കഞ്ചാവ് പിടിക്കാനെത്തിയ പോലീസ് ഞെട്ടി; 21-കാരന്റെ വീട്ടില്‍ വാളുകളും തോക്കും, അന്വേഷണം

തിരുവനന്തപുരം: കഞ്ചാവ് പിടിക്കാനായി യുവാവിന്റെ വീട്ടിലെത്തിയ പോലീസ് കണ്ടത് വാളുകളും കത്തികളും അടക്കമുള്ള മാരകായുധങ്ങള്‍. തിരുവനന്തപുരം തോന്നയ്ക്കലിലെ ഫൈസല്‍ മന്‍സിലില്‍ നൗഫലിന്റെ (21) വീട്ടില്‍ നിന്നാണ് പോലീസ് സംഘം മാരകായുധങ്ങള്‍ കണ്ടെടുത്തത്. അഞ്ച് വാളുകളും അഞ്ച് കത്തികളും ഒരു എയര്‍ഗണ്ണും 20 ഗ്രാം കഞ്ചാവുമാണ് പോലീസ് പരിശോധനയില്‍ ലഭിച്ചത്.
നൗഫലിന് കഞ്ചാവ് കച്ചവടമുണ്ടെന്ന രഹസ്യവിവരം ലഭിച്ചതിനാലാണ് മംഗലപുരം പോലീസ് ഇയാളുടെ വീട്ടില്‍ പരിശോധനയ്‌ക്കെത്തിയത്. വീട്ടില്‍ നടത്തിയ പരിശോധനയിലാണ് കഞ്ചാവിന് പുറമേ മാരകായുധങ്ങളും കണ്ടെടുത്തത്.
ആയുധങ്ങളെ സംബന്ധിച്ച് വിശദമായ അന്വേഷണം നടത്താനാണ് പോലീസിന്റെ തീരുമാനം. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം നൗഫലിനെ ആറ്റിങ്ങല്‍ കോടതിയില്‍ ഹാജരാക്കി.
Content Highlights: man arrested with weapons and ganja in thonnaykkal trivandrum