‘ജിന്ന് മന്ത്രിച്ചൂതിയ പഴം, കഴിച്ചാൽ അദ്ഭുതം സംഭവിക്കും’: ലേലംചെയ്തത് 2500 രൂപയ്ക്ക്; വ്യാജ കേന്ദ്രത്തിന് പൂട്ടിട്ട് നാട്ടുകാർ

#ന്യൂസ് ഡെസ്ക്
സാമൂഹികമാധ്യമങ്ങളിൽ പ്രചരിച്ച ദൃശ്യങ്ങളിൽനിന്ന്
സാമൂഹികമാധ്യമങ്ങളിൽ പ്രചരിച്ച ദൃശ്യങ്ങളിൽനിന്ന്

തിരുനാവായ: ജിന്ന് മന്ത്രിച്ച പഴത്തിന്റെ പേരിൽ തട്ടിപ്പ്. മലപ്പുറം തിരുനാവായയിൽ വ്യാജ ചികിത്സാകേന്ദ്രം പൂട്ടിച്ച് നാട്ടുകാർ. ഒരു ഏത്തപ്പഴത്തിന് വ്യാജ ചികിത്സാകേന്ദ്രം നടത്തിയിരുന്ന അബു അലവി വാങ്ങിയിരുന്നത് 2500 രൂപവരെ. ദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് നാട്ടുകാർ ഇടപെട്ട് കേന്ദ്രം പൂട്ടിച്ചത്. ജിന്ന് മന്ത്രിച്ച് ഊതിയ പഴം കഴിച്ചാൽ അദ്ഭുതങ്ങൾ നടക്കുമെന്ന വ്യാജേനയായിരുന്നു തട്ടിപ്പ്.

മലപ്പുറം തിരുനാവായ കൊടയ്ക്കലിലെ 'ജിൻ മഹർ' എന്ന സ്ഥാപനമാണ് പൂട്ടിച്ചത്. ജിന്നിനെ വിളിച്ചുവരുത്തി രോഗശാന്തി നൽകും, ജിന്നിന്റെ ഉപദ്രവം ഒഴിപ്പിക്കും തുടങ്ങിയ വാഗ്ദാനങ്ങൾ നൽകിയാണ് സ്ഥാപനം നാട്ടുകാരെ പറ്റിച്ചിരുന്നത്. ആലപ്പുഴ സ്വദേശി ജമാലുദ്ദീന്റെ നേതൃത്വത്തിലാണ് സ്ഥാപനം നടത്തിയിരുന്നത്.

നാലുമാസം മുമ്പ് ആരംഭിച്ച ഈ സ്ഥാപനം തുടക്കത്തിൽ ആഴ്ചയിൽ ഒരു ദിവസമാണ് പ്രവർത്തിച്ചിരുന്നത്. ആഴ്ചകൾ കഴിയുംതോറും വലിയ ജനത്തിരക്കാണ് ഇവിടെ അനുഭവപ്പെട്ടിരുന്നത്. ജമാലുദ്ദീനെ കൂടാതെ 'ജിന്ന്' ആയി വേഷമിട്ട ഒരാളടക്കം മൂന്നു പേരാണ് ഈ തട്ടിപ്പിന് പിന്നിൽ പ്രവർത്തിച്ചിരുന്നത് എന്നാണ് വിവരം.

സ്പീക്കർ ബോക്‌സിലൂടെ അറബിയും ഉറുദുവും സംസാരിച്ചും, മുഖം മൂടിയ ഒരാളെ 'ജിന്ന്' ആയി അവതരിപ്പിച്ചുമാണ് ഇവർ ആളുകളെ വിശ്വസിപ്പിച്ചിരുന്നത്. ജിന്ന് മന്ത്രിച്ചൂതിയതെന്ന് അവകാശപ്പെടുന്ന പഴം ലേലം വിളിച്ചാണ് ആളുകൾക്ക് നൽകിയിരുന്നത്. 1000 രൂപയിൽ തുടങ്ങി 2500 രൂപ വരെ കൊടുത്താണ് ആളുകൾ ഈ 'അത്ഭുത പഴം' വാങ്ങിയിരുന്നത്.

പഴത്തിന്റെ തൊലി കളയാതെ തന്നെ സൂചി ഉപയോഗിച്ച് ഉള്ളിലെ പഴം രണ്ടു കഷ്ണങ്ങളായി മുറിച്ചുവെക്കുന്ന മാജിക് വിദ്യയാണ് അത്ഭുതമായി ഇവർ കാണിച്ചിരുന്നത്. സോഷ്യൽ മീഡിയയിലൂടെ ആളുകൾ ഇതിന്റെ കള്ളി വെളിച്ചത്താക്കുകയും വീഡിയോ പോസ്റ്റ് ചെയ്യുകയും ചെയ്തതോടെയാണ് തട്ടിപ്പ് പുറത്തറിയുന്നത്.

പിന്നാലെയാണ് നാട്ടുകാർ സംഘടിച്ച് ഇവിടെയെത്തുകയും തട്ടിപ്പ് കേന്ദ്രം പൂട്ടിക്കുകയും ചെയ്തത്. ഇതുകൂടാതെ സംഭവവുമായി ബന്ധപ്പെട്ട് തിരുനാവായ പോലീസിലും മലപ്പുറം ജില്ലാ പോലീസ് മേധാവിക്കും നാട്ടുകാർ പരാതി നൽകിയിട്ടുണ്ട്.

Content Highlights: A fraudulent healing center in Tirunavaya, Malappuram, was shut down by locals after it was discovered selling "miracle fruits" supposedly enchanted by a jinn for exorbitant prices. The center, named 'Jinn Mahar,' promised to cure ailments and remove jinn disturbances, deceiving people under the leadership of Jamaluddin from Alappuzha.