'211 കോടി രൂപ അക്കൗണ്ടിൽ കാണാനില്ല'; കോട്ടയം നഗരസഭയിൽ വൻ തിരിമറി നടന്നെന്ന് പരാതി

കോട്ടയം: നഗരസഭയിൽ 211 കോടി രൂപയുടെ തിരിമറി നടന്നതായി പരാതി. മുനിസിപ്പൽ ഡയറക്ടറേറ്റ് വിജിലൻസ് വിഭാഗം നടത്തിയ പരിശോധനയിൽ തിരിമറി കണ്ടെത്തിയതായി പ്രതിപക്ഷം പറഞ്ഞു. കോട്ടയം നഗരസഭാ തനത് ഫണ്ടിലെ തുകയാണിത്. സംഭവത്തിൽ വെള്ളിയാഴ്ച പ്രതിപക്ഷം പ്രതിഷേധിക്കും.
നഗരസഭയുടെ ഏഴ് ബാങ്ക് അക്കൗണ്ടുകളിൽനിന്നും പണം തിരിമറി നടത്തിയതായാണ് മുനിസിപ്പൽ ഡയറക്ടറേറ്റ് വിജിലൻസ് വിഭാഗം കണ്ടെത്തിയിരിക്കുന്നത്. നഗരസഭയിൽ 211 കോടി രൂപയുടെ ചെക്കുവിവരം രേഖപ്പെടുത്തിയെങ്കിലും അത്രയും തുക ബാങ്ക് അക്കൗണ്ടിൽ എത്തിയില്ലന്നും കണ്ടെത്തിയിട്ടുണ്ട്. വിഷയം കഴിഞ്ഞദിവസം നടന്ന നഗരസഭായോഗത്തിൽ പ്രതിപക്ഷനേതാവ് ഷീജാ അനിൽ ഉന്നയിച്ചു.
പ്രശ്നവുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് ഒരറിയിപ്പും ലഭിച്ചിട്ടില്ലെന്ന് നഗരസഭാ ചെയർപേഴ്സൺ ബിൻസി സെബാസ്റ്റ്യൻ പ്രതികരിച്ചു. വിഷയത്തിൽ നഗരസഭാ സെക്രട്ടറിക്ക് കത്ത് കൊടുത്തിട്ടുണ്ട്. അതിന്റെയടിസ്ഥാനത്തിൽ സെക്രട്ടറി ഇക്കാര്യം ഓഡിറ്റ് സെക്ഷനിൽ നേരിൽപ്പോയി അന്വേഷിക്കുകയും ചെയ്തു. അവിടെനിന്ന് ഒന്നും കണ്ടെത്താനായിട്ടില്ല. അതുകൊണ്ട് ഈ വിഷയത്തിൽ അടിയന്തിര കൗൺസിൽ യോഗം ചേരുകയും ഇതിന്റെ സത്യാവസ്ഥ ജനങ്ങളെ ബോധ്യപ്പെടുത്തുകയും ചെയ്യും.
ഇതാദ്യമായല്ല തട്ടിപ്പിന്റെ പേരിൽ കോട്ടയം നഗരസഭ വിവാദത്തിലാവുന്നത്. ഇതിനുമുൻപ് രണ്ടരക്കോടി രൂപയുടെ പെൻഷൻ തട്ടിപ്പും ഇവിടെ നടന്നിട്ടുണ്ട്. ഏഴുമാസം മുൻപായിരുന്നു ഇത്. ഈ സംഭവത്തിലെ അന്വേഷണം പുരോഗമിക്കവേയാണ് പുതിയ തട്ടിപ്പുവിവാദം തലപൊക്കുന്നത്.
Content Highlights: Rs 211 Crore Scam in Kottayam Municipality, Opposition planned protests