കിടപ്പുരോഗിയായ അച്ഛനെ ഉപേക്ഷിച്ച് കുടുംബസമേതം മുങ്ങി; മകന്‍ അറസ്റ്റില്‍

അജിത്ത്
അജിത്ത്

തൃപ്പൂണിത്തുറ: പക്ഷാഘാതം വന്ന് കിടപ്പിലായ 70 വയസ്സുള്ള അച്ഛനെ എരൂരിലെ വാടകവീട്ടില്‍ ഉപേക്ഷിച്ച് കുടുംബസമേതം മുങ്ങിയ മകന്‍ അറസ്റ്റില്‍. തൃപ്പൂണിത്തുറ എരൂര്‍ വടക്കേ വൈമീതിയിലെ വാടക വീട്ടില്‍ താമസിച്ചിരുന്ന, വൈറ്റില പൊന്നുരുന്നി കൂട്ടക്കല്ലില്‍ വീട്ടില്‍ അജിത്ത് ഷണ്‍മുഖ (38) നെയാണ് ഹില്‍പാലസ് പോലീസ് അറസ്റ്റ് ചെയ്തത്.

ഇയാള്‍ക്കെതിരേ മാതാപിതാക്കളുടെയും മുതിര്‍ന്ന പൗരന്‍മാരുടെയും സംരക്ഷണ നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത്. സംഭവത്തില്‍ മനുഷ്യാവകാശ കമ്മിഷനും കേസെടുത്തിരുന്നു.

കഴിഞ്ഞ വ്യാഴാഴ്ച വൈകീട്ടാണ് അച്ഛനെ ഉപേക്ഷിച്ച് അജിത്ത് ഭാര്യയും മക്കളോടുമൊപ്പം വീട്ടുസാധനങ്ങളുമായി വീട്ടുടമയെ പോലും അറിയിക്കാതെ വീടൊഴിഞ്ഞുപോയത്. കിടപ്പു രോഗിയും പരസഹായമില്ലാതെ സ്വന്തമായി കാര്യങ്ങള്‍ ചെയ്യാന്‍ കഴിയാത്തയാളുമാണ് അജിത്തിന്റെ അച്ഛന്‍ ഷണ്‍മുഖന്‍. ഭക്ഷണമോ, വെള്ളമോ കിട്ടാതെ കിടന്ന ഷണ്‍മുഖന് നാട്ടുകാരുടെ നേതൃത്വത്തില്‍ ഭക്ഷണവും മറ്റു സഹായങ്ങളും എത്തിച്ചുനല്‍കി. പിറ്റേന്നു രാവിലെ പാലിയേറ്റീവ് പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ ഇദ്ദേഹത്തെ തൃപ്പൂണിത്തുറ താലൂക്കാശുപത്രിയിലെത്തിച്ചു. പിന്നീട് ഷണ്‍മുഖന്റെ പെണ്‍മക്കളും സഹോദരനുമെത്തി കോതമംഗലത്തെ സഹോദരന്റെ വീട്ടിലേക്ക് കൊണ്ടുപോകുകയായിരുന്നു.

കര്‍ണാടകയിലായിരുന്ന, ടൂറിസ്റ്റ് ബസ് ഡ്രൈവര്‍ കൂടിയായ, മകന്‍ അജിത്ത് ചൊവ്വാഴ്ച എറണാകുളത്തെത്തിയതറിഞ്ഞ പോലീസ് തന്ത്രപരമായി ബുധനാഴ്ച ഹില്‍പാലസ് സ്റ്റേഷനിലെത്തിച്ച് അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതി അജിത്തിനെ റിമാന്‍ഡ് ചെയ്തു.

Content Highlights: man arrested for abandoning his father in tripunithura