കോവളം സ്പായിലെ പീഡനം: ദിവസവും അനുരൂപിന്റെ അക്കൗണ്ടിലേക്ക് പണമയക്കും,തെളിവുകൾ നിരത്തിയുള്ള ചോദ്യം ചെയ്യലിൽ മായയുടെ കുറ്റസമ്മതം

#ന്യൂസ് ഡെസ്ക്
വി.സി. മായ
വി.സി. മായ

കോവളം: ആന്ധ്രയിൽനിന്നുള്ള പതിനാറുകാരിയെ കോവളത്തെയും വിഴിഞ്ഞം ചപ്പാത്തിലെയും സ്പാകളിലെത്തിച്ച് പീഡിപ്പിച്ച കേസിൽ ഒരു ഹെൽത്ത് ഇൻസ്‌പെക്ടറെക്കൂടി അറസ്റ്റ്‌ ചെയ്തു. കോവളത്തെ ഡ്രീംസ് സ്പാ നടത്തിപ്പുകാരിയും നഗരൂർ ഗ്രാമപ്പഞ്ചായത്തിൽ ഹരിതകർമസേനയുടെ ഹെൽത്ത് ഇൻസ്‌പെക്ടറുമായ കല്ലറ പാങ്ങോട് മഹേഷ് ഭവനിൽ വി.സി. മായയെയാണ്‌ (42) പ്രത്യേക അന്വേഷണസംഘം (എസ്.ഐ.ടി.) അറസ്റ്റ്‌ ചെയ്തത്.

കേസിൽ നേരത്തേ അറസ്റ്റിലായ തിരുവനന്തപുരം കോർപ്പറേഷന്റെ ഉള്ളൂർ സോണൽ ഓഫീസിലെ പബ്ലിക് ഹെൽത്ത് ഇൻസ്‌പെക്ടർ അനുരൂപിന്റെ സുഹൃത്താണ് ഇവർ. കോവളത്തുളള ഡ്രീംസ് സ്പാ അനുരൂപിന്റെ ഉടമസ്ഥതയിലുള്ളതാണ്.

എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴി നാലുവർഷം മുൻപ് താത്കാലികാടിസ്ഥാനത്തിലാണ് ഇവർ നഗരൂർ ഗ്രാമപ്പഞ്ചായത്തിൽ ഹരിതകർമസേനയുടെ ഹെൽത്ത് ഇൻസ്പെക്ടറായി ജോലിയിൽ പ്രവേശിച്ചത്. ഇപ്പോൾ ഇവർ വെങ്ങാനൂർ കക്കാക്കുഴിയിലാണ് താമസിക്കുന്നത്.

ഇതോടെ കോവളം സ്പാ കേസിൽ അറസ്റ്റിലായ പ്രതികളുടെ എണ്ണം ആറായി. പീഡനത്തിനിരയായ കുട്ടിയുടെ അമ്മയുടെ ഇളയസഹോദരി, അവരുടെ ഭർത്താവ്, കോവളത്തും വിഴിഞ്ഞത്തുമുള്ള സ്പാകളുടെ നടത്തിപ്പുകാരായ ആലപ്പുഴ സ്വദേശി സജിത്ത് കുമാർ, പൂവാർ തിരുപുറം സ്വദേശി നിഷാന്ത് എന്നിവരാണ് നേരത്തെ അറസ്റ്റിലായത്‌. ഇവർ ജുഡീഷ്യൽ കസ്റ്റഡിയിലാണ്. ഇവരെ വ്യാഴാഴ്ച കസ്റ്റഡിയിൽ വാങ്ങി കോവളത്തെ സ്പാകളിൽ തെളിവെടുപ്പിനെത്തിക്കും.

അനുരൂപിന്റെയും ഇയാളുടെ ബിനാമി നിഷാന്തിന്റെയും മൊബൈൽ ഫോണുകൾ എസ്.ഐ.ടി. സംഘം പിടിച്ചെടുത്തിരുന്നു. ഈ ഫോണുകളിൽ അറസ്റ്റിലായ മായയുമായി നടത്തിയ വാട്സാപ് ചാറ്റുകളും സാമ്പത്തിക ഇടപാടുകളുടെ വിവരങ്ങളും എസ്.ഐ.ടി. സംഘം കണ്ടെടുത്തിരുന്നു.

ദിവസവും നിശ്ചിതതുക അനുരൂപിന്റെ ഗൂഗിൾപേ ഉൾപ്പെട്ട ബാങ്ക് അക്കൗണ്ടുകളിലേക്ക് മായ അയച്ചിരുന്നുവെന്നും കണ്ടെത്തി. തുടർന്ന് മായയെ എസ്.ഐ.ടി. ആസ്ഥാനത്തേക്ക് വിളിച്ചുവരുത്തി ചോദ്യം ചെയ്തിരുന്നു.

തെളിവുകൾ നിരത്തി നടത്തിയ ചോദ്യം ചെയ്യലിൽ മായം കുറ്റം സമ്മതിക്കുകയായിരുന്നു. തുടർന്ന് എസ്.ഐ.ടി.യുടെ അന്വേഷണ ഉദ്യോഗസ്ഥനും അസി. കമ്മിഷണറുമായ എസ്. ചന്ദ്രകുമാർ മായയുടെ അറസ്റ്റ്‌ രേഖപ്പെടുത്തി. തുടർന്ന് റിമാൻഡ് ചെയ്തു.

Content Highlights: The Special Investigation Team arrested 42-year-old V.C. Maya, a health inspector and manager of Dreams Spa in Kovalam, bringing the total number of arrests in the minor girl abuse case to six.