ഗർഭിണിയെ മർദിച്ച് അവശയാക്കി 200 കി.മീ. അകലെ എത്തിച്ച്‌ ജീവനോടെ തീകൊളുത്തി കൊലപ്പെടുത്തി, 4 പേർ അറസ്റ്റിൽ

#ന്യൂസ് ഡെസ്ക്

മുംബൈ: മഹാരാഷ്ട്രയിൽ ഗർഭിണിയെ മർദിച്ചവശയാക്കി 200 കിലോമീറ്റർ അകലെ കൊണ്ടുപോയി പെട്രോളൊഴിച്ച് തീകൊളുത്തി കൊലപ്പെടുത്തിയ കേസിൽ നാലുപേർ അറസ്റ്റിൽ. റായ്ഗഡ് സ്വദേശിയായ പിങ്കി ഹനുമന്ത് കട്കർ എന്ന 31-കാരിയാണ് കൊല്ലപ്പെട്ടത്. സ്ഥലത്തെ ഒരു കലാകേന്ദ്രത്തിലെ തർക്കത്തെത്തുടർന്നാണ് ക്രൂരമായ കൊലപാതകം നടന്നത്. കേസുമായി ബന്ധപ്പെട്ട് രണ്ട് സ്ത്രീകളുൾപ്പെടെ നാലുപേരെയാണ് പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. രണ്ടുപേർ ഒളിവിലാണ്.

മൂന്ന് ദിവസം മുമ്പ് ഗർത്താഡബാരി പ്രദേശത്ത് സ്ത്രീയുടെ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തിയതോടെയാണ് സംഭവം പുറത്തറിയുന്നത്. തുടർന്നാണ് പോലീസ് അന്വേഷണം ആരംഭിച്ചത്. ധാരാശിവ് സ്വദേശികളായ സർഫറാസ് എന്ന ഷെഫീഖ് അലീം മൊമിൻ (38), ആരിഫ് എന്ന ഖുജ്യ ആസിഫ് ഷെയ്ഖ് (31) ലക്ഷ്മി ബാലാജി പവാർ (30), അഹില്യാനഗർ സ്വദേശിയായ സ്വാതി എന്ന ആരതി ഗണേഷ് കുറാഡെ (28) എന്നിവരാണ് അറസ്റ്റിലായത്.

ധാരാശിവ് സ്വദേശിയായ ഫറൂഖ് ഷെയ്ഖ്, ഛത്രപതി സംഭാജിനഗർ സ്വദേശിനി രോഹിണി യാദവ് എന്നിവരാണ് ഇനി പിടിയിലാകാനുള്ളത്. ഇവരെ കണ്ടെത്താനുള്ള ശ്രമം ഊർജിതമാക്കിയതായി പോലീസ് അറിയിച്ചു. മൊഹാഡി പോലീസ് നൽകുന്ന വിവരമനുസരിച്ച്, റായ്ഗഡിലെ ഒരു കലാകേന്ദ്രത്തിലെ ആഭ്യന്തര തർക്കമാണ് കൊലപാതകത്തിന് കാരണമെന്ന് പ്രതികൾ ചോദ്യം ചെയ്യലിൽ സമ്മതിച്ചിട്ടുണ്ട്.

തർക്കത്തിന് പിന്നാലെ ബീഡിൽവെച്ച് പിങ്കിയെ മർദ്ദിച്ച് ബോധരഹിതയാക്കിയ ശേഷമാണ് പ്രതികൾ രാജസ്ഥാനിലേക്ക് കൊണ്ടുപോയത്. യാത്രയ്ക്കിടെ, സംഭവസ്ഥലത്തുനിന്നും 200 കിലോമീറ്റർ അകലെ ധൂലെയിലെ ഗർത്താഡബാരി പ്രദേശത്ത് പ്രതികൾ വാഹനം നിർത്തി. ശേഷം, ബോധരഹിതയായ പിങ്കിയുടെ ശരീരത്തിൽ പെട്രോളൊഴിച്ച് തീകൊളുത്തി കൊലപ്പെടുത്തുകയായിരുന്നു. സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ നടത്തിയ അന്വേഷണമാണ് പ്രതികളെ പിടികൂടാൻ സഹായകമായത്.

മൃതദേഹം കണ്ടെത്തിയതിനെ തുടർന്ന് മൊഹാഡി പോലീസും ലോക്കൽ ക്രൈംബ്രാഞ്ച് സംഘവും ഹൈവേയിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു. 11 മണിക്കൂറോളം നീണ്ട പരിശോധനയിൽ, സംശയാസ്പദമായ സാഹചര്യത്തിൽ ഒരു ഹോണ്ട മൊബിലിയോ (Honda Mobilio) കാർ പോലീസിന്റെ ശ്രദ്ധയിൽപെട്ടു. കാറിനെ പിൻപറ്റി നടത്തിയ അന്വേഷണമാണ് ധാരാശിവ്, അഹില്യാനഗർ എന്നിവിടങ്ങളിൽ പോലീസിനെ എത്തിച്ചത്.

പിന്നാലെയാണ് കലാകേന്ദ്ര ജീവനക്കാരായ സ്ത്രീകൾ ഉൾപ്പെടെ നാലുപേരെ കസ്റ്റഡിയിലെടുത്തത്. ചോദ്യം ചെയ്യലിൽ പ്രതികൾ നൽകിയ വിവരങ്ങളാണ് പിങ്കിയുടെ മരണത്തിലേക്ക് നയിച്ച സംഭവവികാസങ്ങളുടെ ചുരുളഴിക്കാൻ പോലീസിനെ സഹായിച്ചത്. തർക്കത്തിന്റെ പശ്ചാത്തലവും മർദ്ദനത്തിലേക്കും മരണത്തിലേക്കും നയിച്ച സംഭവങ്ങളും പോലീസ് പരിശോധിച്ചു വരികയാണ്. 

ധൂലെ എസ്.പി. വിശാൽ ആനന്ദ്, അഡീഷണൽ എസ്.പി. അജയ് ദേവ്രെ, സബ് ഡിവിഷണൽ പോലീസ് ഓഫീസർ രാജ്കുമാർ ഉപാസെ എന്നിവരുടെ മാർഗനിർദേശപ്രകാരം മൊഹാഡി പോലീസ് സംഘമാണ് കേസ് അന്വേഷിക്കുന്നത്. മൊഹാഡി പോലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ ശിൽപ പാട്ടീലിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. കേസിൽ ഓരോ പ്രതിയുടെയും പങ്കിനെക്കുറിച്ച് പോലീസിന്റെ അന്വേഷണവും തെളിവെടുപ്പും പുരോഗമിക്കുകയാണ്.

Content Highlights: In Maharashtra, four individuals were arrested for the brutal murder of a pregnant woman, Pinky Hanumant Kadkar, who was beaten unconscious, taken 200 kilometers away, doused in petrol, and set on fire due to a dispute at a local art center. The incident came to light when the charred body was discovered in the Garthadabari area, prompting police investigations that led to the arrest of four suspects, including two women, while two others remain at large.