സുരക്ഷാകോട്ട;എന്നിട്ടും ചോരയിൽ മുങ്ങി 'ശ്രീവത്സം' വീട്; വിജയകുമാറിന്റെ ഇന്ദ്രപ്രസ്ഥം നാടിൻ്റെ പ്രൗഢി

ദമ്പതിമാരെ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയ വീട്, കൊല്ലപ്പെട്ട മീരയും വിജയകുമാറും
ദമ്പതിമാരെ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയ വീട്, കൊല്ലപ്പെട്ട മീരയും വിജയകുമാറും

കോട്ടയം: കോട്ടയം-തിരുവാതുക്കല്‍ റോഡിന് അഭിമുഖമായി വിദൂര നിയന്ത്രണ സംവിധാനത്തോടെയുള്ള വലിയ ഗേറ്റ്, ഇടതുവശത്തായി ചെറിയ ഗേറ്റ്. ഇതിന്റെ തൂണില്‍ ക്യാമറയും ബെല്‍ സ്വിച്ചും. സ്വിച്ചമര്‍ത്തുമ്പോള്‍ വീടിനുള്ളിലെ സ്‌ക്രീനില്‍ ഗേറ്റില്‍ നില്‍ക്കുന്ന ആളുടെ മുഖം തെളിയും. വിദൂരനിയന്ത്രണ സംവിധാനം മുഖേന ഗേറ്റ് തുറന്നങ്കില്‍മാത്രം സന്ദര്‍ശകന് അകത്തുകടക്കാം. തലയ്ക്കടിയേറ്റ് മരിച്ച ഇന്ദ്രപ്രസ്ഥം ഉടമ വിജയകുമാറിന്റെയും ഡോ.മീരയുടെയും വീടായ 'ശ്രീവത്സ'ത്തിലേയ്ക്ക് പ്രവേശിക്കുന്നത് ഇങ്ങനെയാണ്.

ഗേറ്റ് കടന്ന് വിശാലമായ മുറ്റത്തേക്കെത്തിയാല്‍ വീടിനുചുറ്റും നിരീക്ഷണ ക്യാമറകള്‍, കാവല്‍നായ, സ്ഥിരം കാവല്‍ക്കാരന്‍. അടുക്കള ജോലിക്കായി മറ്റൊരു ജീവനക്കാരി. ഇത്രയധികം സംവിധാനങ്ങളുണ്ടായിരുന്ന വീട്ടില്‍ നടന്ന കൊലപാതകം പോലീസിനെയും നാട്ടുകാരെയും അമ്പരപ്പിച്ചു.

വിവരമറിഞ്ഞെത്തിയ പോലീസ് ആദ്യം പരിശോധിച്ചത് വീട്ടിലെ സിസിടിവി ക്യാമറകളുടെ ഡിവിആര്‍ ആയിരുന്നു. എന്നാല്‍ കൊലപാതകി ഈ ഡിവിആര്‍ എടുത്തുകൊണ്ടുപോയിരുന്നു. സംഭവം നടന്ന രാത്രി അക്രമിയെത്തിയിട്ടും വീട്ടിലെ കാവല്‍നായ കുരച്ചില്ലെന്നാണ് കാവല്‍ക്കാരന്‍ പോലീസിനോട് പറഞ്ഞത്. പോലീസെത്തിയിട്ടും നായ കുരച്ചില്ല, ഇത് മയങ്ങിയനിലയിലായിരുന്നു.

ഡിവിആര്‍ കണ്ടെത്താന്‍ വീട്ടുവളപ്പിലെ കിണര്‍ വറ്റിച്ച് നോക്കിയെങ്കിലും ഫലം കണ്ടില്ല. കാവല്‍ക്കാരന്‍ വീടിന് പിന്നിലെ ഔട്ട് ഹൗസിലായിരുന്നു താമസം. കേള്‍വി പരിമിതിയുള്ളതിനാല്‍ സംഭവങ്ങളൊന്നും അറിഞ്ഞില്ലെന്നാണ് ഇയാള്‍ പറഞ്ഞത്.

