വിദ്യാർഥികൾക്ക് മുന്നിലൂടെ അധ്യാപികയെ പിടിച്ചുവലിച്ചു കൊണ്ടുപോയി; വെടിവെച്ച് കൊലപ്പെടുത്തി മുൻകാമുകൻ, ശേഷം ആത്മഹത്യചെയ്തു

ലഖ്‌നൗ: പ്രണയബന്ധം അവസാനിപ്പിച്ചതിലെ വൈരാഗ്യത്തിന് അധ്യാപികയെ ക്ലാസ്മുറിയിൽ നിന്നും പിടിച്ചിറക്കി വെടിവെച്ച് കൊലപ്പെടുത്തി മുൻകാമുകൻ. ശേഷം ഇയാൾ സ്വയം വെടിവെച്ച് ജീവനൊടുക്കി. ഉത്തർപ്രദേശിലെ ലഖിംപുർ ഖേരിയിലുള്ള ഒരു സ്‌കൂളിൽവെച്ചാണ് ഈ ദാരുണമായ സംഭവം നടന്നത്. പ്രണയബന്ധം തകർന്നതിലുള്ള പകയാണ് യുവാവിനെ ഈ അക്രമത്തിന് പ്രേരിപ്പിച്ചതെന്നാണ് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമാകുന്നതെന്ന് പോലീസ് പറഞ്ഞു.
മുഹമ്മദ് സൗദ് എന്ന 27-കാരനാണ് യുപി സ്‌കൂളിലെ അധ്യാപികയായ 26-കാരിയായ നിഷാത് ഫാത്തിമയെ വിദ്യാർത്ഥികളുടെ മുന്നിൽവെച്ച് വെടിവെച്ച് കൊലപ്പെടുത്തിയതിന് ശേഷം സ്വയം ജീവനൊടുക്കിയത്. ഫാത്തിമയും സൗദും പ്രണയത്തിലായിരുന്നുവെന്നും അടുത്തകാലത്താണ് ഫാത്തിമ ഈ ബന്ധം അവസാനിപ്പിച്ചത് എന്നുമാണ് വിവരം.
ലഖിംപുർ ഖേരിയിലുള്ള ചിൽഡ്രൻസ് അക്കാദമി സ്‌കൂളിൽവെച്ച് തിങ്കളാഴ്ച രാവിലെ 11:30-ഓടെയാണ് സംഭവം നടന്നത്. കഴിഞ്ഞ ഒരു വർഷമായി ഈ സ്‌കൂളിൽ അധ്യാപികയായി ജോലിചെയ്ത് വരികയായിരുന്നു ഫാത്തിമ. സംഭവദിവസം ബാഗിൽ തോക്ക് ഒളിപ്പിച്ചാണ് സൗദ് സ്‌കൂളിലെത്തിയതെന്ന് പോലീസ് പറഞ്ഞു.
അയാൾ ഫാത്തിമയെ ക്ലാസ്മുറിയിൽനിന്നും പുറത്തേക്ക് വിളിച്ചുവരുത്തുകയും പിന്നീട് മുകളിലത്തെ നിലയിലെ ഇടനാഴിയിലേക്ക് കൂട്ടിക്കൊണ്ടുപോകുകയും ചെയ്തു. ഇരുവരും മുകളിലേക്ക് പോയപ്പോൾ സ്‌കൂളിലെ ഒരു ജീവനക്കാരൻ ഇവരെ പിന്തുടർന്നിരുന്നതായി മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ കൂട്ടിച്ചേർത്തു.
ഇടനാഴിയിൽവെച്ച് സംസാരിക്കുന്നതിനിടയിൽ സൗദ് തോക്കെടുത്ത് ഫാത്തിമയുടെ തലയ്ക്ക് വെടിയുതിർക്കുകയായിരുന്നു. തുടർന്ന് അയാൾ സ്വയം വെടിവെക്കുകയും ചെയ്തു. രണ്ടുപേരും സംഭവസ്ഥലത്ത് വെച്ചുതന്നെ മരിച്ചു. വിദ്യാലയത്തിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽനിന്നും ചെറിയ കുട്ടികൾ നോക്കിനിൽക്കെയാണ് സൗദ് ഫാത്തിമയെ കൈയ്ക്കു പിടിച്ച് മുകളിലത്തെ നിലയിലേക്ക് വലിച്ച് കൊണ്ടുപോയതെന്ന് വ്യക്തമാണ്. അയാൾ വലിച്ചിഴയ്ക്കുമ്പോൾ ഫാത്തിമ എതിർക്കാൻ ശ്രമിക്കുന്നതും ദൃശ്യങ്ങളിൽ കാണാം.
നാല് റൗണ്ട് വെടിവെപ്പുണ്ടായതായി ദൃക്‌സാക്ഷികളെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. വെടിയൊച്ച കേട്ടതോടെ വിദ്യാർത്ഥികളും സ്‌കൂൾ ജീവനക്കാരും പരിഭ്രാന്തരായി. ജീവനക്കാർ വിവരമറിയിച്ചതിനെ തുടർന്ന് പോലീസ് ഉടൻതന്നെ സ്ഥലത്തെത്തി. അഞ്ചാം ക്ലാസ് വരെയുള്ള കുട്ടികൾ പഠിക്കുന്ന സ്‌കൂളാണിതെന്ന് പോലീസ് അറിയിച്ചു.
സ്‌കൂളിലെ സുരക്ഷാ ക്രമീകരണങ്ങളും പ്രവേശന രീതികളും സിസിടിവി ദൃശ്യങ്ങളും പോലീസ് പരിശോധിച്ചു വരികയാണ്. 'പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷമേ ഈ വിഷയത്തിൽ കൂടുതൽ വ്യക്തത വരൂ.' എന്ന് പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. സ്‌കൂളിന്റെ സുരക്ഷാ മാനദണ്ഡങ്ങൾ പരിശോധിക്കുമെന്നും എന്തെങ്കിലും വീഴ്ചകൾ കണ്ടെത്തിയാൽ ആവശ്യമായ നിർദ്ദേശങ്ങൾ നൽകുമെന്നും ഉദ്യോഗസ്ഥൻ കൂട്ടിച്ചേർത്തു.
Content Highlights: A man named Muhammad Saud shot and killed his ex-girlfriend, teacher Nishat Fatima, in front of students at a school in Lakhimpur Kheri, Uttar Pradesh, before taking his own life, driven by resentment over their broken relationship. The incident occurred at Children's Academy School, where Saud brought a concealed gun, called Fatima out of her classroom, and shot her in the head in a hallway, as captured by CCTV footage.