാഹനം പോലീസ് കൈകാണിച്ചെങ്കിലും നിർത്തിയില്ല. പിന്തുടർന്ന പോലീസ് വാഹനം തടഞ്ഞുനിർത്തി പരിശോധന നടത്താൻ ശ്രമിക്കവേ കാറിലുണ്ടായിരുന്ന മൂവരും വനിതാ എസ്.ഐ.യെ തള്ളിമാറ്റുകയായിരുന്നു. എസ്.ഐ.യുടെ കൈക്കുഴയ്ക്കും ഷോൾഡറിനും പരിക്കുണ്ട്. പോലീസ് കസ്റ്റഡിയിലെടുത്ത കാറിന്റെ സീറ്റിനടിയിൽ ഒളിപ്പിച്ചനിലയിൽ കത്തി കണ്ടെത്തിയിട്ടുണ്ട്. ഓട്ടോഡ്രൈവറെ മർദിച്ചയാളെ പിടികൂടാൻ സാധിച്ചിട്ടില്ലെന്നും അന്വേഷണം ഊർജിതമാക്കിയതായും പോലീസ് പറഞ്ഞു.

Content Highlights: Three suspects arrested for assaulting a female Sub-Inspector in Mananthavady., The accused include a known KAAPA case offender and a drug case suspect., The incident occurred during a vehicle inspection targeting a robbery suspect., Police recovered a knife hidden inside the suspects' vehicle., The female SI sustained injuries to her wrist and shoulder during the altercation