യുവതിയുടെ മരണത്തിൽ യൂത്ത് കോൺഗ്രസ് നേതാവിനെ കുടുക്കി ഭർത്താവിനെ രക്ഷിക്കാൻ അട്ടിമറി; പോലീസിന്റെ ഒത്തുകളി വെളിപ്പെടുത്തി CCTV ദൃശ്യങ്ങൾ

#കണ്ണൻ നായർ | മാതൃഭൂമി ന്യൂസ്
സി.സി.ടി.വി.യിൽ നിന്നുള്ള ദൃശ്യം
സി.സി.ടി.വി.യിൽ നിന്നുള്ള ദൃശ്യം

ഏനാത്ത്: കൊല്ലം കടമ്പനാട്ട് യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി പ്രതിയായ ആത്മഹത്യാ പ്രേരണക്കേസിൽ പോലീസിന്റെ വീഴ്ച തെളിയിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത്. കടമ്പനാട് സ്വദേശിയായ യുവതിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് ഏനാത്ത് പോലീസ് ഗുരുതരമായ വീഴ്ച വരുത്തുകയും കേസ് അട്ടിമറിക്കാനുള്ള ശ്രമങ്ങൾ നടത്തിയതും തെളിയിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നത്.

ഏനാത്ത് മുൻ സി.ഐ.യും അന്നത്തെ എസ്.ഐയും തമ്മിൽ സംസാരിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നിട്ടുള്ളത്. യുവതിയുടെ മുഖത്തടക്കം ക്രൂരമായി മർദ്ദനമേറ്റ പാടുകളുണ്ടെന്ന് സി.ഐ, എസ്.ഐയോട് പറയുന്നത് സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്. എന്നാൽ ഭർത്താവ് അനിൽ കുമാറിന്റെ മൊഴി രേഖപ്പെടുത്തിയപ്പോൾ ഈ വിവരം ഉൾപ്പെടുത്തിയിട്ടില്ല. കേസിൽ പോലീസ് ഉൾപ്പെട്ട ഗൂഡാലോചന നടന്നിട്ടുണ്ട് എന്നാണ് ആരോപണം.

കേസിൽ യൂത്ത് കോൺഗ്രസിന്റെ സംസ്ഥാന സെക്രട്ടറി സുഹൈൽ അൻസാരിയെ മനപൂർവം പ്രതിയാക്കാനുള്ള ശ്രമം പോലീസിന്റെ ഭാഗത്തുനിന്നും ഉണ്ടായി എന്ന ആക്ഷേപവും ഉയരുന്നുണ്ട്. ഫെബ്രുവരി 14-ന് രാത്രി 10 മണിയോടെയാണ് സി.ഐ.യും എസ്.ഐ.യും തമ്മിൽ ഇതിനെക്കുറിച്ച് സംസാരിക്കുന്നത്. പിന്നീടാണ് ഇൻക്വസ്റ്റ് റിപ്പോർട്ട് അടക്കമുള്ളവ തയ്യാറാക്കിയത്. അതിനെല്ലാം ശേഷമാണ് അനിൽ കുമാറിന്റെ മൊഴി രേഖപ്പെടുത്തിയത്.

എന്നാൽ ഇൻക്വസ്റ്റ് റിപ്പോർട്ടിലോ ഭർത്താവിന്റെ മൊഴി രേഖപ്പെടുത്തിയപ്പോഴോ പോലീസ് ഈ വിവരങ്ങൾ ഉൾപ്പെടുത്തിയില്ല. യുവതിക്ക് ഭർത്താവിൽനിന്നും ക്രൂരമായി മർദനമേറ്റിട്ടുണ്ട് എന്ന വിവരം വ്യക്തമായിരുന്നിട്ടും പരാതിയുമായി എത്തിയ ഭർത്താവിനെ ചോദ്യം ചെയ്യുന്നതിന് പകരം ഭർത്താവിനെ സംരക്ഷിച്ചുകൊണ്ട് സുഹൈൽ അൻസാരിയെ പ്രതിയാക്കുന്ന നിലപാടാണ് പോലീസ് സ്വീകരിച്ചത്.

