ഒരേറിന് 1000 രൂപ പ്രതിഫലം; ജയിലിലേക്ക് ഫോണും ലഹരിവസ്തുക്കളും എറിഞ്ഞുകൊടുത്തയാൾ പിടിയിൽ

പ്രതീകാത്മക ചിത്രം | Photo: Canva
പ്രതീകാത്മക ചിത്രം | Photo: Canva

കണ്ണൂർ: സെൻട്രൽ ജയിലിലേക്ക് മൊബൈൽ ഫോണും ലഹരി ഉത്പന്നങ്ങളും എറിഞ്ഞുകൊടുക്കുന്നതിനിടെ ഒരാൾ പിടിയിൽ. പുതിയതെരു പനങ്കാവ് ശങ്കരൻകടയ്ക്ക് സമീപം കൊമ്പൻ ഹൗസിൽ കെ.അക്ഷയി (27)നെയാണ് ടൗൺ പോലീസ് അറസ്റ്റുചെയ്തത്. കൂടെയുണ്ടായിരുന്ന രണ്ടുപേർ ഓടിരക്ഷപ്പെട്ടു.

ജയിലിലേക്ക്‌ ലഹരി ഉത്പന്നങ്ങൾ എറിഞ്ഞുകൊടുക്കുന്നതിന് 1,000 രൂപ പ്രതിഫലം ലഭിക്കുന്നുണ്ടെന്ന് പ്രതി പോലീസിനോട് സമ്മതിച്ചു. ഞായറാഴ്ച വൈകിട്ട് അഞ്ചോടെ ജില്ലാ ജയിലിന്റെ സമീപമുള്ള ഔഷധത്തോട്ടത്തിനടുത്ത മതിലിന് മുകളിലൂടെ ചാക്കിൽ കെട്ടിയ ലഹരി ഉത്പന്നങ്ങളും മൊബൈൽ ഫോണും സെൻട്രൽ ജയിലിനകത്തേക്ക് എറിഞ്ഞുനൽകാൻ ശ്രമിക്കവെ ജയിൽ ജീവനക്കാരുടെ ശ്രദ്ധയിൽപ്പെടുകയായിരുന്നു.

അക്ഷയിനെ പിടിച്ചെങ്കിലും കൂടെയുണ്ടായിരുന്ന മറ്റു രണ്ടുപേർ പിറകുവശത്തിലൂടെ ഓടിരക്ഷപ്പെട്ടു. 22 കെട്ട് ബീഡി, അഞ്ച് പാക്കറ്റ് ഹാൻസ്, ഒരു മൊബൈൽ ഫോൺ എന്നിവയാണ് കണ്ടെടുത്തത്. താഴെ വീണ് നശിക്കാതിരിക്കാൻ മൊബൈൽ ഫോൺ പ്ലാസ്റ്റിക് സഞ്ചിയിൽ പൊതിഞ്ഞ് ഭദ്രമാക്കിയിരുന്നു. വിവരമറിയിച്ചതിനെ തുടർന്ന് പോലീസ് ജയിലിലെത്തി അക്ഷയിനെ അറസ്റ്റ്‌ ചെയ്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

തടവുകാരുടെ സെല്ലിൽനിന്ന്‌ മൊബൈൽ ഫോണുകളും നിരോധിത ഉത്പന്നങ്ങളും പിടികൂടുന്നത് വർധിച്ചിട്ടുണ്ട്‌. ജയിൽ ഡിെഎജിയുടെ സന്ദർശദിവസവും മൊബൈൽ ഫോൺ പിടിച്ചിരുന്നു.

ജയിലിൽ നിരോധിതസാധനങ്ങൾ സ്ഥിരമായി എത്തിക്കുന്ന സംഘത്തിലെ കണ്ണിയെയാണ് ഞായറാഴ്ച പിടികൂടിയത്. കഴിഞ്ഞ ദിവസം അറസ്റ്റിലായ കെ.അക്ഷയിനെ പോലീസ് വിശദമായി ചോദ്യം ചെയ്തു. ഇയാളിൽനിന്ന്‌ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ പരിശോധനയിൽ കക്കാട് കുഞ്ഞിപ്പള്ളിയിലെ ഒരു വാടകമുറിയിൽനിന്ന് ലഹരി ഉത്പന്നങ്ങൾ പോലീസ് കണ്ടെടുത്തു. തടവുകാരുടെ സുഹൃത്തുക്കൾ വഴിയാണ് ‘സാധനങ്ങൾക്ക് ഓർഡർ’ നൽകുന്നത്. എല്ലാ രാഷ്ട്രീയപാർട്ടികളിലുംപെട്ട തടവുകാർക്ക് സാധനങ്ങൾ എത്തിക്കുന്നുണ്ടെന്നാണ് പോലീസ് പറയുന്നത്.

അന്വേഷണം ഊർജിതമാക്കിയതായി ടൗൺ പോലീസ് ഇൻസ്പെക്ടർ ശ്രീജിത്ത് കൊടേരി പറഞ്ഞു.

Content Highlights: man who throw drugs and phone into jail arrested