42 ലക്ഷം തട്ടിയ കേസ്: അടിസ്ഥാന ശമ്പളം 16,000, DYFI നേതാവിനും ഭർത്താവിനും കോടികളുടെ ബാങ്കിടപാടുകൾ

തലയോലപ്പറമ്പ്: തലയോലപ്പറമ്പിലെ സ്വകാര്യ പണമിടപാട് സ്ഥാപനത്തില്‍നിന്ന് 42.72 ലക്ഷം രൂപ തട്ടിയെടുത്ത കേസിലെ ഒന്നാംപ്രതി തലയോലപ്പറമ്പ് പുത്തന്‍പുരയ്ക്കല്‍ കൃഷ്‌ണേന്ദു(27)വിനും ഭര്‍ത്താവ് അനന്തു ഉണ്ണി(29)ക്കും കോടികളുടെ ബാങ്കിടപാടുകള്‍. തലയോലപ്പറമ്പിലെ ദേശസാത്കൃതബാങ്കിലെ ഇരുവരുടെയും അക്കൗണ്ടുവഴി ഒരുവര്‍ഷത്തിനിടയില്‍ നടന്നത് മൂന്നുകോടിയിലേറെ രൂപയുടെ ഇടപാടുകളാണ്. ഇവര്‍ക്ക് ഒന്നില്‍ക്കൂടുതല്‍ ബാങ്കില്‍ അക്കൗണ്ടുണ്ട്. ഈ അക്കൗണ്ടുകള്‍വഴി എട്ടുകോടിയോളം രൂപയുടെ ഇടപാടുകള്‍ നടന്നിട്ടുണ്ടെന്ന് സ്ഥാപനയുടമ ഉദയംപേരൂര്‍ സ്വദേശി പി.എം.രാഗേഷ് തലയോലപ്പറമ്പ് പോലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു.
2022-ലാണ് സ്ഥാപനം തലയോലപ്പറമ്പില്‍ പ്രവര്‍ത്തനമാരംഭിക്കുന്നത്. അന്നുമുതല്‍ കൃഷ്‌ണേന്ദു സ്ഥാപനത്തിലെ ജീവനക്കാരിയാണ്. 16,000 രൂപയാണ് അടിസ്ഥാനശമ്പളം. ആനുകൂല്യങ്ങളുള്‍പ്പെടെ 25,000 രൂപയോളം ലഭിക്കും. തലയോലപ്പറമ്പ് പഞ്ചായത്തിന്റെ ആംബുലന്‍സ് ഡ്രൈവറാണ് ഭര്‍ത്താവ് അനന്തു ഉണ്ണി. ദിവസവേതനാടിസ്ഥാനത്തിലാണ് ജോലി. മറ്റ് വരുമാനമാര്‍ഗങ്ങളില്ലാത്ത ഇരുവരുടെയും അക്കൗണ്ടുകള്‍വഴി കോടികളുടെ ഇടപാടുകള്‍ നടന്നതിനെക്കുറിച്ച് പോലീസിന് അന്വേഷിക്കേണ്ടിവരും.
കൃഷ്‌ണേന്ദുവും അനന്തു ഉണ്ണിയും കേസിലെ രണ്ടാംപ്രതി വൈക്കം വൈക്കപ്രയാര്‍ ബ്രിജേഷ് ഭവനില്‍ ദേവിപ്രജിത്തും(35) ഒളിവിലാണ്. പ്രതികള്‍ മുന്‍കൂര്‍ജാമ്യത്തിന് ശ്രമിക്കുന്നതായാണ് തലയോലപ്പറമ്പ് പോലീസിന് ലഭിച്ച സൂചന. കൃഷ്‌ണേന്ദു ഡി.വൈ.എഫ്.ഐ. തലയോലപ്പറമ്പ് മേഖലാ ജോയിന്റ് സെക്രട്ടറിയും അനന്തു ഉണ്ണി സി.പി.എം. തലയോലപ്പറമ്പ് ലോക്കല്‍ കമ്മിറ്റി അംഗവുമാണ്.
2023 ഏപ്രില്‍മുതല്‍ ഇടപാടുകാര്‍ പണയ ഉരുപ്പടികള്‍ തിരിച്ചെടുക്കുമ്പോള്‍ നല്‍കുന്ന പണം, സ്ഥാപനത്തിന്റെ ബാങ്ക് അക്കൗണ്ടില്‍ ജീവനക്കാരായ കൃഷ്‌ണേന്ദുവും ദേവിപ്രജിത്തും അടച്ചിരുന്നില്ല. ഇങ്ങനെ 19 പേരില്‍നിന്ന് 42.72 ലക്ഷം രൂപ തട്ടിയെടുത്തു. ഉടമ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് തലയോലപ്പറമ്പ് പോലീസ് കേസ് രജിസ്റ്റര്‍ചെയ്ത് അന്വേഷണമാരംഭിച്ചത്.
Content Highlights: kottayam thalayolaparambu woman dyfi leader accused in money fraud case