'അവൾ സ്വയം ജീവനൊടുക്കിയതാണ്, ഞാൻ മൃതദേഹം കഷണങ്ങളാക്കി വേസ്റ്റ്ബിന്നിൽ തട്ടി'; പോലീസിനെ വിളിക്കാൻ തോന്നിയില്ലെന്ന് നരേഷ് ഭട്ട്

ന്യൂയോർക്ക്: 'ഭാര്യ ചലനമില്ലാതെ കിടക്കുന്നത് കണ്ടപ്പോൾ പോലീസിനെ വിളിക്കാഞ്ഞത് എന്തുകൊണ്ടാണെന്ന് ചോദിച്ചാൽ, എനിക്കറിയില്ല. എനിക്ക് ആ സമയം അങ്ങനെ തോന്നിയില്ല. ഞാൻ വല്ലാത്തൊരു മാനസികാവസ്ഥയിലായിരുന്നു. പിന്നെ ഞാൻ അവളുടെ മൃതശരീരം വെട്ടിനുറുക്കി കഷണങ്ങളാക്കി വീട്ടിലെ വേസ്റ്റ്ബിന്നിൽ തട്ടി' - 2024-ൽ യുഎസിലെ വെർജീനിയയിൽ താമസിച്ചിരുന്ന മമ്ത കാഫ്ലെ കൊല്ലപ്പെട്ട കേസിലെ പ്രധാനപ്രതിയും അവരുടെ ഭർത്താവുമായ നരേഷ് ഭട്ട് വിചാരണയ്ക്കിടെ കോടതിയിൽ പറഞ്ഞ കാര്യങ്ങളാണിത്. വിചാരണയുടെ രണ്ടാംദിവസമാണ് കോടതിയെപ്പോലും ഞെട്ടിക്കുന്ന തരത്തിലുള്ള വെളിപ്പെടുത്തലുകൾ നരേഷിന്റെ ഭാഗത്തുനിന്നും ഉണ്ടായത്.
ഇതൊക്കെ പറയുമ്പോഴും കേസിൽ താൻ തെറ്റൊന്നും ചെയ്തിട്ടില്ലെന്ന് ഭാവമാണ് നരേഷിന്. 2024 ജൂലൈയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. നേപ്പാൾ സ്വദേശിനിയായ 28-കാരി മമ്തയും ഇന്ത്യൻ വംശജനായ 33-കാരൻ നരേഷും വെർജീനിയയിലെ മനാസ്സസ് പാർക്കിലാണ് താമസിച്ചിരുന്നത്. ഇവർക്ക് ഒരു കുഞ്ഞുമുണ്ട്. 2024 ജൂലൈ 30-ന് പുലർച്ചെ നാലുമണിയോടെ കുഞ്ഞിനെ നോക്കാനായി എഴുന്നേറ്റപ്പോൾ, മമ്തയെ കിടപ്പുമുറിയുടെ തറയിൽ പ്രതികരണമില്ലാത്ത നിലയിൽ കിടക്കുന്നതായാണ് കണ്ടതെന്നാണ് നരേഷ് വ്യാഴാഴ്ച കോടതിയിൽ പറഞ്ഞത്. മമ്തയുടെ ശരീരത്തിലും തറയിലും ഛർദ്ദിച്ചതിന്റെ അവശിഷ്ടങ്ങൾ ഉണ്ടായിരുന്നുവെന്നും, അടുത്തു തന്നെ ഗുളികകളും മരുന്നുകുപ്പിയും ഉണ്ടായിരുന്നുവെന്നും നരേഷ് അവകാശപ്പെട്ടു.
