17 പവനും ഐഫോണും തട്ടിയെടുത്ത കേസിൽ സംസാരശേഷിയില്ലാത്ത യുവാവ് പിടിയിൽ; കബളിപ്പിക്കപ്പെട്ടതും സംസാരശേഷിയില്ലാത്ത ദമ്പതികൾ

പ്രതീകാത്മകചിത്രം | AFP
പ്രതീകാത്മകചിത്രം | AFP

കുന്നംകുളം: ഭർത്താവിന് വിദേശത്ത് ജോലി വാഗ്ദാനംചെയ്ത് സംസാരശേഷിയില്ലാത്ത സ്ത്രീയുടെ 17 പവൻ സ്വർണാഭരണവും ഐഫോണും കവർന്ന കേസിലെ പ്രതിയെ കുന്നംകുളം എസിപി സി.ആർ. സന്തോഷിന്റെ നേതൃത്വത്തിൽ പിടികൂടി. മലപ്പുറം പള്ളിപ്പുറം പെരുന്തല്ലൂർ സ്വദേശി, സംസാരശേഷിയില്ലാത്ത അറപ്പയിൽ വീട്ടിൽ മുഹമ്മദ് റാഷിദി(26)നെയാണ് പോലീസ് എറണാകുളത്തുനിന്ന് അറസ്റ്റുചെയ്തത്.

ബധിരരും മൂകരും മാത്രമുള്ള വാട്സ്ആപ് ഗ്രൂപ്പിലാണ് ഇവർ ചാറ്റിലൂടെ പരിചയപ്പെട്ടത്. ഭർത്താവിന് ഗൾഫിൽ ജോലി നൽകാമെന്ന് വാഗ്ദാനം ചെയ്യുകയായിരുന്നു. പണം നൽകിയാൽ ഗൾഫിൽ കൊണ്ടുപോകാമെന്ന് വിശ്വസിപ്പിച്ചു. പിന്നീട് ചാറ്റ് ഭർത്താവിനെ അറിയിക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയാണ് കുന്നംകുളത്തേക്ക് വിളിച്ചുവരുത്തി 17 പവൻ ആഭരണങ്ങളും ഐഫോണും തട്ടിയെടുത്തത്.

സൈബർ സെല്ലിന്റെ സാങ്കേതിക സഹായത്തോടെയുള്ള അന്വേഷണത്തിൽ പ്രതിയെ എറണാകുളത്തുനിന്ന് പിടികൂടി. പ്രതിയുടെ പേരിൽ തിരൂർ പോലീസ് സ്റ്റേഷനിൽ രണ്ട് കേസും ചാലിശ്ശേരി സ്റ്റേഷനിൽ ഇതേരീതിയിലുള്ള ഒരു കേസുമുണ്ട്. ചാലിശ്ശേരിയിലെ കേസിൽ ജയിൽശിക്ഷ അനുഭവിച്ച് വന്നിരുന്നയാളാണ്. എസ്എച്ച്ഒ കെ.ജി. ജയപ്രദീപ്, എസ്ഐ സി.പി. ജാബിർ, വി.ബി. അനൂപ്, സുകുമാരൻ, അനീഷ്, മനീഷ്, അഖിൽകൃഷ്ണ എന്നിവരാണ് അന്വേഷണസംഘത്തിലുണ്ടായിരുന്നത്.

Content Highlights: Kunnamkulam police arrested a man who cheated a deaf woman, stealing 17 sovereigns of gold and an iPhone by promising her husband a foreign job. Investigation ongoing.