'നിക്കറും ബനിയനും, സംസാരിച്ചത് മലയാളത്തിൽ'; ഇരട്ടക്കൊലക്കേസിലെ പ്രതിയെ തിരിച്ചറിഞ്ഞ് ഓട്ടോഡ്രൈവർ

കോട്ടയം: തിരുവാതുക്കല്‍ ഇരട്ടക്കൊലപാതകത്തില്‍ പ്രതിക്കെതിരേ നിര്‍ണായകമായി ഓട്ടോഡ്രൈവറുടെ വെളിപ്പെടുത്തല്‍. കോട്ടയത്തെ ഓട്ടോ ഡ്രൈവറാണ് കേസില്‍ നിര്‍ണായക സാക്ഷിയായത്. കൊലപാതകം നടത്താനായി പ്രതിയായ അസം സ്വദേശി അമിത് ഉറാങ് തിരുവാതുക്കലില്‍ എത്തിയത് ജയേഷിന്റെ ഓട്ടോയിലായിരുന്നു. പിന്നീട് കൊലപാതകവാര്‍ത്തയും പ്രതിയുടെ ചിത്രവും പുറത്തുവന്നതോടെയാണ് സംഭവദിവസം രാത്രി തന്റെ ഓട്ടോയില്‍ കയറിയ ആളാണ് പ്രതിയെന്ന് ജയേഷ് തിരിച്ചറിഞ്ഞത്. ഇതോടെ ഇദ്ദേഹം പോലീസിനെ വിവരമറിയിക്കുകയുംചെയ്തു.
രാത്രി 12 മണിയോടെയാണ് റെയില്‍വേ സ്‌റ്റേഷന് സമീപത്തുനിന്ന് പ്രതി ഓട്ടോയില്‍ കയറിയതെന്ന് ജയേഷ് പറഞ്ഞു. തിരുവാതുക്കലില്‍ പോകണമെന്നും എത്ര പൈസയാകുമെന്നും ചോദിച്ചു. മലയാളത്തിലായിരുന്നു സംസാരിച്ചത്. വിലപേശാനൊന്നും നിന്നില്ല. യാത്രയ്ക്കിടെയും ഒന്നും സംസാരിച്ചിരുന്നില്ല. തുടര്‍ന്ന് തിരുവാതുക്കല്‍ കവലയില്‍ അയാളെ ഇറക്കിയെന്നും ജയേഷ് പറഞ്ഞു.
ഓട്ടോയില്‍ കയറുമ്പോള്‍ പ്രതിയുടെ കൈയില്‍ ഒന്നും കണ്ടിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍, അയാളുടെ വേഷം ശ്രദ്ധിച്ചിരുന്നു. ഒരു നിക്കറും ബനിയനുമാണ് അയാള്‍ ധരിച്ചിരുന്നത്. പിന്നീട് വാട്‌സാപ്പ് ഗ്രൂപ്പുകളില്‍ ഇയാളുടെ ഫോട്ടോ കണ്ടപ്പോഴാണ് ശ്രദ്ധിച്ചത്. തുടര്‍ന്ന് കൂട്ടുകാരെയും പോലീസിനെയും അറിയിക്കുകയായിരുന്നുവെന്നും ജയേഷ് പറഞ്ഞു.
അതിനിടെ, കൊലപാതകം നടന്ന ദിവസം പ്രതി അമിത് ഉറാങ് വിവിധയിടങ്ങളില്‍ എത്തിയ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. കോട്ടയം റെയില്‍വേ സ്‌റ്റേഷനില്‍നിന്ന് പ്ലാറ്റ്‌ഫോം ടിക്കറ്റെടുക്കുന്നതിന്റെയും തിരുവാതുക്കല്‍ കവലയില്‍ ഓട്ടോയില്‍ വന്നിറങ്ങുന്നതിന്റെയും ദൃശ്യങ്ങളാണ് പുറത്തുവന്നത്. കഴിഞ്ഞദിവസം തിരുവാതുക്കലിലെ വിജയകുമാറിന്റെ വീട്ടിലേക്ക് പ്രതി നടന്നുപോകുന്നതിന്റെയും കൃത്യം നടത്തിയശേഷം വീട്ടിലെ സിസിടിവി ഹാര്‍ഡ് ഡിസ്‌കുമായി തിരികെമടങ്ങുന്നതിന്റെയും സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.
വിളിച്ച് ജോലി നല്‍കി, ജീവനെടുത്ത് മടങ്ങി
കോട്ടയം: ഇന്ദ്രപ്രസ്ഥം ഓഡിറ്റോറിയം ഉടമ കോട്ടയം തിരുവാതുക്കല്‍ ശ്രീവത്സം വീട്ടില്‍ വിജയകുമാറിനെയും ഭാര്യ ഡോ. മീരയെയും തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി അമിത്തിന്, വിജയകുമാര്‍ വിളിച്ച് ജോലി നല്‍കുകയായിരുന്നു.
2024 ഫെബ്രുവരിയിലാണ് അമിത്തും ഭാര്യയും കോട്ടയത്തെത്തിയത്. ഇവര്‍ താമസിച്ചത് വിജയകുമാറിന്റെ കോട്ടയത്തെ ലോഡ്ജിലായിരുന്നു. കട്ടപ്പനയില്‍നിന്ന് ബെംഗളൂരുവിലേക്കുള്ള യാത്രയ്ക്കിടെയാണ് കോട്ടയത്തെത്തിയത്. ബെംഗളