അക്കൗണ്ടില്‍ പണം, ആവശ്യക്കാര്‍ക്ക് സഹായമില്ല; കോഴിക്കോട് കോര്‍പ്പറേഷനില്‍ വണ്ടിച്ചെക്ക് തട്ടിപ്പും

#മാതൃഭൂമി ന്യൂസ്‌
കോഴിക്കോട് കോര്‍പ്പറേഷന്‍ ഓഫീസ് കെട്ടിടം | ഫോട്ടോ: കെ.കെ. സന്തോഷ്/ മാതൃഭൂമി
കോഴിക്കോട് കോര്‍പ്പറേഷന്‍ ഓഫീസ് കെട്ടിടം | ഫോട്ടോ: കെ.കെ. സന്തോഷ്/ മാതൃഭൂമി

കോഴിക്കോട്: പഞ്ചാബ് നാഷണല്‍ ബാങ്കിലെ അക്കൗണ്ടില്‍നിന്ന് 15 കോടി രൂപ നഷ്ടമായത് വിവാദമായിരിക്കെ കോഴിക്കോട് കോര്‍പ്പറേഷനില്‍ വണ്ടിച്ചെക്ക് തട്ടിപ്പും നടക്കുന്നതായി ഓഡിറ്റ് റിപ്പോര്‍ട്ട്. പല ഇടപാടുകളിലായി 1.6 ലക്ഷം രൂപയോളം വണ്ടിച്ചെക്കായി നല്‍കിയിട്ടുപോലും ക്ലിയറന്‍സ് നടന്നിട്ടുണ്ടോയെന്നോ ക്രെഡിറ്റായോ എന്നോ പരിശോധിക്കാന്‍ കോര്‍പ്പറേഷന്‍ ധനകാര്യവിഭാഗത്തിന് കഴിഞ്ഞില്ലെന്ന്‌ ഓഡിറ്റ് റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇത്തരം ക്രമക്കേടുകള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്നാണ് കോര്‍പ്പറേഷന്‍ ചട്ടത്തില്‍ പറയുന്നത്. എന്നാല്‍, നടപടികള്‍ക്ക് കോഴിക്കോട് കോര്‍പ്പറേഷന്‍ തയ്യാറായിട്ടില്ല. കോര്‍പ്പറേഷന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ചകള്‍  ഓഡിറ്റ്‌ റിപ്പോര്‍ട്ടില്‍ അക്കമിട്ടുനിരത്തിയിട്ടുണ്ട്.

15 കോടിയോളം രൂപ കോര്‍പ്പറേഷന്റെ അക്കൗണ്ടുകളില്‍ നിന്നും നഷ്ടപ്പെട്ടിട്ടുണ്ട് എന്നാണ് വെളിപ്പെടുത്തല്‍. ഇതില്‍ 10 കോടിയോളം രൂപ  ഭൂരഹിതര്‍ക്കും ഭവനരഹിതര്‍ക്കും കുടുംബശ്രീ വഴി സഹായം നല്‍കുന്ന അഭയം പദ്ധതിയുടേതാണ്. രണ്ടുവര്‍ഷമായ അക്കൗണ്ടുകള്‍ വഴി പണമിടപാട് നടത്തിയിട്ട് എന്നാണ് കോര്‍പ്പറേഷന്‍ തന്നെ വ്യക്തമാക്കുന്നത്. പദ്ധതിയുമായി ബന്ധപ്പെട്ട് 10,000ത്തോളം അപേക്ഷകള്‍ കെട്ടിക്കിടക്കുന്നുവെന്നാണ് കണക്കുകള്‍. ഇത്രയും അപേക്ഷകള്‍ കെട്ടിക്കിടക്കെ എന്തുകൊണ്ടാണ് പണം ആവശ്യക്കാരനിലേക്ക് എത്തിക്കാതിരുന്നതെന്ന് പ്രതിപക്ഷം ചോദിക്കുന്നു.

Content Highlights: kozhikode corporation punjab national bank account financial fraud fake check