'താമസിയാതെവരും', ആ മറുപടിയിൽ സംശയം; യുവാവിന്റെ മൃതദേഹാവശിഷ്ടങ്ങൾക്കായി സരോവരത്തെ ചതുപ്പിൽ തിരച്ചിൽ

കോഴിക്കോട്: ആറരവര്‍ഷംമുന്‍പ് കാണാതായ യുവ ഇലക്ട്രീഷ്യന്റെ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്താന്‍ സരോവരത്തെ കണ്ടല്‍ക്കാടിനോടുചേര്‍ന്ന ചതുപ്പില്‍ പോലീസ് ബുധനാഴ്ച തിരച്ചിലാരംഭിച്ചു. എന്നാല്‍, രാവിലെമുതല്‍ വിപുലമായ സന്നാഹത്തോടെ തുടങ്ങിയ തിരച്ചിലിന് കനത്തമഴയും ആഴത്തിലുള്ള ചെളിയും തിരിച്ചടിയായി. തിരച്ചില്‍ വ്യാഴാഴ്ച തുടരും.
വെസ്റ്റ്ഹില്‍ ചുങ്കം വേലത്തിപടിക്കല്‍ വീട്ടില്‍ വിജിലിന്റെ (29) മൃതദേഹം ഇവിടത്തെ ചതുപ്പില്‍ കല്ലുകെട്ടിതാഴ്ത്തിയെന്ന കുറ്റസമ്മതമൊഴിയെത്തുടര്‍ന്നാണ് പ്രതികളെ എത്തിച്ച് തിരച്ചില്‍ നടത്തിയത്.
കേസില്‍ എലത്തൂര്‍ പോലീസ് അറസ്റ്റുചെയ്ത രണ്ടുപ്രതികളില്‍ മുഖ്യപ്രതിയായ കെ.കെ. നിഖിലിനെ സ്ഥലത്തെത്തിച്ചാണ് തിരച്ചില്‍ നടത്തിയത്.
ഏക്കറുകളോളം വരുന്ന തണ്ണീര്‍ത്തട-കണ്ടല്‍പ്രദേശത്തിന്റെ കരയോടുചേര്‍ന്ന ചതുപ്പില്‍ ഒളിപ്പിച്ചുവെന്നാണ് പ്രതി മൊഴിനല്‍കിയത്. സാധാരണ ഭൂനിരപ്പില്‍നിന്ന് നാലടിയോളം താഴ്ചയില്‍ ചെളിനിറഞ്ഞിരുന്നു. ഇതിലെ വെള്ളം മോട്ടോര്‍വെച്ച് പുറത്തേക്ക് അടിച്ചശേഷം നാലുപേര്‍ ഇറങ്ങി തിരച്ചില്‍ നടത്തി. ഉച്ചതിരഞ്ഞ് മണ്ണുമാന്തി കൊണ്ടുവന്ന് ചെളിവാരാന്‍ ശ്രമിച്ചെങ്കിലും യന്ത്രം ചെളിയില്‍ താഴുന്ന അവസ്ഥയുണ്ടായി. തുടര്‍ന്ന്, ഹൈഡ്രോളിക് പ്രൊക്‌ളെയ്‌നര്‍ എത്തിച്ച് തിരച്ചില്‍ തുടരാന്‍ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല.
കോഴിക്കോട് താലൂക്ക് തഹസില്‍ദാര്‍ എ.എം. പ്രേംലാലിന്റെ നേതൃത്വത്തില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ഫൊറന്‍സിക് മെഡിസിന്‍ പോലീസ് സര്‍ജന്റെ മേല്‍നോട്ടത്തിലാണ് മൃതദേഹാവശിഷ്ടങ്ങള്‍ പുറത്തെടുക്കാനുള്ള നടപടി (എക്‌സ്ഹ്യുമേഷന്‍) നടന്നത്.
ടൗണ്‍ അസി. കമ്മിഷണര്‍ ടി.കെ. അഷ്‌റഫ്, സ്‌പെഷ്യല്‍ ബ്രാഞ്ച് അസി. കമ്മിഷണറുടെ ചുമതല വഹിക്കുന്ന നര്‍ക്കോട്ടിക് അസി. കമ്മിഷണര്‍ കെ.എ. ബോസ്, അന്വേഷണ ഉദ്യോഗസ്ഥനായ എലത്തൂര്‍ ഇന്‍സ്‌പെക്ടര്‍ കെ.ആര്‍. രഞ്ജിത്ത്, പോലീസ് ഫൊറന്‍സിക് സയന്റിഫിക് ഓഫീസര്‍മാരായ കെ. ഫെബിന്‍, ഡോ. സി. അജിന, അഷ്‌ന എന്നിവരുള്‍പ്പെടെ വലിയ സന്നാഹവും ഒപ്പമുണ്ടായിരുന്നു. തിരച്ചില്‍ നടക്കുന്ന ചതുപ്പുപ്രദേശത്തിന്റെ ഇരുന്നൂറുമീറ്റര്‍ ചുറ്റളവില്‍ പൊതുജനങ്ങളെയും മാധ്യമപ്രവര്‍ത്തകരെയും തടഞ്ഞു.
