കോട്ടയത്തെ നവജാതശിശുവിൽപന; ആറുമാസത്തിനിടെ ഒരു കുഞ്ഞിനെ വിറ്റു, അന്വേഷണം തമിഴ്നാട്ടിലേക്കും

കോട്ടയം: കോട്ടയത്തെ തീക്കോയി കേന്ദ്രീകരിച്ച് നവജാത ശിശുക്കളെ വിൽപന നടത്തിയ കേസിൽ നിർണായക വിവരങ്ങൾ പുറത്ത്. ഈ സംഘം നവജാത ശിശുക്കളെ വിൽപന നടത്തിയിരുന്നതായി പോലീസ് സ്ഥിരീകരിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ പുതിയ എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ഊർജ്ജിതമാക്കാനാണ് പോലീസിന്റെ തീരുമാനം.
പ്രതികളെ ചോദ്യം ചെയ്തതിൽ നിന്നും കൂടുതൽ കേസുകളെക്കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചതായും അന്വേഷണ സംഘം വ്യക്തമാക്കി. കഴിഞ്ഞ ആറുമാസത്തിനുള്ളിൽ ഒരു കുട്ടിയെ ഈ സംഘം വിറ്റതായാണ് പോലീസ് ഇപ്പോൾ കണ്ടെത്തിയിട്ടുള്ളത്. ആർക്കാണ് കുട്ടിയെ വിറ്റത്, എപ്പോൾ, എവിടെ വെച്ചാണ് കൈമാറ്റം നടന്നത് തുടങ്ങിയ കാര്യങ്ങളിൽ കൂടുതൽ അന്വേഷണം നടക്കേണ്ടതുണ്ട്.
നിലവിൽ അറസ്റ്റിലായ രണ്ടുപേരിൽ ഒരാൾ തമിഴ്നാട് സ്വദേശിയായതിനാൽ അന്വേഷണം കേരളത്തിന് പുറത്തേക്കും വ്യാപിപ്പിക്കാനാണ് പോലീസിന്റെ നീക്കം. അസാം സ്വദേശിനിയായ 22 വയസ്സുകാരി നൽകിയ പരാതിയിലാണ് കേസിന്റെ തുടക്കം. തന്നെ അസമിൽ നിന്ന് കേരളത്തിൽ എത്തിച്ച് ഒരു വീട്ടിൽ താമസിപ്പിച്ചുവെന്നും കുഞ്ഞിനെ നൽകുന്നതിന് എഗ്രിമെന്റിൽ ഒപ്പുവെക്കുന്നതിന് തടസം പറഞ്ഞപ്പോൾ ഉപദ്രവിച്ചു എന്നുമായിരുന്നു ഇവരുടെ പരാതി.
ഒരു റബ്ബർ തോട്ടത്തിന്റെ നടുവിലുള്ള ആ വീട്ടിൽനിന്നും ഓടിരക്ഷപ്പെട്ട് റോഡിലെത്തിയ യുവതിയെ നാട്ടുകാരാണ് പോലീസിന്റെ അടുത്തെത്തിച്ചത്. യുവതി നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇതിനുപിന്നിൽ കുഞ്ഞുങ്ങളെ വിൽക്കുന്ന വലിയൊരു സംഘം തന്നെയുണ്ടെന്ന് പോലീസ് തിരിച്ചറിഞ്ഞത്.
നിലവിലുള്ള പരാതിയിൽ രജിസ്റ്റർ ചെയ്ത എഫ്‌ഐആറിന് പുറമെ, ശിശുവിൽപ്പനയുമായി ബന്ധപ്പെട്ട് പുതിയ കേസ് കൂടി ചാർജ് ചെയ്യുമെന്ന് കോട്ടയം ജില്ലാ പോലീസ് മേധാവി മാധ്യമങ്ങളോട് പറഞ്ഞു. തീക്കോയി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നത് വലിയൊരു റാക്കറ്റാണെന്നും, കൂടുതൽ ചോദ്യം ചെയ്യലിലൂടെ ഈ റാക്കറ്റിലെ കൂടുതൽ കണ്ണികളെ കണ്ടെത്താനാവുമെന്നുമാണ് പോലീസ് നൽകുന്ന സൂചന.
Content Highlights: Police confirmed a newborn trafficking ring operating out of Theekoi, Kottayam. A new FIR has been registered after evidence surfaced of another child sold in the last six months. The investigation is expanding into Tamil Nadu due to the involvement of a suspect from the state. The case originated from a complaint by a 22-year-old woman from Assam who escaped her captors. Authorities are working to dismantle the wider criminal network involved in child trafficking.