കുടുംബവഴക്ക് അന്വേഷിക്കാനെത്തി; യുവതിയോട് അപമര്യാദയായി പെരുമാറിയ പോലീസുകാരനെതിരെ കേസ്

കോഴിക്കോട്: കുടുംബവഴക്ക് അന്വേഷിക്കാനെത്തിയപ്പോൾ യുവതിയോട് മോശമായി പെരുമാറിയെന്ന പരാതിയിൽ പോലീസുകാരനെതിരെ കേസെടുത്തു. നടക്കാവ് പോലീസ് സ്റ്റേഷനിലെ സിപിഒ ആയിരുന്ന രഞ്ജിത്തിനെതിരെയാണ് നടക്കാവ് പോലീസ് കേസെടുത്തത്. നിലവിൽ കൺട്രോൾ റൂമിൽ ജോലിചെയ്യുന്ന രഞ്ജിത്തിനെതിരെ ലൈംഗികാതിക്രമത്തിനാണ് കേസെടുത്തിരിക്കുന്നത്.
കഴിഞ്ഞ മെയ് 29-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. നടക്കാവിലെ ഒരു അപ്പാർട്ട്മെന്റിൽ താമസിക്കുന്ന ദമ്പതികൾ തമ്മിൽ വഴക്കുണ്ടാകുന്നു എന്ന വിവരം ലഭിച്ചതിനെത്തുടർന്ന് അന്വേഷിക്കാനായി രഞ്ജിത്തും ഒരു എ.എസ്.ഐയും സ്ഥലത്തെത്തിയിരുന്നു. ഭാര്യയും ഭർത്താവും തമ്മിലുള്ള പ്രശ്നം പരിഹരിക്കാൻ ഇടപെടുന്നതിനിടയിൽ യുവതിയെ ആശ്വസിപ്പിക്കാനെന്ന വ്യാജേന രഞ്ജിത്ത് മോശമായി പെരുമാറുകയായിരുന്നു എന്ന് പരാതിയിൽ പറയുന്നു.
തുടർന്ന് യുവതി നടക്കാവ് സ്റ്റേഷനിൽ പരാതി നൽകി. ഈ പരാതിയിൽ പ്രാഥമിക അന്വേഷണം നടത്തിയ ശേഷമാണ് ഇപ്പോൾ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഭാരതീയ ന്യായസംഹിത 75-ാം വകുപ്പ് പ്രകാരമാണ് രഞ്ജിത്തിനെതിരെ കേസെടുത്തിട്ടുള്ളത്. സംഭവം നടക്കുമ്പോൾ നടക്കാവ് സ്റ്റേഷനിലായിരുന്ന ഇയാളെ പിന്നീട് ഉണ്ടായ ട്രാൻസ്ഫറിൽ കൺട്രോൾ റൂമിലേക്ക് മാറ്റിയിരുന്നു.
Content Highlights: A police officer in Kozhikode has been officially charged with sexual harassment following allegations that he misbehaved with a woman while responding to a domestic dispute call at her residence.