'അത് ജോസഫ് മോഡല്‍ കൊലപാതകം, പിന്നില്‍ അവയവമാഫിയ'; CBI അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍

കോഴിക്കോട്: അവയവമാഫിയ ആശങ്ക ശക്തമായിരിക്കെ നാലുവര്‍ഷം മുന്‍പ് ഇതേ ആരോപണവുമായി രംഗത്തെത്തിയതാണ് തൃശ്ശൂര്‍ അകലാട് സ്വദേശിയായ മൂത്തേടത്ത് ഉസ്മാന്‍. മകന്റെ വാഹനാപകടമരണം 'ജോസഫ് മോഡല്‍' കൊലപാതകമാണെന്നും ഇതിനുപിന്നില്‍ വന്‍ അവയവമാഫിയയാണെന്നുമായിരുന്നു ഇദ്ദേഹത്തിന്റെ ആരോപണം. നാലുവര്‍ഷങ്ങള്‍ക്കിപ്പുറവും തന്റെ ആരോപണത്തിലും പരാതിയിലും ഉറച്ചുനില്‍ക്കുകയാണ് ഉസ്മാന്‍. ഒപ്പം അതിനായുള്ള നിയമപോരാട്ടവും തുടരുകയാണ്. സംഭവത്തില്‍ പോലീസ് അന്വേഷണം നടന്നത് ശരിയായരീതിയില്‍ അല്ലെന്നും സി.ബി.ഐ. അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് ഉസ്മാനും കുടുംബവും നല്‍കിയ ഹര്‍ജി ഹൈക്കോടതിയുടെ പരിഗണനയിലാണ്.
2016-ല്‍ മലപ്പുറം ജില്ലയിലെ പെരുമ്പടപ്പിലുണ്ടായ വാഹനാപകടത്തിലാണ് ഉസ്മാന്റെ മകന്‍ നജീബുദ്ദീന്‍(16) സുഹൃത്ത് വാഹിദ്(16) എന്നിവര്‍ മരിച്ചത്. എന്നാല്‍ മകന്റെ മരണം ആസൂത്രിതമായ കൊലപാതകമാണെന്നും അവയവമാഫിയയാണ് ഇതിനുപിന്നിലെന്നുമാണ് ഉസ്മാന്റെ പരാതി. ഇതിന്റെഭാഗമായി പല സംശയങ്ങളും തെളിവുകളും അദ്ദേഹം മുന്നോട്ടുവെയ്ക്കുന്നുമുണ്ട്.
ഉസ്മാന്റെ പരാതിയില്‍ 2019-ല്‍ ക്രൈംബ്രാഞ്ച് സംഘം അന്വേഷണം നടത്തിയിരുന്നു. എന്നാല്‍ ക്രൈംബ്രാഞ്ച് അന്വേഷണം വെറും പ്രഹസനമായിരുന്നുവെന്നും ആരിലേക്കും അന്വേഷണം എത്തിയില്ലെന്നുമാണ് ഉസ്മാന്റെ പ്രതികരണം. മൃതദേഹം പുറത്തെടുത്ത് റീ-പോസ്റ്റ്‌മോര്‍ട്ടം നടത്തണമെന്ന ആവശ്യംപോലും ക്രൈംബ്രാഞ്ച് പരിഗണിച്ചില്ല. കേസ് അട്ടിമറിക്കുകയാണ് ചെയ്തത്. മാത്രമല്ല, തന്റെ പരാതിയില്‍ കഴമ്പില്ലെന്നും വാഹനാപകടമാണെന്ന് പറഞ്ഞ് അന്വേഷണം അവസാനിപ്പിച്ചെന്നും അദ്ദേഹം പറഞ്ഞു.
