സ്പാകൾക്ക് പുറമേ 16-കാരിയെ ബീച്ചിലെ ഹോട്ടലിലുമെത്തിച്ചു; ഈടാക്കിയത് 40,000 രൂപവരെ; കേസിൽ ഒരാൾകൂടി അറസ്റ്റിൽ

കോവളം: ആന്ധ്രാ സ്വദേശിനിയായ പതിനാറുകാരിയെ കോവളത്തെ സ്പാകൾക്ക് പുറമേ ബീച്ചിലെ സ്വകാര്യഹോട്ടലിലുമെത്തിച്ച് പീഡിപ്പിച്ചുവെന്ന് പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) കണ്ടെത്തി. കോവളത്തെ മറൈൻപാലസ് എന്ന സ്വകാര്യ ഹോട്ടലിലാണ് കുട്ടിയെ എത്തിച്ചശേഷം നിരവധിപേർ പീഡിപ്പിച്ചത്. ഇവിടെനിന്ന് കണ്ടെടുത്ത രജിസ്റ്ററിൽ പേര് രേഖപ്പെടുത്തിയിരുന്ന തമിഴ്നാട് തിരുനെൽവേലി വളളിയൂർ നാങ്കേരി സ്വദേശി വീരപാണ്ഡ്യനെ(45) എസ്.ഐ.ടി അറസ്റ്റുചെയ്തു.
കുട്ടിയെ പീഡിപ്പിച്ച ഇടപാടുകാരുടെ പട്ടികയിൽ ആറാമത്തെ പ്രതിയാണ് വീരപാണ്ഡ്യൻ. തിരുനെൽവേലിയിലെ കച്ചവടക്കാർക്ക് പണം പലിശയ്ക്ക് കൊടുക്കുന്നയാളാണ് ഇയാൾ. ലക്ഷക്കണക്കിന് രൂപയാണ് ഇത്തരത്തിൽ ഉയർന്ന നിരക്കിൽ പലിശയ്ക്ക്കൊടുക്കുന്നതെന്നും കണ്ടെത്തിയിട്ടുണ്ട്. കോവളം സ്പാ കേസിൽ ഇയാളുൾപ്പെടെ 14 പേരാണ് ഇതുവരെ അറസ്റ്റിലായത്. ഇയാൾക്കൊപ്പമുണ്ടായിരുന്ന യുവാവിനെയും കസ്റ്റഡിയിലെടുത്തുവെങ്കിലും പീഡനത്തിരയായ കുട്ടി യുവാവിനെ തിരിച്ചറിയാത്തതിനെ തുടർന്ന് നോട്ടീസ് നൽകി വിട്ടയച്ചു.
ജുഡീഷ്യൽ കസ്റ്റഡിയിലുളള മൂന്നാംപ്രതി സജിത്ത്കുമാറിന്റെ വൈയ്ക്കോൽ കുളത്തിനടുത്തുളള ആയൂർകേരള എന്ന സ്പായിൽനിന്ന് എല്ലാദിവസവും രാത്രിയിലായിരുന്നു കുട്ടിയെ കോവളത്തെ മറൈൻ പാലസ് എന്ന ഹോട്ടലിലെത്തിച്ചിരുന്നത്. കുട്ടിയെ ഹോട്ടലിൽ എത്തിച്ചശേഷം ഇടപാടുകാരിൽനിന്ന് ഒരുദിവസം 30000 മുതൽ 40000 രൂപവരെയാണ് ഈടാക്കിയിരുന്നത്.
കുട്ടിയെ ഹോട്ടലിൽ എത്തിച്ചശേഷം പീഡനത്തിന് സഹായം ചെയ്തുകൊടുത്തതിന് ഹോട്ടലുടമ സുരേഷ്, മാനേജർ രാധാകൃഷ്ണൻ എന്നിവരെ വെളളിയാഴ്ച എസ്.ഐ.ടിക്ക് മുമ്പിൽ ഹാജരാകാൻ നോട്ടീസ് നൽകിയെന്ന് എസ്.ഐ.ടി മേധാവിയും കൺട്രോൾ റൂം അസി.കമ്മീഷണറുമായ എസ്. ചന്ദ്രകുമാർ പറഞ്ഞു.
വീരപാണ്ഡ്യൻ ഗൂഗിൾ പേവഴിയാണ് ഹോട്ടലിന്റെ അക്കൗണ്ടിൽ പണമയച്ചിട്ടുളളത്. സെപ്തംബർ, ഓഗസ്റ്റ് മാസങ്ങളിലാണ് ഇയാളും സുഹൃത്തായ യുവാവുമൊത്ത് മറൈൻപാലസ് എന്ന ഹോട്ടലിലെത്തിയിരുന്നത്. ഇത് സംബന്ധിച്ചുളള തെളിവുകൾ എസ്.ഐ.ടി ശേഖരിച്ചിരുന്നു. തുടർന്നാണ് പ്രതിയെ അറസ്റ്റുചെയ്തത്.
Content Highlights: SIT arrested Veerapandiyan (45) from Tamil Nadu in connection with the Kovalam minor abuse case., The 16-year-old Andhra Pradesh native was exploited at Kovalam spas and the Marine Palace hotel., A total of 14 arrests have been made in the case so far., Hotel owner Suresh and manager Radhakrishnan have been issued notices to appear before the SIT.