വാക്കര്‍ കൊണ്ട് അടിച്ചു, നെഞ്ചില്‍ ചവിട്ടി; കിടപ്പിലായ അച്ഛനെ കൊലപ്പെടുത്തിയ കേസില്‍ മകൻ അറസ്റ്റിൽ

കൊല്ലപ്പെട്ട സെബാസ്റ്റ്യന്‍, അറസ്റ്റിലായ സെബിന്‍ ക്രിസ്റ്റി
കൊല്ലപ്പെട്ട സെബാസ്റ്റ്യന്‍, അറസ്റ്റിലായ സെബിന്‍ ക്രിസ്റ്റി

അമ്പലപ്പുഴ: വാഹനാപകടത്തെത്തുടര്‍ന്ന് കിടപ്പിലായ അച്ഛനെ അടിച്ചും ചവിട്ടിയും കൊലപ്പെടുത്തിയെന്ന കേസില്‍ മകന്‍ അറസ്റ്റില്‍. പുന്നപ്ര തെക്ക് ഗ്രാമപ്പഞ്ചായത്ത് ഒന്നാംവാര്‍ഡ് ഈരേശ്ശേരിയില്‍ സെബാസ്റ്റ്യന്‍(60) കൊല്ലപ്പെട്ട കേസില്‍ മകന്‍ സെബിന്‍ ക്രിസ്റ്റി(അരുണ്‍-25) ആണ് അറസ്റ്റിലായത്. ചൊവ്വാഴ്ചയായിരുന്നു സംഭവം.

കട്ടിലില്‍നിന്നു വീണുമരിച്ചതാണെന്നാണു സെബിന്‍ ബന്ധുക്കളെയും പോലീസിനെയും അറിയിച്ചത്. പോസ്റ്റ്മോര്‍ട്ടത്തിലാണ് കൊലപാതകമാണെന്നുതെളിഞ്ഞത്. കട്ടിലില്‍നിന്ന് എഴുന്നേല്‍പ്പിച്ചപ്പോള്‍ സെബാസ്റ്റ്യന്‍ താഴെവീണിരുന്നു. പിടിച്ചെഴുന്നേല്‍പ്പിക്കാന്‍ ശ്രമിച്ചപ്പോള്‍ സെബാസ്റ്റ്യന്‍ സെബിനെ വഴക്കുപറഞ്ഞു. മദ്യലഹരിയിലായിരുന്ന സെബിന്‍ അപ്പോള്‍ വാക്കര്‍കൊണ്ട് അച്ഛനെ അടിക്കുകയായിരുന്നെന്നു പോലീസ് പറഞ്ഞു. വാരിയെല്ലിലും നെഞ്ചിലും ചവിട്ടിയതായും ദേഹത്തിരുന്ന് അടിച്ചതായും പറയുന്നു.

ആലപ്പുഴയിലെ ഐസ്‌ക്രീം വില്‍പ്പനശാലയില്‍ ജോലിക്കാരനായിരുന്നു സെബാസ്റ്റ്യന്‍. 2019-ല്‍ പുന്നപ്ര കപ്പക്കടയില്‍ കെ.എസ്.ആര്‍.ടി.സി. ബസിടിച്ച് കാലിന്റെ സ്വാധീനം നഷ്ടപ്പെട്ടു. അന്നുമുതല്‍ വാക്കര്‍ ഉപയോഗിച്ചാണു നടന്നിരുന്നത്. ഭാര്യ പുഷ്പ അര്‍ബുദംബാധിച്ച് കഴിഞ്ഞ മാര്‍ച്ചില്‍ മരിച്ചു.

ചൊവ്വാഴ്ച വൈകുന്നേരം സെബിന്റെ അനുജന്‍ അഖില്‍ ജോലി കഴിഞ്ഞെത്തിയപ്പോള്‍ സെബാസ്റ്റ്യന്‍ രക്തം ഛര്‍ദ്ദിച്ച് തറയില്‍കിടക്കുന്നതു കണ്ടു. കട്ടിലില്‍നിന്നു വീണതാണെന്നാണു സെബിന്‍ പറഞ്ഞത്. ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ച് മരണം സ്ഥിരീകരിച്ചു. മൃതദേഹം പോസ്റ്റ്മോര്‍ട്ടം കൂടാതെ ഏറ്റുവാങ്ങാന്‍ ബന്ധുക്കള്‍ ശ്രമിച്ചെങ്കിലും പോലീസ് അസ്വാഭാവികമരണത്തിനു കേസെടുക്കുകയായിരുന്നു. പുന്നപ്ര ഇന്‍സ്‌പെക്ടര്‍ ലൈസാദ് മുഹമ്മദിന്റെ നേതൃത്വത്തിലാണു പ്രതിയെ അറസ്റ്റു ചെയ്തത്.

അച്ഛന്റെ നിലവിളിയിലുംമനസ്സലിയാതെ മകന്റെ ക്രൂരത

 'കര്‍ത്താവേ എന്നെ കൊല്ലുന്നേ'യെന്ന് സെബാസ്റ്റ്യന്‍ നിലവിളിച്ചിട്ടും പോറ്റിവളര്‍ത്തിയ മകന്റെ മനസ്സലിഞ്ഞില്ല. വീണ്ടും വാക്കറുകൊണ്ട് അച്ഛനെ പലതവണ അടിച്ചു. നിലത്തുകിടന്ന അച്ഛന്റെ വാരിയെല്ലുഭാഗത്ത് കാലുകൊണ്ടു ചവിട്ടി. കഴിയാവുന്ന വിധമെല്ലാം ദേഹോപദ്രവമേല്‍പ്പിച്ചശേഷം സെബിന്‍ അടുക്കളയുടെ വാതിലിന്റെ പടിയില്‍ പോയിരുന്നു. കുറച്ചുകഴിഞ്ഞു വന്നുനോക്കിയപ്പോള്‍ അച്ഛന്‍ ചോര ഛര്‍ദിച്ചു കിടക്കുകയായിരുന്നു.