മകന്റെ മരണവുമായി ബന്ധപ്പെട്ട് സ്വന്തംനിലയില്‍ നടത്തിയ അന്വേഷണത്തില്‍ പലകാര്യങ്ങളും തനിക്ക് മനസിലായിട്ടുണ്ടെന്നാണ് ഉസ്മാന്‍ പറയുന്നത്. ഡോക്ടര്‍മാരും പോലീസുകാരും അടക്കം ഉള്‍പ്പെട്ട ഉന്നതന്മാര്‍ക്ക് ഇതില്‍ പങ്കുണ്ടെന്നാണ് സംശയം. എല്ലാവരും ഉന്നതന്മാരാണെന്നും കേസിന്റെ പിറകെ പോകേണ്ടെന്നും നേരത്തെ കേസില്‍ അന്വേഷണം നടത്തിയ ഒരു പോലീസ് ഉദ്യോഗസ്ഥന്‍ തന്നോട് തുറന്നുപറഞ്ഞിരുന്നു. അദ്ദേഹം പിന്നീട് മരിച്ചു. ഈ മരണത്തിലടക്കം തനിക്ക് സംശയമുണ്ടെന്നും ഇപ്പോഴും പലരും തന്നെ രഹസ്യമായി പിന്തുടരുന്നുണ്ടെന്നും ഉസ്മാന്‍ ആരോപിക്കുന്നു. മകന്റെ മരണത്തില്‍ സി.ബി.ഐ. അന്വേഷണം ആവശ്യപ്പെട്ടാണ് ഇപ്പോള്‍ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. എന്നാല്‍ സര്‍ക്കാര്‍ സി.ബി.ഐ. അന്വേഷണത്തെ എതിര്‍ക്കുകയാണെന്നും കോടതിയില്‍നിന്ന് അനുകൂലവിധിയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
2016ല്‍ മലപ്പുറം ജില്ലയിലെ പെരുമ്പടപ്പിലുണ്ടായ വാഹനാപകടത്തിലാണ് ഉസ്മാന്റെ മകന്‍ നജീബുദ്ദീന്‍(16) സുഹൃത്ത് വാഹിദ്(16) എന്നിവര്‍ മരിച്ചത്. ആശുപത്രിയിലേക്കുള്ള വഴിമധ്യേയായിരുന്നു വാഹിദിന്റെ മരണം സംഭവിച്ചത്. പരിക്കേറ്റ് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് മൂന്നാം ദിവസം നജീബുദ്ദീനും മരിച്ചു. തലയ്‌ക്കേറ്റ ക്ഷതമാണ് മരണകാരണമെന്നായിരുന്നു പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്.
അപകടസമയത്ത് നജീബുദ്ദീന്റെ ശരീരത്തില്‍ ഇല്ലാതിരുന്ന മുറിവുകള്‍ പിന്നീട് കണ്ടതോടെയാണ് മകന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും ജോസഫ് സിനിമാ മോഡലില്‍ അവയവ മാഫിയ നടത്തിയ കൊലപാതകാണെന്നും ആരോപിച്ച് ഉസ്മാന്‍ രംഗത്തെത്തിയത്. അപകടസമയത്തെടുത്ത ചിത്രങ്ങളില്‍ കുട്ടിയുടെ മുഖത്താണ് മുറിവുണ്ടായിരുന്നത്. എന്നാല്‍ മരണശേഷമുള്ള ചിത്രങ്ങളില്‍ ശരീരമാസകലം ശസ്ത്രക്രിയ നടത്തിയതുപോലെ മുറിവുകള്‍ കണ്ടെത്തിയിരുന്നു. പക്ഷേ പോലീസിന്റെ ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടില്‍ ഇക്കാര്യം സൂചിപ്പിച്ചിട്ടുമില്ല. ചികിത്സയ്ക്കിടെ മകന്റെ ആരോഗ്യനില മോശമാണെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞതുമില്ല.
അപകടം നടന്ന സ്ഥലത്തുനിന്ന് ഇരുവരെയും ആശുപത്രിയിലേക്ക് കൊണ്ടുപോയത് ആരാണെന്ന് നാട്ടുകാര്‍ക്കോ ആശുപത്രി അധികൃതര്‍ക്കോ അറിയില്ല. മാത്രമല്ല, നജീബുദ്ദീന്റെ പോസ്റ്റുമോര്‍ട്ടത്തെക്കുറിച്ച് പിതാവായ ഉസ്മാനെ പോലീസ് വിവരങ്ങളറിയിച്ചില്ലെന്നും മെഡിക്കല്‍ കോളേജില്‍ പോസ്റ്റുമോര്‍ട്ടം നടത്താതെ കുന്ദംകുളം ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം നടത്തിയാല്‍ മതിയെന്ന് പോലീസ് അന്ന് നിര്‍ബന്ധം പിടിച്ചതായുമാണ് ആരോപണം.
Content Highlights: malappuram perumpadappu accident death case victim's father allegation murder and organ mafia