മരണപ്പെട്ട യുവതിയും സുഹൈൽ അൻസാരിയും ഒരേ സ്‌കൂളിലെ ജീവനക്കാരായിരുന്നു. ഇരുവരും തമ്മിലുള്ള സൗഹൃദം മുൻനിർത്തി ഭർത്താവ് ഉന്നയിച്ച ആക്ഷേപങ്ങൾ മാത്രം അടിസ്ഥാനമാക്കിയാണ് പോലീസ് അന്വേഷണം മുന്നോട്ട് കൊണ്ടുപോയതും സുഹൈൽ അൻസാരിയെ പ്രതിയാക്കിയതും. ഇതേത്തുടർന്ന് 45 ദിവസമാണ് സുഹൈൽ അൻസാരിക്ക് ജയിലിൽ കഴിയേണ്ടി വന്നത്. പിന്നീടാണ് കേസിന്റെ അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്തത്.

മകളുടെ മരണത്തിന് കാരണം ഭർത്താവിന്റെ മർദനമാണെന്ന് കാണിച്ച് യുവതിയുടെ പിതാവ് ഏനാത്ത് പോലീസ് സ്റ്റേഷനിൽ നൽകിയ രേഖാമൂലമുള്ള പരാതി പോലീസ് മുക്കുകയായിരുന്നു. തുടർന്ന് സുഹൈൽ അൻസാരി നടത്തിയ നിയമപോരാട്ടത്തിനൊടുവിലാണ് കേസ് ക്രൈം ബ്രാഞ്ച് ഏറ്റെടുത്തത്. പിന്നാലെ അവർ നടത്തിയ അന്വേഷണത്തിലാണ് യഥാർത്ഥ വിവരങ്ങൾ പുറത്തുവന്നത്.

ഭർത്താവ് അനിൽകുമാർ യുവതിയെ നിരന്തരമായി, ക്രൂരമായി മർദ്ദിച്ചിരുന്നു എന്നാണ് ക്രൈംബ്രാഞ്ചിന്റെ അന്വേഷണത്തിൽ കണ്ടെത്തിയത്. മാത്രമല്ല, ഇൻക്വസ്റ്റ് റിപ്പോർട്ടുകൾ പ്രകാരം യുവതിക്ക് മരണത്തിന് തൊട്ടുമുമ്പ് ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ ആഴത്തിൽ മർദ്ദനമേറ്റിരുന്നതായും തെളിഞ്ഞിട്ടുണ്ട്. മർദനം നടന്ന സമയത്ത് സുഹൈൽ അൻസാരി അവിടെയുണ്ടായിരുന്നില്ലെന്നും ഭർത്താവ് മാത്രമാണ് ഒപ്പമുണ്ടായിരുന്നതെന്നും അന്വേഷണത്തിൽ വ്യക്തമായി.

തുടർന്നാണ് അനിൽകുമാറിനെ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തത്. ഇയാൾ നിലവിൽ റിമാൻഡിലാണ്. കേസിലെ വസ്തുതകളെല്ലാം മറച്ചുവെച്ച് ബോധപൂർവ്വം കേസ് അട്ടിമറിക്കാൻ ശ്രമിച്ച പോലീസ് ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണം ആരംഭിക്കുമെന്നാണ് വിവരം. 

Content Highlights: CCTV footage reveals police misconduct in a suicide case involving a Youth Congress state secretary, showing attempts to manipulate the investigation and protect the victim's husband. The police initially accused Suhail Ansari, a colleague of the deceased, based on the husband's allegations, leading to Ansari's wrongful imprisonment for 45 days until the Crime Branch took over the investigation. The Crime Branch found evidence of severe domestic abuse by the husband, Anil Kumar, leading to his arrest, and an investigation into police officers' deliberate case manipulation is underway.