അമ്മയെ തീ കൊളുത്തി കൊലപ്പെടുത്തിയ സംഭവം; മെൽവിൻ സ്ഥിരം മദ്യപാനി, ആരോടും മിണ്ടാത്ത പ്രകൃതം

കാസർകോട്: മഞ്ചേശ്വരത്ത് അമ്മയെ തീ കൊളുത്തി കൊലപ്പെടുത്തിയ കേസിൽ പിടിയിലായ മെൽവിൻ മൊന്തേരോ കുറച്ചു നാളുകളായി സ്ഥിരമായി മദ്യപിക്കാറുണ്ടായിരുന്നു. പക്ഷേ ആരോടും അടിപിടിക്കോ ബഹളത്തിനോ പോയതായി നാട്ടുകാർക്കും അറിയില്ല. പോലീസും ഇത് ശരിവെക്കുന്നുണ്ട്. നിർമാണത്തൊഴിലാളിയായ മെൽവിന് കുറെയായി ജോലിയില്ലായിരുന്നു. ഇതോടെ ആരോടും സംസാരിക്കാറുപോലുമില്ലെന്നാണ് നാട്ടുകാർ പറയുന്നത്. അയൽവാസികളോട് പോലും നേരിൽ സംസാരിക്കുന്നതും അപൂർവമായിരുന്നു. കൈയിൽ പണമില്ലാത്തപ്പോഴും സ്ഥിരമായി മദ്യപിച്ച് വീട്ടിൽ പോകുന്നത് ശ്രദ്ധയിൽപ്പെട്ടിരുന്നെങ്കിലും ഇങ്ങനെ കൊലപാതകം നടത്താനുള്ള കാരണമെന്തെന്നതിലാണ് വ്യക്തത വരേണ്ടത്.
ആരോടും മിണ്ടാതെ, വിഷാദരോഗത്തിനടിപ്പെട്ടത് പോലെയായിരുന്നു മെൽവിന്റെ പെരുമാറ്റമെന്നാണ് നാട്ടുകാരിൽനിന്ന് പോലീസിന് ലഭിക്കുന്ന വിവരം. കടുത്ത മാനസികസംഘർഷം അനുഭവിച്ചിരുന്നോയെന്നും സംശയിക്കുന്നുണ്ട്. അമ്മയും മകനും തമ്മിൽ മറ്റു അസ്വാരസ്യങ്ങളുള്ളതായോ വീട്ടിൽ വഴക്കുള്ളതായോ ആർക്കുമറിയില്ല. മെൽവിനെ ചോദ്യം ചെയ്യുന്നതിലൂടെ കൊലപാതകത്തിലേക്ക് നയിച്ച കാരണത്തിൽ വ്യക്തതവരുമെന്നാണ് പോലീസ് പ്രതീക്ഷിക്കുന്നത്.
മഞ്ചേശ്വരത്ത് അമ്മയെ തീകൊളുത്തികൊന്ന കേസില്‍ മകന് അറസ്റ്റില്‍; പിടിയിലായത് ഉഡുപ്പിയില്‍വെച്ച്
മെൽവിനെ പിടികൂടിയതിങ്ങനെ
മെൽവിൻ മുങ്ങിയതാണെന്ന് മനസ്സിലാക്കിയ പോലീസ് അയാൾ പോകാൻ സാധ്യതയുള്ള സ്ഥലങ്ങളിലെല്ലാം പരിശോധന നടത്തി. നേരത്തെ ജോലി ചെയ്തിരുന്നിടത്തെ സുഹൃത്തുക്കളെയുൾപ്പെടെ കണ്ടു. ഇടയ്ക്കിടെ മെൽവിന്റെ ടവർ ലൊക്കേഷനും നിരീക്ഷിച്ചുകൊണ്ടിരുന്നു. സംഭവത്തിനുശേഷം ഓട്ടോയിൽ മഞ്ചേശ്വരത്തെത്തിയ ശേഷം മംഗളൂരു ഭാഗത്തേക്ക് പോയിട്ടുണ്ടെന്ന് മനസ്സിലാക്കിയ പോലീസ് ആ വഴിക്ക് അന്വേഷണം തിരിച്ചുവിട്ടു.
കുറച്ചുനാളുകളായി ജോലിയില്ലാത്തതിനാൽ കർണാടകയിലെ ക്വാറികളിൽ ജോലിതേടി പോകാനുള്ള സാധ്യത മെൽവിനുമായി പരിചയമുള്ളവർ സൂചിപ്പിച്ചു.
അങ്ങനെയാണ് ഉഡുപ്പി, കുന്താപുരം ഭാഗങ്ങളിലേക്കും തിരച്ചിൽ നീട്ടിയത്. കൈയിൽ പണമില്ലെന്ന് ഉറപ്പായതിനാൽ അത്ര വേഗം പ്രതിക്ക് ഒരിടത്തുനിന്ന് മറ്റൊരിടത്തേക്ക് പോകാൻ സാധിക്കില്ലെന്നും കണക്കാക്കി.
ഇതിനിടെ ഇടക്കിടെ മെൽവിന്റെ ഫോൺ ഓഫ് ചെയ്യുന്നതും ശ്രദ്ധയിൽപ്പെട്ടു. ഓരോ സമയത്തും ഫോൺ ഓൺ ആകുമ്പോൾ കാണുന്ന ലൊക്കേഷന്റെ ദിശ മനസ്സിലാക്കി പോലീസ് നീങ്ങിയതോടെയാണ് ബൈന്ദൂരിനടുത്തുനിന്ന് ഇയാൾ പിടിയിലായത്.
Content Highlights: Melvin seems to have no social circle , drinks everyday; Man arrested for setting mother on fire