ഇ.ഡി. അസിസ്റ്റന്റ് ഡയറക്ടർ ചമഞ്ഞ് ആൾമാറാട്ടം; ഒരാൾ അറസ്റ്റിൽ, സമൻസ് തിരുത്തി ഉപയോഗിച്ചു, ഇ.ഡി. കേസെടുക്കും

ആലുവ: ഇ.ഡി. അസിസ്റ്റന്റ് ഡയറക്ടർ ചമഞ്ഞ് ആൾമാറാട്ടം നടത്തി വ്യാജ ലെറ്റർ അയച്ച് പണം തട്ടാൻ ശ്രമിച്ച കേസിൽ ഒരാൾ അറസ്റ്റിൽ. കോഴിക്കോട് മാവൂർ കന്നിപ്പറമ്പ് വെള്ളിപ്പാലത്ത് വീട്ടിൽ രാജേന്ദ്രനെ(54)യാണ് എറണാകുളം റൂറൽ ജില്ലാ ക്രൈംബ്രാഞ്ചിലെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. ഇയാളുടെ പേരിൽ ഉടൻ കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമപ്രകാരം ഇ.ഡി. കേസെടുക്കും.
തൃശ്ശൂർ ആസ്ഥാനമായുള്ള ഇന്ത്യൻ കോ-ഓപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റി ലിമിറ്റഡ് എന്ന സ്ഥാപനത്തിന്റെ ഈസ്റ്റ് ഫോർട്ടിൽ പ്രവർത്തിക്കുന്ന കോ-ഓപ്പറേറ്റീവ് ഓഫീസിലേക്കാണ് കത്തയച്ചത്. കഴിഞ്ഞ മാസം അഞ്ചാം തീയതി ഡൽഹിയിൽ നിന്നാണ് കത്ത് അയച്ചിരിക്കുന്നത്.
കഴിഞ്ഞ മാസം 13-ന് കത്ത് സ്ഥാപനത്തിൽ ലഭിച്ചു. സ്ഥാപനത്തിന്റെ വിശദാംശങ്ങൾ നൽകണമെന്നും കത്തിലൂടെ ആവശ്യപ്പെട്ടിരുന്നു. ഇ.ഡി. ഡൽഹി സോണൽ ഓഫീസിലെ അസിസ്റ്റൻറ് ഡയറക്ടർ അരവിന്ദ് കുമാർ സിങ്ങിന്റെ പേരിലാണ് ഇയാൾ കത്തയച്ചത്. പണം ആവശ്യപ്പെട്ടുകൊണ്ടുള്ള കത്ത് ലഭിച്ചതോടെ സ്ഥാപനത്തിലെ സി.ഇ.ഒ. ആണ് പോലീസിൽ പരാതി നൽകിയത്.
കത്തിൽ രാജേന്ദ്രന്റെ ഫോൺ നമ്പറും ഉണ്ടായിരുന്നു. പരാതി ലഭിച്ച ഉടനെ ക്രെഡിറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിനിധികളാണെന്നു പറഞ്ഞു പോലീസ് ഈ നമ്പറിലേക്ക് ബന്ധപ്പെട്ടു. പണം നൽകാമെന്ന് പറഞ്ഞു തന്ത്രപൂർവം വിളിച്ചുവരുത്തി നെടുമ്പാശ്ശേരിയിൽ വെച്ചാണ് രാജേന്ദ്രനെ അറസ്റ്റ് ചെയ്തത്. രാജേന്ദ്രനെ അറസ്റ്റ് ചെയ്ത് അങ്കമാലി മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
രാജേന്ദ്രൻ വിദേശത്ത് ബിസിനസ് നടത്തിവരുകയാണ്. കേരള പ്രവാസി അസോസിയേഷൻ ചെയർമാനായിരുന്ന രാജേന്ദ്രൻ യു.ഡി.എഫുമായി സഹകരിച്ച് പ്രവർത്തിച്ചുവരുകയായിരുന്നു. സ്വന്തമായി ചാനലും നടത്തിയിരുന്ന ഇയാൾ നാട്ടിൽ ട്രസ്റ്റിന്റെ പേരിൽ പാവപ്പെട്ടവർക്ക് വീട് നിർമിച്ചു നൽകിയിരുന്നു.
