വിദ്യാർഥികൾക്കടക്കം എംഡിഎംഎ വിൽപന; കോളേജ് അധ്യാപകനടക്കം നാലുപേർ അറസ്റ്റിൽ

മലപ്പുറം: നിലമ്പൂരിലും സമീപപ്രദേശങ്ങളിലും വിദ്യാർഥികൾക്കടക്കം എംഡിഎംഎ വിൽക്കുന്ന കോളേജ് അധ്യാപകനടക്കം നാലുപേർ അറസ്റ്റിൽ. മമ്പാട് എം.ഇ.എസ്. കോളേജിലെ താത്കാലിക അധ്യാപകൻ സുഹൈൽ പെരിങ്ങോടൻ, എടവണ്ണ സ്വദേശി ടി.എൻ. റീന, നിലമ്പൂർ സ്വദേശികളായ വിവേക് വിജയൻ, സുബ്രഹ്മണ്യൻ എന്നിവരെയാണ് നിലമ്പൂർ സബ് ഇൻസ്‌പെക്ടർ കെ.എം. അർഷിദ് അറസ്റ്റുചെയ്തത്.
സുബ്രഹ്മണ്യനിൽനിന്ന് 0.4 ഗ്രാം എംഡിഎംഎയും 0.5 ഗ്രാം കഞ്ചാവും നേരത്തേ പോലീസ് പിടികൂടിയിരുന്നു. റീനയുടെ വീടിനുസമീപത്തെ മതിലിൽ ഇടിച്ചനിലയിൽ കണ്ടെത്തിയ കാറിൽനിന്നാണ് പോലീസ് എംഡിഎംഎ കണ്ടെടുത്തത്.
തുടർന്നുള്ള അന്വേഷണത്തിലാണ് അധ്യാപകനായ സുഹൈൽ, വിവേകിനും റീനയ്ക്കും സ്ഥിരമായി എംഡിഎംഎ വിൽക്കുന്നുണ്ടെന്ന വിവരം ലഭിച്ചതെന്ന് പോലീസ് പറഞ്ഞു. ജില്ലാ പോലീസ് മേധാവിയുടെ നിർദേശത്തെത്തുടർന്ന് വിശദമായി നടത്തിയ അന്വേഷണത്തിൽ അധ്യാപകൻ വിദ്യാർഥികൾക്കും സുഹൃത്തുക്കൾക്കും വ്യാപകമായി വിൽപ്പന നടത്തുന്നുണ്ടെന്ന് പോലീസിന് വിവരം കിട്ടി.
മോങ്ങം അരിമ്പ്ര സ്വദേശിയായ സുഹൈൽ മൂന്നുവർഷമായി മമ്പാട് കോളേജിലെ സ്റ്റാറ്റിസ്റ്റിക്‌സ് അധ്യാപകനാണ്. ഇയാൾ കൊണ്ടോട്ടി, മഞ്ചേരി ഭാഗങ്ങളിലെ മൊത്തവിതരണക്കാരിൽനിന്ന് ലഹരിവസ്തുക്കൾ വാങ്ങി വിൽക്കാറുണ്ടെന്നും സ്ഥിരം എംഡിഎംഎ ഉപയോഗിക്കുന്ന ആളാണെന്നും സമ്മതിച്ചതായി പോലീസ് പറഞ്ഞു.
നിലമ്പൂർ ഡിവൈ.എസ്.പി. കെ. റഫീക്കിന്റെ നിർദേശപ്രകാരം നിലമ്പൂർ സർക്കിൾ ഇൻസ്‌പെക്ടർ എൻ.ബി. ഷൈജുവിന്റെ മേൽനോട്ടത്തിലായിരുന്നു അന്വേഷണം. സ്‌ക്വാഡ് അംഗങ്ങളായ പി. സാബിറലി, പി. സജീഷ്, സി.കെ. സജീഷ്, എം. കൃഷ്ണദാസ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ അറസ്റ്റുചെയ്തത്.
Content Highlights: A temporary college teacher and three others were arrested in Nilambur for selling MDMA, including to students. The teacher, Suhail Peringodan, was found to be selling drugs widely, sourcing them from wholesale dealers in Kondotty and Manjeri. The investigation, led by local police under district police chief's direction, uncovered the teacher's involvement in drug distribution.