അതുമാത്രമല്ല, വീട്ടിൽ കീടനാശിനിയുടെ തുറന്ന പാത്രങ്ങൾ ഉണ്ടായിരുന്നുവെന്നും ഛർദ്ദിയിൽ രാസവസ്തു കലർന്നിരുന്നതായി സംശയം തോന്നിയെന്നും നരേഷ് ആരോപിച്ചു. ഒരു മണിക്കൂറോളം താൻ അവളുടെ ജീവൻ വീണ്ടെടുക്കാനുള്ള പ്രവർത്തികൾ ചെയ്തന്നെും എന്നാൽ അവൾ പ്രതികരിക്കുകയോ ശ്വാസമെടുക്കുകയോ ചെയ്യുന്നുണ്ടായിരുന്നില്ലെന്നും ഇയാൾ പറയുന്നു. അതിനുശേഷം താൻ മമ്തയുടെ മൃതദേഹം കിടപ്പുമുറിയിൽ നിന്ന് ബാത്ത്റൂമിലേക്ക് മാറ്റി വെള്ളം നൽകാൻ ശ്രമിച്ചുവെന്നും നരേഷ് കോടതിയിൽ അവകാശപ്പെട്ടു. ഈ സമയത്താണ് പ്രതിഭാഗം അഭിഭാഷകന്റെ ഭാഗത്തുനിന്നും പ്രസക്തമായ ഒരു ചോദ്യം ഉയർന്നത്.
'ഭാര്യയെ ഈ അവസ്ഥയിൽ കണ്ടിട്ടും, സഹായിക്കാൻ ശ്രമിച്ചിട്ടും, അതും 45 മുതൽ ഒരു മണിക്കൂർവരെയെടുത്ത് എന്ന് നിങ്ങൾ തന്നെ പറയുമ്പോൾ, എന്തുകൊണ്ടാണ് എമർജൻസി സർവീസുകളിൽ വിളിക്കാതിരുന്നത്.' എന്ന പ്രതിഭാഗം അഭിഭാഷകന്റെ ചോദ്യത്തിന്, താൻ വല്ലാതെ ഭയന്നുപോയെന്നും പരിഭ്രാന്തനായിപ്പോയെന്നും എന്തുകൊണ്ടാണ് അങ്ങനെ ചെയ്യാതിരുന്നത് എന്ന് അറിയില്ലെന്നുമായിരുന്നു നരേഷിന്റെ മറുപടി.
'ആ സമയത്ത് ഞാൻ ശരിക്കും ഭയന്നുപോയി. എന്തുകൊണ്ടാണ് എമർജൻസി സർവീസുകളിലേക്ക് വിളിക്കാതിരുന്നതെന്ന് എനിക്കറിയില്ല. ഞാൻ വിളിക്കാൻ ശ്രമിച്ചതാണ്. പക്ഷേ എന്നെക്കൊണ്ട് കഴിഞ്ഞില്ല, ഞാൻ വല്ലാതെ ഭയന്നുപോയി. എന്നെ എന്തോ കീഴടക്കിയതുപോലെ തോന്നി. ഞാൻ ശരിക്കും പരിഭ്രാന്തിയിലായിരുന്നു. എനിക്കറിയില്ല... ഇപ്പോൾ രണ്ടു വർഷത്തിലേറെയായി. 3,500 മണിക്കൂറിലധികം ഞാൻ ധ്യാനത്തിലിരുന്നു, എന്നിട്ടും എനിക്കതിന് ഉത്തരം കിട്ടിയിട്ടില്ല.' നരേഷ് കോടതിയിൽ പറഞ്ഞു.
എന്നാൽ, ഭാര്യ മരിച്ചതായി മനസിലാക്കിയതിന് പിന്നാലെ താൻ അടുത്ത ഒന്നര ദിവസത്തിനുള്ളിൽതന്നെ അവളുടെ മൃതദേഹം വെട്ടിനുറുക്കി കഷണങ്ങളാക്കി വീട്ടിലെ മാലിന്യപാത്രങ്ങളിൽ തള്ളിയതായി നരേഷ് സമ്മതിച്ചു. ഭാര്യ മരിച്ചു കിടക്കുന്നത് കണ്ട ശേഷം കുഞ്ഞിനെ നോക്കുന്ന ആയയെ വിളിച്ച് മകളെ അവരുടെ വീട്ടിലാക്കി. തുടർന്ന് ഹോം ഡിപ്പോ സ്റ്റോറിലെത്തി ഗ്ലൗസുകൾ വാങ്ങുകയും മൃതദേഹം ഒളിപ്പിക്കാനുള്ള വസ്തുക്കൾ തിരയുകയും ചെയ്തു. ഗ്ലൗസുകൾ വാങ്ങിയത് എന്തിനാണെന്ന് അഭിഭാഷകൻ ചോദിച്ചപ്പോൾ, 'എനിക്കൊരു നിശ്ചയവുമില്ല' എന്നായിരുന്നു നരേഷിന്റെ മറുപടി.
