പതിനൊന്നുകാരിയെ ലൈംഗികപീഡനത്തിനിരയാക്കി: മദ്രസ അധ്യാപകന് 86 വർഷം കഠിനതടവും നാലര ലക്ഷം രൂപ പിഴയും

ജാബിർ അലി
ജാബിർ അലി

മഞ്ചേരി: പതിനൊന്നുകാരിയെ ലൈംഗിക പീഡനത്തിന് വിധേയമാക്കിയ കേസിൽ മദ്രസ അധ്യാപകന് വിവിധ വകുപ്പുകളിലായി 86 വർഷം കഠിനതടവും നാലര ലക്ഷം രൂപ പിഴയും ശിക്ഷ. മലപ്പുറം ഒതുക്കുങ്ങൽ ചീരിക്കപ്പറമ്പിൽ ജാബിർ അലിയെയാണ് (30) മഞ്ചേരി സ്പെഷ്യൽ പോക്സോ കോടതി ജഡ്ജി എ.എം. അഷ്റഫ് ശിക്ഷിച്ചത്.

പിഴയടച്ചില്ലെങ്കിൽ എട്ടുമാസം അധികതടവ് അനുഭവിക്കണം. പിഴയടച്ചാൽ തുക അതിജീവിതയ്ക്ക് നൽകണം. കൂടാതെ സർക്കാരിന്റെ വിക്ടിം കോമ്പൻസേഷൻ സ്കീം പ്രകാരം അതിജീവിതയ്ക്ക് കൂടുതൽ നഷ്ടപരിഹാരം ലഭ്യമാക്കുന്നതിനായി ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിക്ക് കോടതി നിർദ്ദേശം നൽകി.

പ്രതിയുടെ റിമാൻഡ് കാലാവധി ശിക്ഷയായി പരിഗണിക്കുമെന്നും തടവുശിക്ഷ ഒന്നിച്ചനുഭവിച്ചാൽ മതിയെന്നും കോടതി വിധിച്ചു. 2022 ഏപ്രിൽ 21-ന് രാവിലെയാണ് കേസിനാസ്പദമായ സംഭവം. മലപ്പുറം വനിതാ പോലീസ് ഇൻസ്പെക്ടർ റസിയ ബങ്കാളത്താണ് പ്രതിയെ അറസ്റ്റുചെയ്ത് കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി ഹാജരായ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. എ. സോമസുന്ദരൻ 19 സാക്ഷികളെ കോടതി മുൻപാകെ വിസ്തരിച്ചു. 39 രേഖകളും ഹാജരാക്കി. പ്രതിയെ തവനൂർ സെൻട്രൽ ജയിലിലേക്കയച്ചു.

Content Highlights: Madrasa teacher sentenced to 86 years in prison for sexually assaulting 11-year old girl