തട്ടിപ്പിന് വലിയ ആഴം, ഡൽഹി ഇ.ഡി. ഓഫീസിന്റെ സമൻസ് തിരുത്തി ഉപയോഗിച്ചു
കൊച്ചി: എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥനായും ഇ.ഡി.യുടെ പേരിൽ വ്യാജ സമൻസ് അയച്ചും മലയാളി നടത്തിയ തട്ടിപ്പിന് വലിയ ആഴം. കേരളത്തിലും പുറത്തും സമാനമായ തട്ടിപ്പുകൾ നടത്തിയതായാണ് പ്രാഥമിക അന്വേഷണത്തിൽ ഇ.ഡി.ക്ക് ലഭിച്ചിരിക്കുന്ന വിവരം. കേസിന്റെ വിശദാംശങ്ങളും എഫ്.ഐ.ആറും ഇ.ഡി. ശേഖരിച്ചിട്ടുണ്ട്.
ഇ.ഡി.യുടെ ഡൽഹി മേഖലാ ഓഫീസുകളുടെ പേരിലുള്ള ലെറ്റർ ഹെഡ് ഉപയോഗിച്ചാണ് തട്ടിപ്പ് നടത്തിയത്. തമിഴ്നാട് കോയമ്പേട് ഭാരത് ലജ്ന മൾട്ടിസ്റ്റേറ്റ് ഹൗസിങ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി, ചെന്നൈയിലെ ജീവൻ ജ്യോതി ക്രെഡിറ്റ് സൊസൈറ്റി എന്നിവയ്ക്കും സമാനമായ വ്യാജ സമൻസുകൾ അയച്ചതിന്റെ രേഖകൾ ലഭിച്ചിട്ടുണ്ട്. ഇത് സംബന്ധിച്ച് ഇ.ഡി. അന്വേഷണം തുടങ്ങി.
ഇന്ത്യൻ ക്രെഡിറ്റ് സൊസൈറ്റിക്ക് നൽകിയ സമൻസ് ഡൽഹി രണ്ടാം നമ്പർ മേഖലാ ഓഫീസിന്റേതാണെങ്കിലും ഫയൽ നമ്പർ തിരുത്തിയപ്പോൾ അതിൽ മേഖലാ ഓഫീസ് ഒന്നിന്റെ കോഡാണ് അബദ്ധത്തിൽ ചേർത്തത്. ഇ.ഡി. അതീവരഹസ്യമായി സൂക്ഷിക്കുന്ന ഫയൽനമ്പറുകളാണ് 'ടി' എന്ന ഇംഗ്ലീഷ് അക്ഷരമാലയിലുള്ളവ.
കേസിന്റെ പ്രാഥമിക അന്വേഷണസമയത്ത് തയ്യാറാക്കുന്ന ഈ നമ്പറിലുള്ള ഫയൽ ഒരുകാരണവശാലും പുറത്ത് പോകരുതാത്തവയാണ്. ഇത് രാജേന്ദ്രന് എങ്ങനെ കിട്ടിയെന്നത് ദുരൂഹമാണ്. ഇ.ഡി. അസിസ്റ്റന്റ് ഡയറക്ടർ അരവിന്ദ് കുമാർ സിങ് എന്നാണ് രാജേന്ദ്രൻ മെയിലുകളിൽ രേഖപ്പെടുത്തിയിരുന്നത്. ഈ തട്ടിപ്പിന് രാജ്യവ്യാപകമായ സ്വഭാവമുണ്ടെന്നും വലിയസംഘം ഇതിന് പിന്നിലുണ്ടെന്നുമാണ് ഇ.ഡി. കരുതുന്നത്.
Content Highlights: A man named Rajendran was arrested for impersonating an ED Assistant Director and attempting to defraud money by sending fake letters to a cooperative credit society in Thrissur, Kerala. The fraudulent scheme involved using a fake summons with the ED's Delhi office letterhead, and similar scams were conducted in other regions, including Tamil Nadu. The ED's preliminary investigation suggests a nationwide scam with a large group involved, and they are probing how Rajendran accessed confidential file numbers.