മെഡിക്കല്‍ കോളേജ് ഐ.സി.യു പീഡനം;ചുട്ടുപൊള്ളുന്ന വെയിലില്‍ അതിജീവിത വീണ്ടും സമരത്തില്‍

കോഴിക്കോട്: ഐ.ജി.യുടെ ഉറപ്പും പാഴായതോടെ, മെഡിക്കല്‍ കോളേജ് ഐ.സി.യു. പീഡനക്കേസിലെ അതിജീവിത വീണ്ടും സമരവുമായി തെരുവില്‍. സിറ്റി പോലീസ് കമ്മിഷണര്‍ ഓഫീസിനുമുന്നില്‍ തിങ്കളാഴ്ച രാവിലെയാണ് വീണ്ടും സമരംതുടങ്ങിയത്. ഗൈനക്കോളജിസ്റ്റ് ഡോ. കെ.വി. പ്രീതിക്കെതിരായ അന്വേഷണറിപ്പോര്‍ട്ട് നല്‍കുന്നതുമായി ബന്ധപ്പെട്ട് ഉത്തര മേഖല ഐ.ജി. കെ. സേതുരാമന്‍ ഇതുവരെ മറുപടിനല്‍കാത്ത സാഹചര്യത്തിലാണ് സമരം പുനരാരംഭിച്ചത്.
റിപ്പോര്‍ട്ട് നല്‍കുന്നത് സംബന്ധിച്ച് മൂന്നുദിവസത്തിനകം വിവരം അറിയിക്കാമെന്ന് ഐ.ജി. ഉറപ്പു നല്‍കിയിരുന്നു. എന്നാല്‍, അഞ്ചുദിവസം കഴിഞ്ഞിട്ടും മറുപടി ലഭിക്കാത്തതിനെത്തുടര്‍ന്നാണ് വീണ്ടും സമരം ആരംഭിച്ചത്.
ഉച്ചയോടെ അതിജീവിതയും സമരസമിതി പ്രവര്‍ത്തകരും ഐ.ജി.യെ കണ്ടു. വിഷയത്തില്‍ ജില്ലാ പബ്ലിക് പ്രോസിക്യൂട്ടറോട് നിയമോപദേശം തേടാന്‍ മെഡിക്കല്‍ കോളേജ് സി.ഐ. പി. അജിത്കുമാറിനെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും അത് ലഭിച്ചാലുടന്‍ വിവരമറിയിക്കുമെന്നും െഎ.ജി. പറഞ്ഞു.
കമ്മിഷണറെ കാണാന്‍ പോയപ്പോഴും പരാതിയുടെ രശീതി ചോദിക്കാന്‍ ചെന്നപ്പോഴും കമ്മിഷണര്‍ ഓഫീസിനുമുന്നില്‍ പോലീസ് അതിജീവിതയെ തടഞ്ഞതായും ഓഫീസിലേക്കു കയറാന്‍പോലും അനുവദിച്ചില്ലെന്നും സമരസമിതി പ്രവര്‍ത്തകര്‍ ഐ.ജി.യെ അറിയിച്ചു. വിഷയത്തില്‍ കമ്മിഷണറോട് റിപ്പോര്‍ട്ട് തേടുമെന്ന് െഎ.ജി. ഉറപ്പുനല്‍കിയതായി സമരസമിതി പ്രവര്‍ത്തകന്‍ നൗഷാദ് തെക്കയില്‍ പറഞ്ഞു. ഒരു പൗരന്റെ, പ്രത്യേകിച്ച് പീഡിപ്പിക്കപ്പെട്ട ഒരു സ്ത്രീയുടെ എല്ലാ അവകാശങ്ങളും നിഷേധിക്കുന്ന സംഭവങ്ങളാണ് പോലീസിന്റെ ഭാഗത്തുനിന്നുണ്ടാവുന്നതെന്നും നൗഷാദ് തെക്കയില്‍ പറഞ്ഞു.
''മുഖ്യമന്ത്രിയുടെയും ആരോഗ്യമന്ത്രിയുടെയും ഓഫീസില്‍ പോവുമ്പോള്‍ എപ്പോഴും അനുകൂലമായ മറുപടിയാണ് ലഭിക്കുന്നത്. എന്നാല്‍, അതൊന്നും നടപ്പാക്കുന്നത് കാണുന്നില്ല. റിപ്പോര്‍ട്ട് തരാമെന്ന് പറഞ്ഞിട്ട് കാര്യമില്ലല്ലോ, അത് വാങ്ങിത്തരുന്നില്ല. അതാണ് പ്രശ്‌നം''- അതിജീവിത പറഞ്ഞു.
ആ അന്വേഷണറിപ്പോര്‍ട്ടില്‍ പുറത്തുവരരുതെന്ന് ആഗ്രഹിക്കുന്നവര്‍ ഉണ്ടായിരിക്കും. അതെന്റെ കേസിന് ബലമായി തീരുമെന്ന ഭയംകൊണ്ടായിരിക്കും തരാത്തത്. കേസ് അട്ടിമറിക്കാന്‍ ആദ്യംമുതലേ ശ്രമമുണ്ട്. അതിന്റെ തുടര്‍ച്ചയാണിതെന്നും അതിജീവിത പറഞ്ഞു. തിങ്കളാഴ്ച വൈകീട്ടും റിപ്പോര്‍ട്ട് ലഭിക്കാത്തതിനാല്‍ ചൊവ്വാഴ്ചയും സമരം തുടരും. ഡി.സി.സി. ജനറല്‍ സെക്രട്ടറി ദിനേശ് പെരുമണ്ണ, ആനന്ദകനകം എന്നിവര്‍ അതിജീവിതയ്ക്ക് പിന്തുണയുമായെത്തി.
അതിജീവിത മുഖ്യമന്ത്രിക്ക് പരാതി നല്‍കിയതിനെത്തുടര്‍ന്ന് അക്കാര്യം അന്വേഷിക്കാന്‍ കഴിഞ്ഞ ഏപ്രില്‍ 21-നാണ് ഡി.ജി.പി. െഎ.ജി.യെ ചുമതലപ്പെടുത്തി ഉത്തരവിറക്കിയത്. തുടര്‍ന്ന് അതിജീവിതയും സമരസമിതി പ്രവര്‍ത്തകരും ഐ.ജി.യെ കണ്ടപ്പോഴാണ് മൂന്നുദിവസത്തിനകം വിവരം അറിയിക്കാമെന്ന് ഉറപ്പ് നല്‍കിയത്. ഇതേത്തുടര്‍ന്ന് 23-ന് അതിജീവിത താത്കാലികമായി സമരം നിര്‍ത്തുകയായിരുന്നു.
Content Highlights: kozhikode medical college icu molestation case