ജീവനെടുത്ത പരസ്യചിത്രീകരണം; പോലീസിനെ തെറ്റിദ്ധരിപ്പിക്കാന്‍ നീക്കം, നിര്‍ണായക തെളിവ് കാണാമറയത്ത്

കോഴിക്കോട്: വെള്ളയില്‍ പ്രമോഷന്‍ റീല്‍സ് വീഡിയോ ചിത്രീകരിക്കുന്നതിനിടെ ഇരുപതുകാരന്‍ മരിച്ച കേസില്‍ പോലീസിനെ തെറ്റിദ്ധരിപ്പിക്കാന്‍ കാര്‍ ഡീറ്റെയിലിങ് സ്ഥാപന ഉടമകള്‍ നടത്തിയത് ആസൂത്രിത നീക്കം. യുവഛായാഗ്രാഹകനും പ്രൊമോഷനല്‍ വീഡിയോ നിര്‍മ്മാതാവുമായ വടകര കടമേരി സ്വദേശി ആല്‍വിന്റെ മരണം സ്ഥിരീകരിച്ചതോടെ അപകടമുണ്ടാക്കിയ കാറിന്റെ വിവരം മറച്ചുവെക്കാനുള്ള നീക്കമാണ് നടന്നത്.
പോലീസ് രജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആറില്‍ കേരള രജിസ്‌ട്രേഷനുള്ള ആഡംബരകാറിന്റെ നമ്പറാണ് രേഖപ്പെടുത്തിയിരുന്നത്. എന്നാല്‍, ഈ വാഹനത്തിനൊപ്പം ഉണ്ടായിരുന്ന തെലങ്കാന രജിസ്‌ട്രേഷന്‍ കാറാണ് അപകടമുണ്ടാക്കിയതെന്ന് വൈകീട്ടോടെ പോലീസിന് സംശയമുണ്ടായി. തുടര്‍ന്ന് കോഴിക്കോട് ആര്‍.ടി.ഒ. പി.എ. നസീറും എന്‍ഫോഴ്‌സ്‌മെന്റ് ആര്‍.ടി.ഒ. സി.എസ്. സന്തോഷ് കുമാറും സ്റ്റേഷനിലെത്തി ചിത്രീകരണത്തില്‍ ഏര്‍പ്പെട്ട രണ്ട് കാറുകളും പരിശോധിച്ചു.
ഇതില്‍ തെലങ്കാന രജിസ്‌ട്രേഷന്‍ കാറിന്റെ മുന്‍വശത്തെ ക്രാഷ്ഗാര്‍ഡിലും ബോണറ്റിലും അപകടമുണ്ടാക്കിയതിന്റെ തെളിവുകള്‍ കണ്ടെത്തി. ഇതിനിടെ വെള്ളയില്‍ പോലീസ് സ്റ്റേഷന്റെ വടക്കുഭാഗത്തുള്ള ചെരുപ്പ് മൊത്തവില്‍പ്പന കേന്ദ്രത്തിലെ സി.സി.ടി.വി.യില്‍ നിന്ന് തെലങ്കാന രജിസ്‌ട്രേഷന്‍ കാര്‍ ആല്‍വിനെ ഇടിച്ചു തെറിപ്പിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ലഭിച്ചു. തുടര്‍ന്നാണ് ഡ്രൈവറെ അറസ്റ്റു ചെയ്യാനുള്ള നടപടികളിലേക്ക് വെള്ളയില്‍ ഇന്‍സ്‌പെക്ടര്‍ ബൈജു കെ. ജോസും എസ്.ഐ. ഷിനോബും നീങ്ങിയത്.
എഫ്.ഐ.ആറിലുള്ള കാറിന്റെ വിവരം മാറ്റി മറ്റൊരു കാറാണ് അപകടമുണ്ടാക്കിയതെന്ന് അന്വേഷണത്തില്‍ വ്യക്തമായെന്നുള്ള അനക്‌സ് റിപ്പോര്‍ട്ട് ഫയല്‍ചെയ്യുമെന്ന് അസി. കമ്മിഷണര്‍ ടി. കെ. അഷ്റഫ് പറഞ്ഞു. തെലങ്കാന കാറിന് ഇന്‍ഷുറന്‍സും റോഡ് നികുതിയും ഇല്ലെന്നും ഇത് സംബന്ധിച്ച് ബുധനാഴ്ച ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ക്ക് റിപ്പോര്‍ട്ട് നല്‍കുമെന്നും ആര്‍.ടി.ഒ. അറിയിച്ചു.
നിര്‍ണായക തെളിവ് കാണാമറയത്ത്; മൊബൈല്‍ഫോണ്‍ ഒളിപ്പിച്ചതായി സൂചന
കോഴിക്കോട്: ആല്‍വിന്‍ മരിച്ച കേസില്‍ നിര്‍ണായക തെളിവ് കാണാമറയത്ത്. ആല്‍വിന്റെ മൊബൈലില്‍ ചിത്രീകരണം നടത്തിക്കൊണ്ടിരിക്കേ എതിരേവന്ന രണ്ടു കാറുകളിലൊന്നാണ് ഇടിച്ചതെന്ന് സി.സി.ടി.വി. ദൃശ്യത്തിലൂടെ വ്യക്തമായിട്ടുണ്ട്. എന്നാല്‍, ആ കാര്‍ ഓടിച്ചത് ആരാണെന്ന് വ്യക്തമായില്ല. ആല്‍വിന്റെ മൊബൈലിലെ ദൃശ്യത്തില്‍ ഇത് വ്യക്തമായി കാണാമെന്നാണ് പോലീസിന്റെ നിഗമനം. എന്നാല്‍, അപകടസ്ഥലത്തുനിന്ന് ഈ ഫോണ്‍ അപ്രത്യക്ഷമായി. പ്രതികളെന്നു സംശയിക്കുന്നവര്‍തന്നെയാണ് ഫോണ്‍ ഒളിപ്പിച്ചതെന്നാണ് സംശയം. ഈ ഫോണ്‍ കാറിന്റെ ബോണറ്റില്‍ തട്ടിയതിന്റെ പാട് വ്യക്തമായി പരിശോധനയില്‍ കണ്ടെത്തിയിട്ടുമുണ്ട്.
