യുവാവിനെ തട്ടിക്കൊണ്ടുപോയി നഗ്നദൃശ്യം പകർത്തി ബ്ലാക്മെയിൽ ചെയ്ത കേസ്; ഒരാൾ കൂടി അറസ്റ്റിൽ

#സ്വന്തം ലേഖകൻ
അതുൽ, ജിഷ്ണു
അതുൽ, ജിഷ്ണു

കോഴിക്കോട്: ബെംഗളൂരുവിലെ സുഹൃത്തിന്റെ താമസസ്ഥലത്ത് നിന്നും മലാപറമ്പ് സ്വദേശിയായ യുവാവിനെ തട്ടിക്കൊണ്ടുപോയി നഗ്നദൃശ്യം പകർത്തി മോചനദ്രവ്യം ആവശ്യപ്പെട്ട കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. കുരുവട്ടൂർ നമ്പ്യാത്ത് താഴത്ത് കനാൽ റോഡിൽ കുറ്റിയിൽ വീട്ടിൽ അതുൽ എന്നയാളാണ് അറസ്റ്റിലായത്. കണ്ണൂർ സ്വദേശിയായ ജിഷ്ണു എന്നയാളെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു.

മലാപറമ്പ് സ്വദേശിയായ യുവാവിനെ ചേവായൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ പടിഞ്ഞാറ്റുമുറി എന്ന സ്ഥലത്തെ ഒരു വാടകവീട്ടിൽ ബന്ധനസ്ഥനാക്കി ദേഹോപദ്രവം ഏൽപ്പിക്കുകയും, നഗ്നചിത്രങ്ങൾ എടുത്ത് രക്ഷിതാക്കൾക്ക് അയച്ചുകൊടുത്ത് എട്ടുലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെടുകയും ചെയ്തു എന്നതാണ് കേസ്. യുവതിയടക്കം ആറ് പേരായിരുന്നു പ്രതികൾ.

കോഴിക്കോട് മെഡിക്കൽ കോളേജ് സബ് ഡിവിഷൻ അസിസ്റ്റന്റ് കമ്മീഷണർ പ്രമോദിന്റെ സ്പെഷ്യൽ ടീം ഇൻവെസ്റ്റിഗേഷൻ അംഗങ്ങളായ അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ റഷീദ് കെ.വി., സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ മനോജ് വി.ഡി., ഗോകുൽ പ്രകാശ്, രാഗേഷ് ടി. പ്രേമൻ എന്നിവരും ചേവായൂർ പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ മുഹമ്മദ്, സിവിൽ പോലീസ് ഓഫീസർ പ്രജീഷ് എന്നിവരും ചേർന്നാണ് അതുലിനെ പിടികൂയത്.

സംഭവശേഷം സ്ഥലത്തുനിന്നും കടന്നുകളഞ്ഞ് ഒളിവിൽ പോയ പ്രതികളെ തടങ്കലിൽ നിന്നും രക്ഷപ്പെട്ട പരാതിക്കാരൻ നൽകിയ വിവരങ്ങൾ പ്രകാരവും, സാങ്കേതിക അന്വേഷണത്തിലൂടെയും പിടികൂടുകയായിരുന്നു. കേസിലെ മറ്റുപ്രതികളെ പിടികൂടുന്നതിലേക്ക് മെഡിക്കൽ കോളേജ് സബ് ഡിവിഷൻ അസിസ്റ്റന്റ് കമ്മീഷണറുടെ നേതൃത്വത്തിൽ അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.

Content Highlights: Athul arrested in connection with the Kozhikode kidnapping and blackmail case. The victim from Malaparamba was abducted from Bengaluru and held in a rented house. Accused took nude photos, sent them to parents, and demanded 8 lakh rupees as ransom. Police have intensified the search for the remaining accused.