കുറുവസംഘത്തിലെ പ്രധാനി; കട്ടുപൂച്ചനെ തമിഴ്‌നാട്ടില്‍നിന്ന് പിടികൂടി ആലപ്പുഴ പോലീസ്

ആലപ്പുഴ: മാസങ്ങള്‍ക്ക് മുമ്പ് ആലപ്പുഴയില്‍ മോഷണങ്ങള്‍ നടത്തിയ കുറുവസംഘത്തിലെ ഒരാള്‍കൂടി പിടിയിലായി. കുറുവസംഘാംഗമായ കമ്പം സ്വദേശി കട്ടുപൂച്ചനെയാണ് തമിഴ്‌നാട്ടിലെ മധുരയില്‍നിന്ന് ആലപ്പുഴ മണ്ണഞ്ചേരി പോലീസ് കസ്റ്റഡിയിലെടുത്തത്. ഇതോടെ ആലപ്പുഴയില്‍ നടന്ന മോഷണത്തില്‍ കുറുവസംഘത്തിലെ അവസാനപ്രതിയും പിടിയിലായതായി പോലീസ് പറഞ്ഞു.
മൂന്നുമാസം മുമ്പാണ് ആലപ്പുഴ മണ്ണഞ്ചേരിയിലെ പത്തിലധികം വീടുകളില്‍ കുറുവസംഘം മോഷണം നടത്തിയത്. അര്‍ധനഗ്നരായി മുഖംമൂടി ധരിച്ചെത്തി മോഷണം നടത്തുന്ന സംഘത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. തുടര്‍ന്ന് മണ്ണഞ്ചേരി പോലീസ് നടത്തിയ അന്വേഷണത്തില്‍ കൊച്ചിയിലെ കുണ്ടന്നൂരില്‍നിന്ന് കുറുവസംഘാംഗങ്ങളായ ചിലരെ പിടികൂടി. എന്നാല്‍, കസ്റ്റഡിയിലെടുത്തതിന് പിന്നാലെ കുറുവാസംഘാംഗമായ സന്തോഷ് ശെല്‍വന്‍ പോലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞത് വലിയ വാര്‍ത്തയായിരുന്നു. ഒടുവില്‍ മണിക്കൂറുകള്‍ നീണ്ട തിരച്ചലിനൊടുവില്‍ കായല്‍ക്കരയിലെ ചെളിയില്‍ ഒളിച്ചിരുന്ന സന്തോഷിനെ അതിസാഹസികമായാണ് പോലീസ് പിടികൂടിയത്.
കുണ്ടന്നൂരില്‍നിന്ന് സന്തോഷ് അടക്കമുള്ളവരെ കണ്ടെത്തിയെങ്കിലും ഇവരുടെ കൂട്ടാളികളെ പിടികൂടാനായിരുന്നില്ല. തുടര്‍ന്ന് മണ്ണഞ്ചേരി പോലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് കുറുവസംഘത്തിലെ പ്രധാനികളിലൊരാളായ കട്ടുപൂച്ചനെ തമിഴ്‌നാട്ടിലെ മധുരയില്‍നിന്ന് പിടികൂടിയത്. കഴിഞ്ഞദിവസം മധുരയിലെത്തിയ പോലീസ് സംഘം ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
Content Highlights: kuruva sangam main accused kattupoochan arrested by alappuzha mannanchery police