എലത്തൂരിലേത് കൊലപാതകം തന്നെയെന്ന് ഉറപ്പിച്ച് CCTV ദൃശ്യങ്ങൾ; മൃതദേഹം കൊണ്ടുപോകുന്ന ദൃശ്യങ്ങൾ പുറത്ത്

കോഴിക്കോട്: എലത്തൂരിലെ ഇൻഡസ്ട്രിയൽ വർക്ക്ഷോപ്പിനുള്ളിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം ആസൂത്രിതമായ കൊലപാതകമാണെന്ന് തെളിയിക്കുന്ന കൂടുതൽ ദൃശ്യങ്ങൾ പുറത്തുവന്നു. പ്രതി വൈശാഖന്റെ വർക്ക്ഷോപ്പിന് സമീപത്തുള്ള സിസിടിവി ക്യാമറയിൽ നിന്നാണ് കൊലപാതകത്തിന് ശേഷം യുവതിയുടെ മൃതദേഹം കാറിലേക്ക് മാറ്റുന്ന ദൃശ്യങ്ങൾ പോലീസിന് ലഭിച്ചത്.
ഈ മാസം 24-ാം തീയതി ശനിയാഴ്ചയാണ് യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. പ്രതിയുടെ ഉടമസ്ഥതയിലുള്ള വർക് ഷോപ്പാണിത്. വർഷങ്ങളായി ഇയാളും യുവതിയും തമ്മിൽ പ്രണയത്തിലായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. ചെറിയ പ്രായം മുതൽതന്നെ പ്രതി ഇവരെ ലൈംഗികമായി പീഡിപ്പിച്ചിരുന്നെന്നും ചോദ്യംചെയ്യലിൽ വ്യക്തമായി.
അടുത്ത കാലത്ത്, തന്നെ വിവാഹംകഴിക്കണമെന്ന് യുവതി ആവശ്യപ്പെട്ടിരുന്നു. എന്നാൽ, പ്രതി ഒഴിഞ്ഞുമാറി. ഒന്നിച്ചു ജീവിക്കാൻ പറ്റില്ലെങ്കിലും ഒന്നിച്ചു മരിക്കാമെന്ന് പറഞ്ഞ് ഇയാൾ യുവതിയെ വർക് ഷോപ്പിലേക്ക് വിളിച്ചു വരുത്തുകയായിരുന്നു. രണ്ടുപേർക്കും മരിക്കാനായി കുരുക്ക് തയ്യാറാക്കിയ പ്രതി, യുവതി കഴുത്തിൽ കുരുക്കിട്ടയുടൻ സ്റ്റൂൾ തട്ടിമാറ്റുകയായിരുന്നു. മരണം ഉറപ്പിച്ചതിനു പിന്നാലെ വൈശാഖൻ ഭാര്യയെ സ്ഥലത്തേക്ക് വിളിച്ചുവരുത്തി. യുവതി വർക്ക്ഷോപ്പിനുള്ളിൽ ആത്മഹത്യ ചെയ്തുവെന്ന് ഭാര്യയെ വിശ്വസിപ്പിക്കുകയും അവരുടെ സഹായത്തോടെ മൃതദേഹം കാറിലേക്ക് മാറ്റുകയുമായിരുന്നു. സമീപത്തെ ഒരു വീട്ടിലെ സിസിടിവിയിൽ പതിഞ്ഞ ഈ ദൃശ്യങ്ങളിൽ ഭാര്യയോടൊപ്പം ചേർന്നാണ് മൃതദേഹം കാറിൽ കയറ്റുന്നതെന്ന് വ്യക്തമാണ്. ഇതിന് ശേഷമാണ് മൃതദേഹം ആശുപത്രിയിലേക്ക് കൊണ്ടുപോയത്.
പ്രതിയായ വൈശാഖനുമായി യുവതി പ്രണയത്തിലായിരുന്നുവെന്നും ഈ ബന്ധം തന്റെ ഭാര്യ അറിയുമോ എന്ന ഭയമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നുമാണ് വൈശാഖന്റെ മൊഴി. സംഭവം ആത്മഹത്യയാണെന്ന് വരുത്തിത്തീർക്കാൻ പ്രതി തുടക്കം മുതൽ ശ്രമിച്ചിരുന്നെങ്കിലും പോലീസിന്റെ ഇടപെടലിലൂടെ നീക്കം പരാജയപ്പെടുകയായിരുന്നു.
മരണത്തിൽ സംശയം തോന്നിയ പോലീസ് ഇൻഡസ്ട്രിയൽ വർക്ക്ഷോപ്പ് സീൽ ചെയ്യുകയും അവിടുത്തെ ദൃശ്യങ്ങൾ പരിശോധിക്കുകയും ചെയ്തപ്പോഴാണ് വിവരങ്ങൾ പുറത്തുവന്നത്. യുവതി ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയായതായും ഇത് കൊലപാതകമാണെന്നും ഇതോടെ സ്ഥിരീകരിക്കപ്പെട്ടു. നിലവിൽ അറസ്റ്റിലായ വൈശാഖനെ പോലീസ് കസ്റ്റഡിയിൽ വാങ്ങിയിട്ടുണ്ട്. വെളളിയാഴ്ച പ്രതിയെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തുമെന്ന് പോലീസ് അറിയിച്ചു.