നാല് കിലോ ആംബര്‍ഗ്രിസും ലഹരിമരുന്നുകളുമായി യുവാവ് അറസ്റ്റില്‍

പിടിയിലായ ഗരീബ്
പിടിയിലായ ഗരീബ്

വെമ്പായം(തിരുവനന്തപുരം): തിമിംഗല വിസര്‍ജ്യവും (ആംബര്‍ഗ്രിസ്) ലഹരിമരുന്നുകളുമായി യുവാവ് പിടിയില്‍. കഴക്കൂട്ടം ചന്തവിള സ്വദേശി ഗരീബി(28)നെയാണ് വാമനപുരം എക്‌സൈസ് പിടികൂടിയത്. 

രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ വെമ്പായത്തെ അന്താരാഷ്ട്ര നീന്തല്‍ കുളത്തിന് സമീപത്തുനിന്നാണ് യുവാവിനെ പിടികൂടിയത്. ഇയാളില്‍നിന്ന് നാല് കിലോ ആംബര്‍ഗ്രിസും രണ്ട് ഗ്രാം എം.ഡി.എം.എ ലഹരിമരുന്നും 15 ഗ്രാം ഹാഷിഷ് ഓയിലും പിടിച്ചെടുത്തു. 

പിടിയിലായ ഗരീബ് സിവില്‍ എന്‍ജിനിയറിങ് ബിരുദധാരിയാണെന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഏറെനാളായി പ്രതി ഇത്തരം നിയമവിരുദ്ധ ഇടപാടുകളില്‍ സജീവമാണെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു. 

വാമനപുരം എക്സൈസ് ഇന്‍സ്പക്ടര്‍ ജി.മോഹന്‍ കുമാര്‍, പ്രിവന്റീവ്  ഓഫീസര്‍മാരായ പി.ഡി. പ്രസാദ്, ഷാജി, മനു, സതീഷ് കുമാര്‍, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ അര്‍ജുന്‍, ഹാഷിം, ഷിജിന്‍, വിഷ്ണു, സാജു, മഹേഷ്, മഞ്ജുഷ എന്നിവര്‍ അടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.

Content Highlights: man arrested with drugs and ambergris in vembayam