നിലവില്‍ കസ്റ്റഡിയിലുള്ള സാബിത്ത് റഹ്‌മാന്‍ കല്ലിങ്ങലിനെയും മുഹമ്മദ് റയിസിനെയും അവര്‍ കുറ്റസമ്മതം നടത്താത്ത മുറയ്ക്ക് ബുധനാഴ്ച കോടതിയില്‍ ഹാജരാക്കാനാണ് പോലീസിന്റെ തീരുമാനം. ഇതില്‍ ഒരാള്‍ അപകടമുണ്ടാക്കിയ കാര്‍ ഓടിച്ചയാള്‍ എന്നനിലയ്ക്കും രണ്ടാമന്‍ കുറ്റകൃത്യം മറച്ചുവെച്ചു എന്നനിലയ്ക്കും കുറ്റക്കാര്‍തന്നെയാണെന്നാണ് പോലീസ് പറയുന്നത്. ബുധനാഴ്ച ഫൊറന്‍സിക് സംഘവും കാര്‍ പരിശോധിക്കും.
ബീച്ച് റോഡില്‍ മരണപ്പാച്ചില്‍; തിരക്കേറിയ സമയങ്ങളില്‍ ശ്രദ്ധപിടിച്ചുപറ്റാനുള്ള അഭ്യാസം
കോഴിക്കോട്: ബീച്ച് റോഡില്‍ രൂപമാറ്റംവരുത്തിയ കാറുകളും കാതടപ്പിക്കുന്ന ശബ്ദമുള്ള ഇരുചക്രവാഹനങ്ങളുമുപയോഗിച്ച് യുവാക്കളുടെ മരണപ്പാച്ചില്‍ സ്ഥിരംസംഭവം. തിരക്കേറിയ സമയങ്ങളില്‍ ശ്രദ്ധപിടിച്ചുപറ്റാനായാണ് നിരത്തുകളില്‍ അഭ്യാസം. രാവിലെയും വൈകീട്ടും ആഡംബരവാഹനങ്ങളുമായാണ് ഇവരെത്തുന്നത്. രാവിലെ പ്രഭാതസവാരിക്കെത്തുന്നവര്‍ക്ക് ഇത് ഭീഷണിയാകുന്നുണ്ട്. മത്സരയോട്ടവും സ്ഥിരം സംഭവമാണെന്നും പോലീസ് പറഞ്ഞു.
പോലീസിനെപ്പോലും അവഗണിക്കുന്ന ചില വാഹനങ്ങളുടെ നമ്പര്‍പ്ലേറ്റുകള്‍ മറച്ചിട്ടുണ്ടാവും. ഇരുചക്രവാഹനങ്ങളില്‍ പിന്‍ഭാഗത്ത് ഹെല്‍മെറ്റുവെച്ചാണ് നമ്പര്‍പ്ലേറ്റ് മറയ്ക്കുന്നത്. ഇതിനെതിരേ പരിസരവാസികളും പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. ചിലസമയങ്ങളില്‍ കാറുകളും വലിയ ശബ്ദമുണ്ടാക്കി ഇതുവഴി പോകാറുണ്ടെന്ന് പുതിയാപ്പ സ്വദേശി പ്രതാപന്‍ പറഞ്ഞു.
ബീച്ച് ഭാഗത്തുനിന്നാണ് അതിവേഗത്തിനും രൂപമാറ്റത്തിനും കൂടുതല്‍ കേസുകളെടുത്ത് പിഴ ഈടാക്കിയിട്ടുള്ളതെന്ന് എന്‍ഫോഴ്‌സ്മെന്റ് ആര്‍.ടി.ഒ. സി.എസ്. സന്തോഷ്‌കുമാര്‍ പറഞ്ഞു. മത്സരയോട്ടത്തിന് 5000 രൂപയാണ് പിഴ. ഇത്തരത്തിലുള്ള നടപടികള്‍ തീരദേശനിവാസികളുടെ ജീവന് ഭീഷണിയാകുമെന്നും സൈരജീവിതവും ജീവനും സുരക്ഷയും ഉറപ്പുവരുത്താന്‍ പോലീസും മോട്ടോര്‍വാഹനവകുപ്പും നിഷ്‌ക്രിയത്വം അവസാനിപ്പിച്ച് ശക്തമായ നടപടി സ്വീകരിക്കണമെന്ന് ബി.ജെ.പി. നടക്കാവ് മണ്ഡലം പ്രസിഡന്റ് കെ. ഷൈബു ആവശ്യപ്പെട്ടു.
Content Highlights: man died during taking reels in kozhikode