'ആദ്യം അവൻ ചതിക്കുന്നു, പിന്നെ വിളിക്കുന്നു'; കേതൻ കേസ് പ്രതി സിയയുടെ പബ്ബിലെ പഴയ വീഡിയോ വൈറൽ

പുണെ: ലോഹഗഡ് കോട്ടയിൽ യുവവ്യവസായി കേതൻ അഗർവാളിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സിയ ഗോയലിന്റെ പഴയൊരു വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നു. 2025 ഡിസംബറിൽ പകർത്തിയതെന്നു കരുതുന്ന വീഡിയോയിൽ, സിയ ഒരു നൈറ്റ് ക്ലബ്ബിൽവെച്ച് കൈയിൽ കുപ്പിയുമായി ഫോണിൽ സംസാരിക്കുന്നതാണുള്ളത്.
ഏകദേശം 15 സെക്കൻഡ് മാത്രം ദൈർഘ്യമുള്ള വീഡിയോയിൽ, ഫോൺ കോളിൽ ‘ആര്?’ എന്ന് സിയ ചോദിക്കുന്നതോടെയാണ് ദൃശ്യങ്ങൾ തുടങ്ങുന്നത്. നൈറ്റ്‌ക്ലബിലെ ഉച്ചത്തിലുള്ള സംഗീതത്തിനിടയിൽ ഫോണിൽ പറയുന്ന കാര്യങ്ങൾ കേൾക്കാൻ അവർ ഒരു കൈകൊണ്ട് മറ്റേ ചെവി പൊത്തിപ്പിടിക്കുന്നുണ്ട്. സംഭാഷണത്തിനിടെ സിയ അസഭ്യം പറയുന്നതും ‘ആദ്യം അവൻ എന്നെ ചതിക്കുന്നു, പിന്നെ അവൻ എന്നെ വിളിക്കുന്നു’ എന്ന് ഹിന്ദിയിൽ രോഷത്തോടെ പറയുന്നതും വീഡിയോയിൽ വ്യക്തമായി കേൾക്കാം.
സിയയും കാമുകൻ ചേതനും ചേർന്ന് ജൂൺ 18-നാണ് 25-കാരനായ റിയൽ എസ്റ്റേറ്റ് ബിസിനസുകാരൻ കേതൻ അഗർവാളിനെ ലോഹഗഡ് കോട്ടയിലെ മലമുകളിൽനിന്ന് തള്ളിയിട്ടു കൊലപ്പെടുത്തിയത്. ഈ വർഷം നവംബറിൽ വിവാഹം നടക്കാനിരിക്കെയാണ് കേതൻ കൊല്ലപ്പെട്ടത്. സംഭവത്തിനുശേഷം അറസ്റ്റിലായ പ്രതികൾ പോലീസ് കസ്റ്റഡിയിലാണ്.
ഇതിനിടെ കേസിൽ പ്രതി സിയ ഗോയൽ പോളിഗ്രാഫ് പരിശോധനയ്ക്ക് സമ്മതം നൽകി. ലോണാവാല റൂറൽ പോലീസിനു മുന്നിൽ വ്യാഴാഴ്ചയാണ് 20-കാരിയായ സിയ സമ്മതം അറിയിച്ചതെന്ന് ഇവരുടെ അഭിഭാഷകൻ വിപുൽ ദൂസിങ് വ്യക്തമാക്കി. കേസിൽ സിയയ്ക്കൊപ്പം പ്രതിയായ 22-കാരൻ ചേതൻ ചൗധരിയെയും പോളിഗ്രാഫ് പരിശോധനയ്ക്ക് വിധേയമാക്കാൻ പോലീസ് കോടതിയുടെ അനുമതി തേടിയിട്ടുണ്ട്.
അപകടം കൊലപാതകമാണെന്ന് കണ്ടെത്തിയ പോലീസിന് ആരാണ് കേതനെ തള്ളിയിട്ടിയത് സിയ ആണോ ചേതനാണോ എന്ന് കണ്ടെത്താനാണ് പോളിഗ്രാഫ് നടത്താൻ ഒരുങ്ങുന്നത്.