ചൊവ്വാഴ്ച രാവിലെ 8.30-ഓടെ ജോലിക്കാരി രേവമ്മ വന്നപ്പോഴാണ് വീടിന്റെ പ്രധാനവാതില്‍ തുറന്നുകിടക്കുന്നത് കണ്ടത്.മൃതദേഹങ്ങള്‍ ഉള്ളിലുണ്ടായിരുന്നു.

അഭിമാനമാക്കി ഇന്ദ്രപ്രസ്ഥം

കോട്ടയം: ടി.കെ. വിജയകുമാറും ഭാര്യ ഡോ. മീരയും വര്‍ഷങ്ങളായി കോട്ടയത്ത് താമസിക്കുന്നു. എയര്‍ഫോഴ്‌സില്‍ ജോലിയുണ്ടായിരുന്ന വിജയകുമാര്‍ പിന്നെ 30 വര്‍ഷം സൗദിയില്‍ ഉദ്യോഗസ്ഥനായിരുന്നു. ആ സമയത്താണ് കോട്ടയത്ത് ഇന്ദ്രപ്രസ്ഥം ഓഡിറ്റോറിയത്തിന് തുടക്കമിട്ടത്.

കോട്ടയം നഗരസഭ അധ്യക്ഷനായിരുന്ന ടി.കെ. ഗോപാലകൃഷ്ണനില്‍നിന്നാണ് ഇന്ദ്രപ്രസ്ഥം ഓഡിറ്റോറിയം വാങ്ങി പുനര്‍നിര്‍മിച്ചത്. അക്കാലത്ത് കോട്ടയത്ത് ആധുനികസംവിധാനങ്ങളോടെ തുറന്ന ആദ്യത്തെ ഓഡിറ്റോറിയമാണ് ഇന്ദ്രപ്രസ്ഥം. എസി അക്കാലത്ത് അപൂര്‍വം. അതിനോടുചേര്‍ന്ന് അത്യാധുനിക രീതിയിലുള്ള റസ്റ്ററന്റും പ്രവര്‍ത്തിച്ചിരുന്നു. പിന്നീട് നിര്‍ത്തുകയായിരുന്നു.

അക്കാലത്ത് ഇന്ദ്രപ്രസ്ഥത്തില്‍ കല്യാണം നടത്തുകയെന്നാല്‍ പ്രൗഢിയുടെ സൂചകമായിരുന്നു. മറ്റ് ബിസിനസ് മേഖലയിലും തിളങ്ങിനില്‍ക്കുമ്പോളും വിജയകുമാറും മീരയും അടുത്ത ബന്ധുക്കളടക്കം ആരോടും അടുപ്പം കാണിച്ചിരുന്നില്ല.

റിട്ട. ഡിഎഫ്ഒ കാര്‍ത്തികേയന്‍നായരുടെ മകനാണ് വിജയകുമാര്‍. ഡോക്ടറാണെങ്കിലും മീര പ്രാക്ടീസ് ചെയ്യുന്നുണ്ടായിരുന്നില്ല. ഒളശ്ശ മാമ്പറമ്പില്‍ ലീലാഭായിയുടെയും എയര്‍ഫോഴ്‌സില്‍ ഉദ്യോഗസ്ഥനായിരുന്ന നീലകണ്ഠപിള്ളയുടെയും മകളാണ് മീര. ലീലാഭായി ചെന്നൈയില്‍ അധ്യാപികയായിരുന്നതിനാല്‍ മീര മെഡിക്കല്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത് തമിഴ്‌നാട്ടിലാണ്. മീരയുടെ സഹോദരങ്ങള്‍ ഡോ.രമയും ജയനും കോയമ്പത്തൂരിലാണ് താമസിക്കുന്നത്.

Content Highlights: kottayam indraprastham owner vijayakumar meera murder case