ഭാര്യ വിവാഹമോചനം നേടി പോയി; രോഷാകുലനായ 67-കാരന്‍ മെട്രോ ട്രെയിനില്‍ തീയിട്ടു | വീഡിയോ

സോൾ സബ്‍വേ മെട്രോ ട്രെയിനിൽ പെട്രോളൊഴിക്കുന്നതിന്റേയും തുടർന്ന് തീ ആളിപ്പടരുന്നതിന്റേയും സിസിടിവി ദൃശ്യങ്ങൾ | Photos: Screen grabs / Twitter video
സോൾ സബ്‍വേ മെട്രോ ട്രെയിനിൽ പെട്രോളൊഴിക്കുന്നതിന്റേയും തുടർന്ന് തീ ആളിപ്പടരുന്നതിന്റേയും സിസിടിവി ദൃശ്യങ്ങൾ | Photos: Screen grabs / Twitter video

ഇഷ്ടമല്ലാത്ത ദാമ്പത്യബന്ധത്തില്‍ നിന്നുള്ള മോചനമായാണ് പലരും വിവാഹമോചനത്തെ കാണുന്നത്. എന്നാല്‍ ഒരു വിവാഹമോചനം നൂറുകണക്കിന് പേരുടെ ജീവിതം അപകടത്തിലാക്കിയ സംഭവമാണ് ദക്ഷിണ കൊറിയയില്‍ നടന്നത്. സംഗതി ഒട്ടും തമാശയല്ലെങ്കിലും കേള്‍ക്കുമ്പോള്‍ ചിരിവരുന്ന ഈ സംഭവത്തിലെ 'താരം' ഒരു 67-കാരനാണ്. കക്ഷിയുടെ ഭാര്യ വിവാഹമോചനം നേടി പോയതിന്റെ രോഷം അദ്ദേഹം തീര്‍ത്തത് വിചിത്രമായ രീതിയില്‍ ജനങ്ങളെ അപകടത്തിലാക്കിക്കൊണ്ടാണ്. 

ദക്ഷിണ കൊറിയയുടെ തലസ്ഥാനമായ സോളില്‍ മേയ് 31-നാണ് സംഭവമുണ്ടായത്. സോള്‍ സബ്‌വേയുടെ ലൈന്‍ അഞ്ചിലെ ട്രെയിന്‍ കടലിന് അടിയിലൂടെയുള്ള തുരങ്കത്തില്‍ സഞ്ചരിക്കുകയായിരുന്നു. ഇതിനിടെയാണ് വോണ്‍ എന്ന 67-കാരന്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ പെട്രോളൊഴിക്കുകയും തീകൊളുത്തുകയും ചെയ്തത്. ഭാര്യ വിവാഹമോചനം നേടിയതിന്റെ നിരാശയെ തുടര്‍ന്ന് രോഷാകുലനായാണ് ഇയാള്‍ ഇത് ചെയ്തതെന്ന് അധികൃതര്‍ പറഞ്ഞു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.  

സംഭവത്തില്‍ നിരവധി യാത്രക്കാര്‍ക്ക് പൊള്ളലേറ്റു. 129 പേരാണ് അടിയന്തര ചികിത്സ തേടിയതെന്നാണ് അധികൃതര്‍ പറഞ്ഞത്. പ്രതിയായ 67-കാരനും പുക ശ്വസിച്ചതിനെ തുടര്‍ന്ന് ചികിത്സ തേടി. മെട്രോ ട്രെയിനിന്റെ കോച്ചുകള്‍ക്കും വലിയ തകരാറാണുണ്ടായത്. 33 കോടി വോണ്‍ അഥവാ രണ്ട് കോടി ഇന്ത്യന്‍ രൂപയുടെ നഷ്ടമാണ് പൊതുമുതലിനുണ്ടായതെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു. 

പ്രതി വോണിനെതിരെ കൊലപാതകശ്രമം, ഓടുന്ന വണ്ടിക്ക് തീയിടല്‍, റെയില്‍വേ സുരക്ഷാ നിയമത്തിന്റെ ലംഘനം എന്നീ വകുപ്പുകള്‍ ചുമത്തി കേസെടുത്തുവെന്ന് സോള്‍ സതേണ്‍ ഡിസ്ട്രിക്ട് പ്രോസിക്യൂട്ടറുടെ ഓഫീസ് അറിയിച്ചു. ഭാവിയില്‍ ഇത്തരം സംഭവങ്ങളുണ്ടാകില്ല എന്നുറപ്പുവരുത്താനായി വിശദമായ അന്വേഷണം അധികൃതര്‍ തുടരുകയാണ്. 

Content Highlights: Seoul man frustrated over divorce sets fire to subway. Video goes viral