വ്യാപാരി മുങ്ങിയത് ജൂവലറിക്കാർ വിൽക്കാനേൽപ്പിച്ച 1.39 കോടി രൂപയുടെ സ്വർണവുമായി

കോഴിക്കോട്: കോഴിക്കോട് കമ്മത്ത് ലെയ്നിലുള്ള ജൂവലറികളിൽനിന്നായി 118 പവനിലേറെവരുന്ന ആഭരണങ്ങളുമായി മറ്റൊരു ജൂവലറിക്കാരൻ കടന്നുകളഞ്ഞു. വിൽക്കാനേൽപ്പിച്ച സ്വർണവുമായി കടന്നുകളഞ്ഞെന്ന പരാതിയിൽ കോഴിക്കോട് പറമ്പിൽബസാർ സ്വദേശി സഫർനാസിനെതിരേ ടൗൺ പോലീസ് കേസെടുത്തു. 1,39,35,747 രൂപ വിലയുള്ള ആഭരണങ്ങളാണ് നഷ്ടപ്പെട്ടത്.
പതിവായി ഈ ജൂവലറികളിൽനിന്നെല്ലാം സ്വർണാഭരണങ്ങൾ വാങ്ങുകയും വിൽക്കുകയുംചെയ്യുന്ന ആളാണിതെന്ന് പോലീസ് പറഞ്ഞു. ഇത്തരത്തിൽ വിൽക്കുന്നതിലൂടെ ലഭിക്കുന്ന കമ്മിഷനാണ് സഫർനാസിന്റെ പലപ്പോഴുമുള്ള വരുമാനം. തിങ്കളാഴ്ച പല ജൂവലറികളിൽനിന്നായി സ്വർണം വാങ്ങുകയും വൈകീട്ട് കട പൂട്ടിപ്പോവുകയുമായിരുന്നു. രാത്രി സഫർനാസ് പണവുമായി എത്താതെവന്നതോടെ വ്യാപാരികൾ പരസ്പരം അന്വേഷിച്ചു. അപ്പോഴാണ് സ്വർണവുമായി ഇയാൾ മുങ്ങിയതാണെന്ന് വ്യക്തമായത്. തുടർന്ന് ചൊവ്വാഴ്ച പോലീസിൽ പരാതി നൽകി.
ന്യൂ കാരുണ്യ ഗോൾഡ് ജ്വല്ലറി ഉടമ കുണ്ടൂപ്പറമ്പ് നെല്ലിക്കാപൊയിൽ കെ.എം. രാജീവന്റെ പരാതിയിലാണ് കേസെടുത്തത്.
സ്വർണം നഷ്ടപ്പെട്ട പരാതി വന്നതുമുതൽ സഫർനാസിന്റെ മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ആണ്. ഇയാൾക്കുവേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്. കടയിലെ ജീവനക്കാരനെ ചോദ്യംചെയ്തെങ്കിലും ഉടമയെപ്പറ്റി ഇയാൾക്ക് ഒന്നുമറിയില്ലെന്നും പോലീസ് പറഞ്ഞു. ഗൾഫിലുള്ള ഒരാളുടെ ജൂവലറി വാടകയ്ക്കെടുത്താണ് സഫർനാസിന്റെ സ്ഥാപനം പ്രവർത്തിച്ചിരുന്നത്. ടൗൺ ഇൻസ്പെക്ടർ എസ്.കെ. പ്രിയനാണ് കേസന്വേഷിക്കുന്നത്.
Content Highlights: A jeweller named Safar Nas absconded with 118 sovereigns of gold., The total value of the stolen gold is estimated at Rs 1,39,35,747., The incident occurred in Kammath Lane, Kozhikode., Police have registered a case based on a complaint by K.M. Rajeev., A search operation is currently underway for the suspect.