വീട്ടിൽ തിരിച്ചെത്തിയ ശേഷമുള്ള കാര്യങ്ങൾ വിശദീകരിക്കവെ, 'മാലിന്യപ്പാത്രത്തിൽ ഇട്ടു. വലുപ്പം കുറച്ച്, സഞ്ചികളിലാക്കി മാലിന്യപ്പാത്രങ്ങളിൽ ഇട്ടു' എന്നാണിയാൾ കോടതിയോട് പറഞ്ഞത്. ഇത് എങ്ങനെയാണ് ചെയ്തതെന്ന ചോദ്യത്തിന് 'എന്റെ പക്കൽ ഒരു ഇലക്ട്രിക് വാൾ (electric saw) ഉണ്ടായിരുന്നു. ഞാൻ ആ വാൾ ഉപയോഗിച്ചു' എന്നായിരുന്നു മറുപടി. കത്തികളും ഉപയോഗിച്ചിരുന്നെങ്കിലും, 'കുറച്ചു മാത്രം, അധികമില്ല' എന്നായിരുന്നു നരേഷിന്റെ വാക്കുകളെന്ന് FNBC വാഷിങ്ടൺ റിപ്പോർട്ട് ചെയ്തു.
പ്രോസിക്യൂഷൻ ഉയർത്തുന്ന വെല്ലുവിളികൾ
മമ്തയെ കാണാതായതിന് ശേഷം പോലീസിനോടും മാധ്യമങ്ങളോടും പറഞ്ഞതിൽ നിന്ന് തികച്ചും വ്യത്യസ്തമായ മൊഴിയാണ് നരേഷ് ഇപ്പോൾ കോടതിയിൽ നൽകിയിരിക്കുന്നത് എന്ന് പ്രോസിക്യൂഷൻ കോടതിയിൽ ചൂണ്ടിക്കാട്ടി. ഭാര്യ വീടുവിട്ടുപോയെന്നും അവർ ന്യൂയോർക്കിലോ ടെക്സാസിലോ ഉണ്ടാകാം എന്നുമായിരുന്നു ഇയാൾ മുമ്പ് വാദിച്ചിരുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ ക്രോസ് വിസ്താരത്തിനിടെ, മൊഴിയിലെ മാറ്റത്തെക്കുറിച്ച് പ്രോസിക്യൂട്ടർ മാത്യു സ്വീറ്റ് ചോദ്യം ചെയ്യുകയും ഇയാളെ 'നുണയൻ' എന്ന് വിളിക്കുകയും ചെയ്തു. 'അത് ശരിയാണോ, താങ്കൾ നുണ പറയുകയായിരുന്നുവോ' എന്ന കോടതിയുടെ ചോദ്യത്തിന് 'അതെ' എന്ന് സമ്മതിക്കുകയാണ് നരേഷ് ചെയ്തത്.
നരേഷ് കൈയിൽ ഗ്ലൗസ് ധരിച്ച്, പല മാലിന്യ നിക്ഷേപ കേന്ദ്രങ്ങളിലായി നിരവധി സഞ്ചികൾ തള്ളുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പ്രോസിക്യൂഷൻ നേരത്തേ കോടതിയിൽ ഹാജരാക്കിയിരുന്നു. എന്നാൽ ഈ സഞ്ചികളിൽ ഭാര്യയുടെ അവശിഷ്ടങ്ങളല്ല, മറിച്ച് അവരുടെ മറ്റ് സാധനങ്ങളായിരുന്നു എന്നാണ് നരേഷ് വിസ്താരത്തിനിടെ അവകാശപ്പെട്ടത്. കിടപ്പുമുറിയിലെ കാർപെറ്റിൽ കണ്ടെത്തിയ രക്തക്കറകൾ മമ്തയുടേതാണെന്ന് തെളിയിക്കുന്ന ഫോറൻസിക് തെളിവുകളും പ്രോസിക്യൂഷൻ കോടതിയിൽ സമർപ്പിച്ചു.
