പണം നൽകിയിട്ടും വൈദ്യുതി ബിൽ അടച്ചില്ല, ചോദിച്ചപ്പോൾ മാതാവിനെതിരേ ക്രൂരമായ ആക്രമണം; മകനെതിരേ കേസ്

#ന്യൂസ് ഡെസ്ക്
പ്രതീകാത്മകചിത്രം | Photo: Mathrubhumi
പ്രതീകാത്മകചിത്രം | Photo: Mathrubhumi

നാദാപുരം (കോഴിക്കോട്): വൈദ്യുതി ബിൽ അടയ്ക്കാത്തത് ചോദ്യം ചെയ്ത മാതാവിനെ മകൻ ക്രൂരമായി മർദിച്ചതായി പരാതി. കോഴിക്കോട് നാദാപുരത്തിനടുത്ത് ഇരിങ്ങണ്ണൂരിലാണ് സംഭവം. പോത്തേരി വീട്ടിൽ പി. സുഹറയുടെ (59) പരാതിയിൽ മകൻ യാസിറിനെതിരെ നാദാപുരം പൊലീസ് കേസെടുത്തു.

വീട്ടിലെ വൈദ്യുതി ബിൽ അടയ്ക്കാനായി സുഹറ യാസിറിന്റെ കയ്യിൽ പണം നൽകിയിരുന്നു. എന്നാൽ ബില്ലടയ്ക്കാതെ യാസിർ ഈ പണം ചെലവാക്കി. ബിൽ കുടിശ്ശികയായതിനെത്തുടർന്ന് കെ.എസ്.ഇ.ബി. ഓഫീസിൽ നിന്ന് വിളിവന്നതോടെ, ഇക്കാര്യം സുഹറ മകനോട് ചോദിക്കുകയായിരുന്നു. ഇതിൽ പ്രകോപിതനായ യാസിർ നവംബർ 17-ന് രാത്രി ഒൻപത് മണിയോടെ മാതാവിനെ ക്രൂരമായി ആക്രമിക്കുകയായിരുന്നു.

അശ്ലീല ഭാഷയിൽ അസഭ്യം പറഞ്ഞ യാസിർ, സുഹറയുടെ ഇടത് കൈ പിടിച്ച് തിരിക്കുകയും തല ചുമരിൽ ഇടിപ്പിക്കുകയും വയറ്റിൽ ചവിട്ടുകയും ചെയ്തതായാണ് എഫ്.ഐ.ആറിലുള്ളത്. പരിക്കേറ്റ സുഹറ ആശുപത്രിയിൽ ചികിത്സ തേടി.

യാസിർ വീട്ടിൽ സ്ഥിരം പ്രശ്നക്കാരനാണെന്നും മദ്യപിച്ചെത്തി വീട്ടുകാരെ മർദിക്കാറുണ്ടെന്നും പൊലീസ് വ്യക്തമാക്കി. സംഭവത്തിനുശേഷം ഒളിവിൽ പോയ പ്രതിക്കായി അന്വേഷണം ഊർജിതമാക്കിയതായി നാദാപുരം പൊലീസ് അറിയിച്ചു.

Content Highlights: A 59-year-old mother, Suhara, was brutally assaulted by her son Yasir in Iringannur, Nadapuram., The dispute arose after Yasir spent the money given for the electricity bill instead of paying it., The accused physically abused his mother, causing injuries for which she sought medical treatment., Nadapuram police registered a case and launched a manhunt for the absconding accused.