തീവണ്ടിയാത്രയ്ക്കിടെ യുവതിക്കുനേരേ ലൈംഗികാതിക്രമം,പ്രതികരിച്ചതോടെ ഇറങ്ങിയോടി, വ്യാപാരി പിടിയിൽ

മുഹമ്മദ് സഹര്‍
മുഹമ്മദ് സഹര്‍

ഷൊർണൂർ: തീവണ്ടിയാത്രയ്ക്കിടെ യുവതിക്കുനേരേ ലൈംഗികാതിക്രമം നടത്തിയയാളെ പോലീസ് പിടികൂടി. അങ്ങാടിപ്പുറം അട്ടേരി പരിയാപുരം പുതുക്കുടി മുഹമ്മദ് സഹറി(37)നെയാണ് ഷൊർണൂർ റെയിൽവേ പോലീസ് പിടികൂടിയത്. തിങ്കളാഴ്ച രാവിലെ ഒൻപതോടെ കോട്ടയം-നിലമ്പൂർ എക്‌സ്പ്രസിൽ ചെറുതുരുത്തിക്കും ഷൊർണൂരിനുമിടയിലായിരുന്നു സംഭവമെന്നാണ് പരാതി. യുവതി പ്രതികരിച്ചതോടെ ഷൊർണൂരെത്തിയപ്പോൾ ഇയാൾ ഇറങ്ങിയോടി, മറ്റൊരു കംപാർട്ട്മെന്റിൽ കയറി. ഇതിനിടെ യുവതി ഇയാളുടെ ഫോട്ടോ എടുത്തിരുന്നു. പിന്നീട് ഇ-മെയിൽവഴി പരാതി നൽകിയതിനെത്തുടർന്നാണ് റെയിൽവേ പോലീസ് കേസെടുത്തത്.

ചൊവ്വാഴ്ച രാവിലെ പെരിന്തൽമണ്ണയിലെത്തി സഹറിനെ പോലീസ് പിടികൂടി. പെരിന്തൽമണ്ണയിൽ വ്യാപാരസ്ഥാപനങ്ങൾ നടത്തുന്നയാളാണ് സഹർ. ഇയാൾക്കെതിരേ പെരിന്തൽമണ്ണ പോലീസ് സ്റ്റേഷനിൽ വധശ്രമം, അടിപിടി, കഞ്ചാവുകടത്തൽ എന്നീ കേസുകളുണ്ടെന്ന് പോലീസ് പറഞ്ഞു. റെയിൽവേ പോലീസിന്റെ ജനമൈത്രി വാട്സാപ്പ് ഗ്രൂപ്പുകളിൽ പങ്കുവെച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ ലഭിച്ച രഹസ്യവിവരത്തെത്തുടർന്നാണ് ഇയാൾ പിടിയിലായത്.

എസ്.ഐ. അനിൽ മാത്യുവിന്റെ നേതൃത്വത്തിൽ നിഷാദ്, സജിത്, മനോജ്, ആർ.പി.എഫ്. ക്രൈം ഇന്റലിജന്റ്സ് ബ്രാഞ്ച് അംഗങ്ങളായ എ.എസ്.ഐ. ഷിജു, പ്രസാദ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.

Content Highlights: Accused Muhammad Sahar arrested for sexual assault on a train., Incident occurred on the Kottayam-Nilambur Express between Cheruthuruthy and Shoranur., Victim provided photographic evidence leading to rapid police action., Accused has a prior criminal record including drug trafficking and assault.