തൊടുപുഴയിൽ കാണാതായ ആളെ കൊലപ്പെടുത്തി? മൃതദേഹം ഗോഡൗണിലെ മാൻഹോളിൽ ഒളിപ്പിച്ചെന്ന് മൊഴി

തൊടുപുഴ(ഇടുക്കി): ചുങ്കത്ത് നിന്ന് മൂന്നുദിവസം മുമ്പ് കാണാതായ ആളെ കൊലപ്പെടുത്തിയതായി സംശയം. ചുങ്കം സ്വദേശി ബിജു ജോസഫിനെയാണ് കാണാതായത്. കലയന്താനിക്ക് സമീപം ദേവമാതാ കാറ്ററിങ് എന്ന സ്ഥാപനം നടത്തുന്ന ആളുടെ ഗോഡൗണിലെ മാൻഹോളിൽ മൃതദേഹം ഒളിപ്പിച്ചെന്നാണ് പോലിസിൽനിന്നും ലഭിക്കുന്ന വിവരം. സംഭവത്തിൽ മൂന്നുപേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവരെ ഗോഡൗണിലേക്കെത്തിച്ച് പരിശോധന ആരംഭിച്ചു.
എറണാകുളം പറവൂരിൽനിന്ന് ഒളിവിൽപോയ കാപ്പ കേസ് പ്രതിക്കായി നടത്തിയ തിരച്ചിലാണ് ബിജു ജോസഫിന്റെ കേസിൽ വഴിത്തിരിവായത്. കാപ്പ കേസ് പ്രതിയുടെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിൽ, ബിജു ജോസഫിന്റെ മൃതദേഹം ഉണ്ടെന്നു കരുതുന്ന ഗോഡൗണിൽനിന്ന് ഇയാളെ പിടികൂടുകയായിരുന്നു.
ഇതിനിടെയാണ് ബിജുവിനെ കാണാനില്ലെന്ന പരാതി കുടുംബം നൽകിയത്. സംഭവത്തിൽ പങ്കുണ്ടെന്ന് കുടുംബം സംശയിക്കുന്നവരുടെ കൂട്ടത്തിൽ ദേവമാതാ കാറ്ററിങ് നടത്തുന്ന ജോമോൻ എന്നയാളുടെയും പേരുണ്ടായിരുന്നു. തുടർന്ന് കാപ്പ കേസ് പ്രതിയെ ചോദ്യം ചെയ്തതോടെയാണ് ബിജു ജോസഫിനെ കൊലപ്പെടുത്തിയെന്ന വിവരം പോലീസിന് ലഭിച്ചത്. മൃതദേഹം ഒളിപ്പിച്ച സ്ഥലം സംബന്ധിച്ച് മൊഴി മാറ്റിയെങ്കിലും ഗോഡൗണിൽതന്നെ ഉണ്ടാകുമെന്ന നിഗമനത്തിലാണ് അന്വേഷണസംഘം.
കൊല്ലപ്പെട്ട ബിജു ജോസഫിനും പ്രതികളെന്ന് സംശയിക്കുന്നവരിൽ ഒരാളും തമ്മിൽ പങ്കാളികളായിരുന്നു. 'ദേവമാതാ' എന്ന എന്ന പേരിലുള്ള കാറ്ററിങ് സ്ഥാപനവും മൊബൈൽ മോർച്ചറിയും ഇവർ നടത്തിയിരുന്നു. എന്നാൽ പിന്നീട് ഇരുവരും തമ്മിൽ ബിസിനസ് പങ്കാളിത്തത്തിന്റെ പേരിൽ സാമ്പത്തിക തർക്കങ്ങൾ ഉണ്ടായി. കോടതിയിൽ കേസും നിലനിന്നിരുന്നു. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്നാണ് വിവരം.
Content Highlights: Man who went missing three days ago suspected of being murdered