മരണത്തിൽ സംശയമെന്ന് ഭാര്യ; കോഴിക്കോട്ട് യുവാവിന്റെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോർട്ടം ചെയ്യും

അസീം
അസീം

കോഴിക്കോട്: മരണത്തില്‍ ബന്ധുക്കള്‍ സംശയംപ്രകടിപ്പിച്ചതിനെത്തുടര്‍ന്ന് സംസ്‌കരിച്ച മൃതദേഹം വ്യാഴാഴ്ച പുറത്തെടുക്കും. കോണാട് ബീച്ചില്‍ തോണിച്ചാല്‍ വീട്ടില്‍ അസീമി(40)ന്റെ മൃതദേഹമാണ് പോസ്റ്റ്മോര്‍ട്ടം നടത്തി, മരണകാരണം സ്ഥിരീകരിക്കാന്‍ വെള്ളയില്‍ പോലീസ് തീരുമാനിച്ചത്.

ബുധനാഴ്ച പുറത്തെടുക്കാനായിരുന്നു തീരുമാനിച്ചത്. എന്നാല്‍, ഇതുസംബന്ധിച്ച ജില്ലാഭരണകൂടത്തിന്റെ അനുമതി പോലീസിനുലഭിക്കാന്‍ വൈകിയതുകൊണ്ടും മൃതദേഹം പുറത്തെടുക്കല്‍ പൂര്‍ണമായും പകല്‍വെളിച്ചത്തിലേ പാടുള്ളൂവെന്നതുകൊണ്ടുമാണ് വ്യാഴാഴ്ചത്തേക്കുമാറ്റിയത്. തോപ്പയില്‍ ജുമാമസ്ജിദ് കബര്‍സ്ഥാനില്‍ ഞായറാഴ്ചയാണ് മൃതദേഹം സംസ്‌കരിച്ചത്.

ശനിയാഴ്ച ഒന്‍പതുമണിയോടുകൂടി സ്വന്തംവീട്ടില്‍ അബോധാവസ്ഥയില്‍ കിടക്കുകയായിരുന്ന അസീമിനെ ഭാര്യയും ബന്ധുക്കളുംചേര്‍ന്ന് ആദ്യം ബീച്ചാശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജിലും വിദഗ്ധചികിത്സയ്ക്കായി എത്തിച്ചു. എന്നാല്‍, ചികിത്സയിലിരിക്കെ ഏഴിന് പുലര്‍ച്ചെ രണ്ടിന് മരിച്ചു. നെഞ്ചിലും വലതുകൈക്കും മുഖത്തും പരിക്കുണ്ടെന്നും അതിനാല്‍ മരണത്തില്‍ സംശയമുണ്ടെന്നും ഭാര്യ എം. സിമീനയുള്‍പ്പെടെയുള്ള ബന്ധുക്കള്‍ ഡോക്ടര്‍മാരോടും പോലീസിനോടും പറഞ്ഞതോടെയാണ് മറവുചെയ്ത മൃതദേഹം പുറത്തെടുക്കാന്‍ തീരുമാനിച്ചത്.

തിരുവോണവും നബിദിനവും ആഘോഷിക്കാന്‍വേണ്ടി ഒരു വീട്ടില്‍ പോയിരുന്നെന്ന് ബന്ധുക്കള്‍ പറഞ്ഞു. ആ വീടിനടുത്തുനിന്ന് ഒരു ബന്ധുവാണ് ബൈക്കില്‍ വീട്ടിലെത്തിച്ചത്. വീട്ടിലെത്തിയ ഉടന്‍ ഉറങ്ങാന്‍കിടന്നെന്ന് ഭാര്യ പറഞ്ഞു.എന്നാല്‍, ഏറെനേരംകഴിഞ്ഞിട്ടും ഉണരാത്തതിനാല്‍ സംശയംതോന്നി വിളിച്ചുനോക്കിയപ്പോള്‍ അബോധാവസ്ഥയിലായിരുന്നു. അതിനാലാണ് ആശുപത്രിയിലെത്തിച്ചതെന്നും ഭാര്യ സിമീന പറഞ്ഞു. തിങ്കളാഴ്ച പോലീസ് സിമീനയുടെ മൊഴി രേഖപ്പെടുത്തി അസ്വാഭാവികമരണത്തിന് കേസെടുത്തിരുന്നു. വെള്ളയില്‍ എസ്ഐ എം. അഭിലാഷ്, എഎസ്ഐ പി.കെ. ഷിജി എന്നിവരാണ് അന്വേഷണോദ്യോഗസ്ഥര്‍.

Content Highlights: Police exhume body in Kozhikode after family raises suspicion about death.