കോവളത്തെ സ്പായിലെ പീഡനം; മാറനല്ലൂർ സ്വദേശി അറസ്റ്റിൽ, മറ്റൊരാൾ കസ്റ്റഡിയിൽ

അറസ്റ്റിലായ പ്രതി ഷിബു
അറസ്റ്റിലായ പ്രതി ഷിബു

കോവളം: കോവളത്തെ സ്പായിൽ പതിനാറുകാരി പീഡിപ്പിക്കപ്പെട്ട സംഭവത്തിൽ ഒരാൾകൂടി അറസ്റ്റിൽ. മറ്റൊളെക്കുടി കസ്റ്റഡിയിലെടുത്തു. മാറനല്ലൂർ കൂവളശ്ശേരി കൈപ്പളളികോണത്ത് വീട്ടിൽ മൺവീട് എന്ന ആയൂർവേദ ഫാർമസ്യൂട്ടിക്കൽസ് നടത്തുന്ന ഡോ. മനീഷ് എന്നു വിളിക്കുന്ന ഷിബുവിനെ(48) ആണ് പ്രത്യേക അന്വേഷണ സംഘം അറസ്റ്റുചെയ്തത്. ഇതോടെ കോവളം സ്പാ പീഡനക്കേസിൽ അറസ്റ്റിലായവരുടെ എണ്ണം പത്തായി.

കേസിലെ മൂന്നാം പ്രതിയായ സജിത്ത്കുമാറിന്റെ കോവളത്തുളള ഡാലിയ എന്ന ഹോംസ്റ്റേയിൽ വെച്ചാണ് ഷിബു കുട്ടിയെ പീഡിപ്പിച്ചത്. നാലുതവണ ഇയാൾ ഹോംസ്റ്റേയിലെത്തിയിരുന്നുവെന്നും പീഡനം നടത്തിയിരുന്നുവെന്നും അന്വേഷണ ഉദ്യോഗസ്ഥനും കൺട്രോൾ റൂം അസി. കമ്മീഷണറുമായ എസ്.ചന്ദ്രകുമാർ പറഞ്ഞു.

ഹോംസ്റ്റേയിലെത്തിയ ഇയാൾ സ്പായിൽ ഗൂഗിൾ പേ വഴി പണം നൽകിയ വിവരങ്ങൾ, ഫോൺ ലൊക്കേഷൻ എന്നിവ അടിസ്ഥാനമാക്കിയും എസ്.ഐ.ടി അന്വേഷണം നടത്തിയിരുന്നു. പീഡനത്തിനിരയായ കുട്ടിയും ഇയാളെ തിരിച്ചറിഞ്ഞു. തുടർന്നാണ് ഇയാളെ അറസ്റ്റുചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. എസ്.ഐ. ഷിജു, പോലീസുകാരായ താരാ, കെ.കെ.ഷിജു തുടങ്ങിയവരാണ് പ്രതിയെ അറസ്റ്റുചെയ്തത്. കേസിൽ നേരത്തെ അറസ്റ്റിലായ ഒന്നുമുതൽ ഏഴുവരെയുളള പ്രതികളെ വ്യാഴാഴ്ച കസ്റ്റഡിയിൽ വാങ്ങി ഒരുമിച്ചിരുത്തി ചോദ്യം ചെയ്യും. ഇതിലെ ഒന്നാം പ്രതിയെ തമിഴ്നാട് വണ്ടല്ലൂർ പോലീസെത്തി ഗുഡുവാഞ്ചേരിയിലെ സ്പായിൽ തെളിവെടുപ്പിന് കൊണ്ടുപോയെന്നും എസ്.ഐ.ടി അറിയിച്ചു.

വയനാട്ടിലെ വൈത്തിരിയിലുളള വൻകിടഹോട്ടലിൽ സജിത്ത്കുമാർ വാടകയ്ക്ക് മൂന്ന് മുറികളെടുത്ത് സ്പാ നടത്തുകയും കുട്ടിയെ അവിടെ എത്തിച്ച് പീഡിപ്പിച്ച സംഭവത്തിലും എസ്.ഐ.ടി വീണ്ടും അന്വേഷണം നടത്തുന്നു. വൻകിട ഹോട്ടലിലെ മുറികൾ വാടകയ്ക്ക് കൊടുത്തതിനെ തുടർന്ന് ഹോട്ടലുടമയെ എസ്.ഐ.ടി ആസ്ഥാനത്ത് വിളിച്ചുവരുത്തി കഴിഞ്ഞ ദിവസം അസി.കമ്മീഷണർ ചോദ്യം ചെയ്തിരുന്നു. ആയൂർവേദ ചികിത്സക്കെന്നുപറഞ്ഞായിരുന്നു സജിത്ത്മുറികൾ വാടകയ്ക്കെടുത്തിരുന്നത്. അഞ്ചുലക്ഷം രൂപ അഡ്വാൻസും മാസം ഒരുലക്ഷത്തോളം രൂപ വാടയിനത്തിലും നൽകാമെന്ന് കരാർ എഴുതിയിരുന്നത്. എന്നാൽ, ആയുർവേദ ചികിത്സയ്ക്ക് പകരം അനാശാസ്യാപ്രവർത്തനങ്ങൾ നടത്തുന്നുവെന്ന് ബോധ്യപ്പെട്ടതിനെ തുടർന്ന് മുറികൾ തിരിച്ചുനൽകാനും ആവശ്യപ്പെട്ടിരുന്നുവെന്നാണ് ഹോട്ടലുടമ എസ്.ഐ.ടി മേധാവിക്ക് നൽകിയ മൊഴി. കുട്ടിയെ അവിടെയും എത്തിച്ച് സജിത്തും മറ്റുളളവരും പീഡിപ്പിച്ചുവെന്ന് കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് എസ്.ഐ.ടി.യുടെ ഒരു സംഘം വീണ്ടും അവിടെ അന്വേഷണം നടത്തുന്നതെന്ന് അസി. കമ്മീഷണർ പറഞ്ഞു.

Content Highlights: Dr. Shibu (Ayyappa Pharmaceuticals) arrested taking total arrests to ten., Abuse occurred at the 'Dahlia' homestay in Kovalam owned by the third accused, Sajith Kumar., Special Investigation Team (SIT) is probing further links including a resort in Vythiri, Wayanad.