ഭൂമി തരംമാറ്റാൻ കൈക്കൂലി; ഉദ്യോഗസ്ഥൻ ജിപേയിൽ വാങ്ങിയത് 4.59 ലക്ഷം

തിരുവനന്തപുരം: റവന്യൂ ഓഫീസുകളിലെ വിജിലന്‍സ് പരിശോധനയില്‍ കുടുങ്ങിയ ഉദ്യോഗസ്ഥരുടെ പണമിടപാട് പരിശോധിക്കുന്നു. ഭൂമി തരംമാറ്റലിലെ ക്രമക്കേടുമായി ബന്ധപ്പെട്ടായിരുന്നു വിജിലന്‍സ് നടപടി. ഇടനിലക്കാരുമായി ബന്ധമുണ്ടെന്ന് സംശയമുള്ള ഉദ്യോഗസ്ഥരുടെയും ബന്ധുക്കളുടെയും പണമിടപാടാണ് അന്വേഷിക്കുന്നത്.
മൂവാറ്റുപുഴ റവന്യൂ ഡിവിഷണല്‍ ഓഫീസിലെ ഒരു ഉദ്യോഗസ്ഥന്‍ തരംമാറ്റല്‍ പ്രക്രിയയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ഏജന്‍സിയില്‍നിന്നു 4,59,000 രൂപ ഗൂഗിള്‍ പേവഴി കൈപ്പറ്റിയത് കണ്ടെത്തിയിട്ടുണ്ട്. ഈ ഓഫീസിലെ മറ്റൊരു ഉദ്യോഗസ്ഥന്റെ 1,69,000 രൂപയുടെ ഗൂഗിള്‍ പേ ഇടപാടിലും സംശയമുണ്ട്.
നെല്‍വയല്‍-തണ്ണീര്‍ത്തട സംരക്ഷണനിയമത്തിലെയും ചട്ടങ്ങളുടെയും വ്യവസ്ഥയ്ക്കു വിരുദ്ധമായി തണ്ണീര്‍ത്തടങ്ങളും നെല്‍വയലുകളും ഡേറ്റാബാങ്കില്‍നിന്നു വ്യാപകമായി ഒഴിവാക്കുന്നതായി പരാതി ലഭിച്ചതിനെത്തുടര്‍ന്നാണ് 'ഓപ്പറേഷന്‍ ഹരിതകവചം' എന്ന പേരില്‍ വിജിലന്‍സ് പരിശോധന നടത്തിയത്.
മലപ്പുറത്ത് ഡേറ്റാ ബാങ്കില്‍നിന്ന് ഒഴിവാക്കുന്നതിനുള്ള അപേക്ഷ നിരാകരിച്ചശേഷം വസ്തു മറ്റൊരാളുടെ പേരില്‍ രജിസ്റ്റര്‍ചെയ്ത്, ഉദ്യോഗസ്ഥരെ സ്വാധീനിച്ച് തരംമാറ്റല്‍ ഉത്തരവ് നേടിയെടുത്തായി കണ്ടെത്തി.
തളിപ്പറമ്പ് ആര്‍ഡിഒ ഓഫീസില്‍, ഡേറ്റാബാങ്കില്‍ ഉള്‍പ്പെട്ട ഭൂമി, കൃഷിഓഫീസറുടെ റിപ്പോര്‍ട്ടില്ലാതെ ഒഴിവാക്കി നല്‍കിയതായി തെളിഞ്ഞു. പലജില്ലകളിലും വര്‍ഷങ്ങളായി തീര്‍പ്പാക്കാതെ അപേക്ഷ കെട്ടിക്കിടക്കുകയാണ്. സംശയമുള്ള കേസുകളില്‍ റിമോട്ട് സെന്‍സിങ് ആന്‍ഡ് എന്‍വയണ്‍മെന്റ് സെന്ററില്‍നിന്നു ഉപഗ്രഹചിത്രം ഉള്‍പ്പെടെ ശേഖരിച്ച് പരിശോധിക്കാനാണ് വിജിലന്‍സ് തീരുമാനം.
Content Highlights: Vigilance probe uncovers massive bribery for land conversion in revenue offices. Official caught receiving lakhs via GPay. Investigation into corrupt officials and agents underway. Read more for details.