കാർപെറ്റിലെ ഭൂരിഭാഗം രക്തവും മമതയുടേതാകാനുള്ള സാധ്യത കൂടുതലെന്ന് ഫോറൻസിക് വിദഗ്ധൻ മൊഴി നൽകി. കാർപെറ്റ് കഴുകി വൃത്തിയാക്കാൻ ശ്രമിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുന്ന രക്തപ്പാടുകളുടെ പാറ്റേണുകളും മറ്റൊരു വിദഗ്ധൻ വിശദീകരിച്ചു. ഇലക്ട്രിക് സോയിൽ കണ്ടെത്തിയ ഡി.എൻ.എ.യും രക്തവും മമ്തയുടേത് തന്നെയാകാൻ സാധ്യതയേറെയാണെന്ന് കഴിഞ്ഞ ആഴ്ച ഫോറൻസിക് വിദഗ്ധരും മൊഴി നൽകിയിരുന്നു. മമ്തയെ കാണാതാകുന്നതിന് മാസങ്ങൾക്ക് ഏതാനും മാസങ്ങൾക്ക് മുമ്പാണ് നരേഷ് ഈ ഇലക്ട്രിക് വാൾ വാങ്ങിയതെന്ന് പ്രോസിക്യൂഷൻ വ്യക്തമാക്കി.
കൊലപാതകം, മൃതദേഹത്തോടുള്ള അനാദരവ്, മൃതദേഹം ഒളിപ്പിക്കൽ എന്നീ കുറ്റങ്ങളാണ് നരേഷിനെതിരെ ചുമത്തിയിരിക്കുന്നത്. എന്നാൽ താൻ കുറ്റക്കാരനല്ലെന്നാണ് ഇയാൾ കോടതിയിൽ വാദിക്കുന്നത്. മമതയുടെ സഹോദരൻ മഹേഷിന്റെ സാക്ഷിമൊഴിയും പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കിയിരുന്നു. കണ്ണിനുചുറ്റും കറുത്ത പാടുള്ള ഒരു ചിത്രം മമ്ത തനിക്ക് അയച്ചു തന്നിരുന്നുവെന്നും, നരേഷാണ് ഇതിന് ഉത്തരവാദിയെന്ന് പറഞ്ഞിരുന്നുവെന്നും മഹേഷ് കോടതിയോട് പറഞ്ഞു.
ഭാവിയിൽ ആവശ്യമായി വന്നേക്കാം എന്നുപറഞ്ഞ് ഈ ചിത്രം സൂക്ഷിച്ചുവെക്കാൻ മമ്ത ആവശ്യപ്പെട്ടിരുന്നതായും അദ്ദേഹം മൊഴി നൽകിയിട്ടുണ്ട്. മമ്തയെ കാണാതായി ആഴ്ചകൾക്ക് ശേഷം നരേഷ് തനിക്ക് മമ്തയുടെ സ്വർണാഭരണങ്ങളും വിവാഹമോതിരവും തന്നിരുന്നുവെന്ന് ദമ്പതികളുടെ ഒരു സുഹൃത്ത് കോടതിയെ അറിയിച്ചിട്ടുണ്ട്. മമ്തയെ കാണാതാകുന്നതിന് മാസങ്ങൾക്ക് മുമ്പുതന്നെ നരേഷ് വിവാഹമോചനത്തെക്കുറിച്ച് സംസാരിച്ചിരുന്നതായും ഈ സുഹൃത്ത് കോടതിയിൽ വ്യക്തമാക്കി. മമ്തയുടെ മൃതദേഹം കണ്ടെടുത്തിട്ടില്ല.
Content Highlights: Naresh Bhatt, accused of murdering his wife Mamta Kafle in Virginia in 2024, admitted in court to dismembering her body and disposing of it in trash bins, despite claiming he did not call emergency services due to panic and fear. Prosecution highlighted inconsistencies in Naresh's statements, contrasting his current court testimony with previous claims that Mamta had left home, and presented forensic evidence linking him to the crime, including DNA and bloodstains. Naresh faces charges of murder, disrespecting a corpse, and concealment, while maintaining his innocence; testimonies from Mamta's brother and friends suggest prior domestic issues and Naresh's discussions about divorce.