തിരികെ വാതില്‍പ്പടിയിലേക്കുപോയ സെബിന്‍ വൈകുന്നേരം ആറേമുക്കാലോടെ സഹോദരന്‍ അഖില്‍ എത്തുംവരെയും അതേയിരിപ്പിരുന്നു. ചൊവ്വാഴ്ച രാവിലെ ഒന്‍പതുമണിയോടെ അഖില്‍ ജോലിക്കുപോയപ്പോള്‍ സെബിന്‍ വീട്ടിലുണ്ടായിരുന്നു. പതിനൊന്നുമണിയോടെയാണ് സെബാസ്റ്റ്യന്‍ ഉണര്‍ന്നത്. ഇതിനിടെ പുറത്തുപോയി കൂട്ടുകാര്‍ക്കൊപ്പം മദ്യപിച്ച സെബിന്‍ ഉച്ചയോടെ വീട്ടിലെത്തി. സെബാസ്റ്റ്യനെ പിടിച്ച് കസേരയിലിരുത്തി പാത്രത്തില്‍ ചോറെടുത്തുകൊടുത്തശേഷം വീണ്ടും പുറത്തേക്കുപോയി. തിരിച്ചുവന്നപ്പോള്‍ അച്ഛന്‍ അവിടെത്തന്നെ ഇരിക്കുന്നതുകണ്ടു. ചോറുപാത്രം താഴെവെച്ചിരുന്നു. കുറച്ചു ചോറ് താഴെവീണിട്ടുണ്ടായിരുന്നു. പിടിച്ച് കട്ടിലിലിരുത്തി അടുക്കളയില്‍ പോയിവന്നപ്പോള്‍ അച്ഛന്‍ കട്ടിലില്‍ മൂത്രം ഒഴിച്ചിട്ടുണ്ടായിരുന്നു. കട്ടിലില്‍നിന്നു വീണ സെബാസ്റ്റ്യനെ എഴുന്നേല്‍പ്പിക്കാന്‍ ശ്രമിച്ചപ്പോള്‍ വാക്കറെടുത്ത് തനിയെ എഴുന്നേല്‍ക്കാന്‍ അദ്ദേഹം ശ്രമിച്ചു. വീഴ്ചയെത്തുടര്‍ന്ന് ഒരുമാസമായി വാക്കര്‍ ഉപയോഗിക്കുന്നുണ്ടായിരുന്നില്ല. അപ്പോഴുണ്ടായ ദേഷ്യത്തിന് സെബിന്‍ വാക്കറെടുത്ത് അച്ഛനെ അടിക്കുകയായിരുന്നു.

കള്ളത്തരങ്ങള്‍പൊളിഞ്ഞു; ഒടുവില്‍ കുറ്റസമ്മതം

കസ്റ്റഡിയിലെടുത്ത പ്രതിയെ മണിക്കൂറുകളോളം ചോദ്യംചെയ്തിട്ടും അയാള്‍ കുറ്റമേറ്റില്ല. ഉച്ചയ്ക്ക് അച്ഛനു ചോറുകൊടുത്തശേഷം കള്ളുഷാപ്പില്‍ പോയെന്നായിരുന്നു ഇയാളുടെ മൊഴി. ഷാപ്പിലുണ്ടായിരുന്ന ചിലരുടെ പേരും പറഞ്ഞു. ഇത് വിശ്വാസത്തിലെടുക്കാതെ പോലീസ് പ്രതിയുമായി കള്ളുഷാപ്പിലെത്തി. അന്നേദിവസം പ്രതി കള്ളുഷാപ്പില്‍ ചെന്നിരുന്നില്ലെന്നും പേരുപറഞ്ഞിരുന്ന ആളുകളെ കണ്ടിട്ടില്ലെന്നും ബോധ്യപ്പെട്ടു.

ശാസ്ത്രീയമായി ചോദ്യംചെയ്യുകയും ചെയ്തതോടെ സെബിന്‍ കുറ്റസമ്മതം നടത്തുകയായിരുന്നു. ആലപ്പുഴ ഗവ. ടി.ഡി. മെഡിക്കല്‍ കോളേജ് ഫൊറന്‍സിക് വിഭാഗം അസിസ്റ്റന്റ് പ്രൊഫസറും പോലീസ് സര്‍ജനുമായ ഡോ. ഹരീഷാണ് പോസ്റ്റ്മോര്‍ട്ടം നടത്തി നിര്‍ണായകമായ വിവരങ്ങള്‍ പോലീസിനു കൈമാറിയത്.

എസ്.ഐ.മാരായ ആര്‍.ആര്‍. രാകേഷ്, വിനോദ്കുമാര്‍, സീനിയര്‍ സി.പി.ഒ.മാരായ സേവ്യര്‍, രമേശ് ബാബു, രതീഷ്, ഷെഫീക്ക് എന്നിവരും അന്വേഷണസംഘത്തിലുണ്ടായിരുന്നു. ജില്ലാ ഫൊറന്‍സിക് ലാബിലെ സയന്റിഫിക് ഓഫീസര്‍ അജിന്‍ ബാബു, വിരലടയാളവിദഗ്ധ പ്രതിഭ എന്നിവരുടെ നേതൃത്വത്തില്‍ തെളിവുകള്‍ ശേഖരിച്ചു.

Content Highlights: man arrested for killing bedridden father in ambalappuzha