മെസ്സിയെ എത്തിക്കാൻ 126 കോടി കൈമാറി; 22.68 കോടി ജിഎസ്ടി അടയ്ക്കാൻ സമൻസ്; ആന്റോയുടെ മൊഴിയെടുത്തു

#ഇ.വി. ജയകൃഷ്ണൻ
ആന്റോ അഗസ്റ്റിൻ, മെസ്സി | Photo: @AntoAugustineM/ AP
ആന്റോ അഗസ്റ്റിൻ, മെസ്സി | Photo: @AntoAugustineM/ AP

കാഞ്ഞങ്ങാട്: അർജന്റീന ഫുട്‌ബോൾ താരം ലയേണൽ മെസ്സിയെ കേരളത്തിൽ കൊണ്ടുവരുമെന്ന് പറഞ്ഞ് 126 കോടി രൂപ വിദേശ അക്കൗണ്ടിലേക്ക് കൈമാറിയ സംഭവത്തിൽ റിപ്പോർട്ടർ ചാനലുമായി ബന്ധപ്പെട്ട ആന്റോ അഗസ്റ്റ്യൻ കാഞ്ഞങ്ങാട്ട ജി.എസ്.ടി. കാര്യാലയത്തിൽ ഹാജരായി മൊഴിനൽകി.

22.68 കോടി രൂപ സേവന നികുതി അടയ്ക്കണമെന്നാവശ്യപ്പെട്ട് നേരത്തെ കാഞ്ഞങ്ങാട്ടെ ജി.എസ്.ടി. കാര്യാലയത്തിൽനിന്ന് സമൻസ് അയച്ചിരുന്നു. വിദേശ അക്കൗണ്ടിലേക്ക് പണം അയച്ചതിനാൽ റിവേർസ് ചാർജ് വിഭാഗത്തിൽപ്പെടുത്തിയാണ് സേവന നികുതിയടക്കാൻ ജി.എസ്.ടി.വകുപ്പ് ആവശ്യപ്പെട്ടിട്ടുള്ളത്. മെസ്സി കേരളത്തിൽ വന്നിട്ടില്ലെന്നും അതിനാൽ സേവന നികുതി അടക്കേണ്ട ബാധ്യതിയില്ലെന്നുമാണ് മൊഴി നൽകിയതെന്നറിയുന്നു.

എന്നാൽ, പണം കൈമാറിയ സ്ഥിതിക്ക് ജി.എസ്.ടി. തുക ഒഴിവാകില്ലെന്നാണ് ജി.എസ്.ടി. ഉദ്യോഗസ്ഥർ പറയുന്നത്. കഴിഞ്ഞ ഇടതുമുന്നണി സർക്കാരാണ് മെസ്സിയെ കേരളത്തിലെത്തിക്കാൻ ശ്രമം നടത്തിയത്. മെസ്സി എന്തായാലും കേരളത്തിലെത്തുമെന്ന് ഒന്നിലേറെ തവണ അന്നത്തെ കായികമന്ത്രി അബ്ദുൾറഹ്മാൻ പറയുകയും ചെയ്തിരുന്നു. എന്നാൽ, മെസ്സി വന്നില്ല. അതിനിടെയാണ് കാഞ്ഞങ്ങാട്ടെ ജി.എസ്.ടി. ഇന്റലിജന്റസ് വിഭാഗം ഇതുമായി ബന്ധപ്പെട്ട് പരിശോധന നടത്തിയത്.

ജി.എസ്.ടി. യുടെ ഇന്റലിജന്റ്‌സ് വിഭാഗത്തിന്റെ കേരളത്തിലെ ഏത് യൂണിറ്റിനും പരിധിയില്ലാതെ പ്രാഥമിക പരിശോധന നടത്താനും തുടർ നടപടികളെടുക്കാനും അനുവാദമുണ്ട്. കാഞ്ഞങ്ങാട്ടെ ഒരു ഓഫീസർ ഇതുമായി ബന്ധപ്പെട്ട് പ്രഥമിക അന്വേഷണം നടത്തിയപ്പോൾ പണം കൈമാറിയതായി ബോധ്യപ്പെടുകയും സേവന നികുതി അടച്ചിട്ടില്ലെന്ന് മനസിലാക്കുകയും ചെയ്തു. ഇതേത്തുടർന്ന് ആദ്യം നോട്ടീസും പിന്നീട് സമൻസും അയക്കുകയായിരുന്നു. അന്വേഷണം നടക്കുന്നതിനിടെ ഉദ്യോഗസ്ഥനെ തിരുവനന്തപുരത്തേക്കു സ്ഥലംമാറ്റി. ഇതോടെ ഫയൽ ചുവപ്പ് നാടയിലായി. യു.ഡി.എഫ്. സർക്കാർ അധികാരത്തിലേറിയതോടെ ആ ഫയൽ വീണ്ടുമെടുത്തു. തുടർന്നാണ് സമൻസ് അയച്ചതും മൊഴിയെടുത്തതും.

Content Highlights: Investigation into 126 crore transaction for a failed Messi Kerala visit project., GST department demands 22.68 crore in service tax under reverse charge mechanism., Anto Augustian claims tax exemption as the visit did not materialize., GST officials maintain that the transaction mandates tax liability regardless of the visit outcome., Political controversy surrounding the project initiated during the previous LDF government.