ബയോടെക്നോളജിയിൽ തയ്യാറാക്കിയ രക്തചന്ദനച്ചെടികൾ, ഒന്നിന് 600 രൂപ; കോടികളുമായി മലയാളിസംഘം മുങ്ങി

വൈറ്റില: രക്തചന്ദനച്ചെടികൾ നൽകാമെന്ന പേരിൽ മധ്യപ്രദേശിൽനിന്നും കോടികൾ തട്ടിയെടുത്തു മുങ്ങിയ മലയാളിസംഘത്തിനെ തിരയുന്നു. പതിനായിരവും ഇരുപതിനായിരവും രൂപ വീതം പലരിൽ നിന്നായി പിരിച്ചെടുത്ത തുകയുമായാണ് ഇവർ മുങ്ങിയിരിക്കുന്നത്.
മധ്യപ്രദേശിലെ ശിവപുരി ജില്ലയുടെ വിവിധ പ്രദേശങ്ങളിൽ സംഘം ബയോടെക്നോളജി ഉപയോഗിച്ച് തയ്യാറാക്കിയ ചെടികളാണെന്ന് പറഞ്ഞുകൊണ്ട് പലർക്കും ചെടികൾ വിറ്റിരുന്നു. നാട്ടുകാരുമായി ചങ്ങാത്തം സ്ഥാപിക്കുന്ന സംഘം വീണ്ടും ചെടികളുടെ ഓർഡർ എടുക്കാനെന്ന പേരിലെത്തി, ചന്ദനത്തൈകൾ നട്ടാൽ സർക്കാരിൽനിന്നും ഗ്രാൻറ് കിട്ടുന്ന പദ്ധതി അവതരിപ്പിക്കും. ഇതുപ്രകാരം രക്തചന്ദനം നട്ടുപിടിപ്പിക്കാൻ നിർദേശിക്കും. ഇങ്ങനെ ചെയ്താൽ ഒരേക്കറിന് 20 ലക്ഷം രൂപ വരെ ഗ്രാന്റ് ലഭ്യമാക്കാമെന്നും, ചെടികൾ നട്ടുപിടിപ്പിച്ചശേഷം തുക സംഘടിപ്പിച്ച് നൽകാമെന്നും പറഞ്ഞ് വിശ്വസിപ്പിക്കും. ചെടികൾ കൊണ്ടുവരുന്നതിനുള്ള ട്രാൻസ്പോർട്ടേഷൻ ചെലവിനായി മുൻകൂറായി തുക കൈപ്പറ്റും. ഒരു ചെടിക്ക് 100 രൂപയായിരുന്നു ട്രാൻസ്പോർട്ടേഷൻ ചാർജ്. 200 ചെടികൾ നട്ടുപിടിപ്പിക്കാൻ തയ്യാറാകുന്നവരിൽ നിന്നും 20,000 വീതവും 100 ചെടികൾ നടാൻ സന്നദ്ധരായവരിൽ നിന്നും 10,000 രൂപവീതവും കൈപ്പറ്റി.
പദ്ധതിപ്രകാരം ഒരുചെടിക്ക് 600 രൂപയാണ് വില പറഞ്ഞിരുന്നത്. ബാക്കി ചെടികൾ സ്ഥലത്തെത്തിയ ശേഷം നൽകിയാൽ മതി എന്നതാണ് വ്യവസ്ഥ. നൽകുന്ന തുകക്ക് രസീതും നൽകും. തുക കൈപ്പറ്റി മടങ്ങിയാൽ പിന്നെ മൊബൈൽ ഫോണുകൾ സ്വിച്ച്‌ഓഫ് ചെയ്ത് സംഘം മുങ്ങും. സംഘം നൽകിയ രസീതുകളിൽ ദേശ്‌മുഖ് നഴ്സറി, ബയോടെക്നോളജി പ്ലാന്റേഷൻ, എറണാകുളം, പിൻ കോഡ്- 682019 എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഈ പിൻകോഡ് വരുന്നത് വൈറ്റിലയിലാണ്.
വൈറ്റില കേന്ദ്രീകരിച്ചുള്ള നഴ്‌സറികളിലാണ് പോലീസിന്റെ പ്രാഥമിക അന്വേഷണം നടക്കുന്നത്. സാധാരണക്കാരായ തൊഴിലാളികളാണ് ഇരകളായവരിലേറെയും. ഇത്തരത്തിൽ പണം നൽകി വഞ്ചിക്കപ്പെട്ട മധ്യപ്രദേശ് ശിവപുരി ജില്ലക്കാരനായ ലക്ഷ്മീനാരായണ ലോധി എന്നയാളാണ് ശിവപുരി സിറ്റി പോലീസ് കമ്മിഷണർക്ക് പരാതി നൽകിയിരിക്കുന്നത്.
Content Highlights: A Kerala-based gang orchestrated a massive fraud in Shivpuri, Madhya Pradesh., The scam involved promising fake government grants for red sandalwood cultivation., Victims were charged advance transportation fees for non-existent plant shipments., The gang used a Vyttila-based nursery address on fake receipts to build credibility., Shivpuri police have launched an investigation following a formal complaint.