2019 മാര്‍ച്ച് 24-ന് ഉച്ചയോടെ ബ്രൗണ്‍ഷുഗര്‍ അമിത അളവില്‍ കുത്തിവെച്ചതിനെത്തുടര്‍ന്നാണ് വിജില്‍ മരിച്ചതെന്നാണ് പ്രതികളുടെ മൊഴി. പിറ്റേദിവസം ചതുപ്പില്‍ കല്ലുകെട്ടി താഴ്ത്തിയശേഷം രണ്ടുദിവസംകഴിഞ്ഞ് കൂടുതല്‍ കരിങ്കല്‍ ദേഹത്ത് വെച്ചെന്നും എട്ടുമാസം കഴിഞ്ഞപ്പോള്‍ ചതുപ്പില്‍ നിന്ന് അസ്ഥിക്കഷണങ്ങളെടുത്ത് മരണാനന്തരകര്‍മം വരയ്ക്കല്‍ കടപ്പുറത്തുപോയി ചെയ്‌തെന്നും മൊഴിയുണ്ട്.
എരഞ്ഞിപ്പാലം സരോവരത്തിനടുത്ത് വാഴതിരുത്തി കുളങ്ങരകണ്ടി വീട്ടില്‍ കെ.കെ. നിഖില്‍ (35), പൂവാട്ടുപറമ്പ് സ്വദേശി രഞ്ജിത്ത് (36), വേങ്ങേരി തടമ്പാട്ടുതാഴം ചെന്നിയാംപൊയില്‍ വീട്ടില്‍ എസ്. ദീപേഷ് (37) എന്നിവരുടെ പേരിലാണ് എലത്തൂര്‍ പോലീസ് കേസെടുത്തത്. ഇതില്‍ രഞ്ജിത്തിനെ ഇതുവരെ അറസ്റ്റുചെയ്യാനായിട്ടില്ല. പ്രതികള്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ കല്ലായി റെയില്‍വേ സ്റ്റേഷനോടുചേര്‍ന്ന കുറ്റിക്കാട്ടില്‍നിന്ന് വിജിലിന്റെ ബൈക്ക് കണ്ടെത്തിയിരുന്നു.
വിജിലിന്റെ മരണം: വഴിത്തിരിവായത് ഫോണ്‍ സന്ദേശം
കോഴിക്കോട്: കേസന്വേഷണത്തിന്റെ ആരംഭഘട്ടത്തില്‍ കോവിഡ് വ്യാപനവും സാമൂഹിക അകലവും തടസ്സമായെങ്കിലും വഴിത്തിരിവായത് വിജിലിന്റെ ഫോണില്‍ വന്ന സന്ദേശമായിരുന്നു. 2019 മാര്‍ച്ച് 24-ന് ഉച്ചയോടെ വിജിലിന്റെ ഫോണ്‍ ഓഫായി. പിറ്റേദിവസം ഉച്ചയ്ക്ക് ഫോണില്‍ ഒരു സന്ദേശം വന്നതായി കോള്‍ഡേറ്റ റെക്കോഡില്‍നിന്ന് പോലീസിന് വ്യക്തമായി. ഈ സമയം ഫോണിന്റെ ടവര്‍ ലൊക്കേഷന്‍ കോഴിക്കോട് റെയില്‍വേ സ്റ്റേഷന്‍ പരിസരമായിരുന്നു. ഈ ശാസ്ത്രീയ വിവരങ്ങളും പ്രതികള്‍ നല്‍കിയ മൊഴിയും തമ്മില്‍ പൊരുത്തക്കേടുണ്ടായിരുന്നു. അതോടൊപ്പം, വിജിലിന്റെ അച്ഛന്‍ എന്‍.പി. വിജയന്‍ നല്‍കിയ മൊഴിയില്‍ നിഖിലിന്റെയും ദീപേഷിന്റെയും രഞ്ജിത്തിന്റെയും പെരുമാറ്റത്തിലെ അസ്വാഭാവികതയും സംശയമുണ്ടാക്കി. വളരെ അടുത്ത ബന്ധമായിരുന്നിട്ടും പിന്നീട് ഒരിക്കല്‍പ്പോലും പ്രതികള്‍ വിജിലിന്റെ വീട്ടിലെത്തി രക്ഷിതാക്കളെ ആശ്വസിപ്പിക്കാതിരുന്നതും അവരുടെ വീട്ടില്‍ വിജയന്‍ അന്വേഷിച്ചുചെല്ലുമ്പോള്‍ 'വിജില്‍ ഏറെത്താമസിയാതെ വരും' എന്ന് ആവര്‍ത്തിച്ചുകൊണ്ടിരുന്നെന്നതും പോലീസില്‍ സംശയമുണ്ടാക്കി. ഈ വിവരം എലത്തൂര്‍ ഇന്‍സ്‌പെക്ടര്‍ കെ.ആര്‍. രഞ്ജിത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തിയതോടെ ഏഴംഗ സ്‌ക്വാഡ് രൂപവത്കരിച്ച് മുംബൈ ഉള്‍പ്പെടെയുള്ളയിടങ്ങളില്‍ അന്വേഷണം നടത്തി. ഇതില്‍നിന്നും ചില നിര്‍ണായകവിവരങ്ങള്‍ ലഭിച്ചു. എസ്‌ഐമാരായ വി.ടി. ഹരീഷ് കുമാര്‍, പി.കെ. സുരേഷ് കുമാര്‍, സിപിഒമാരായ നൈജീഷ് ടി. രാജ്, കെ. മധുസൂദനന്‍ എന്നിവരായിരുന്നു മറ്റ് സ്‌ക്വാഡംഗങ്ങള്‍.
Content Highlights: kozhikode vijil drug overdose death: searching in sarovaram park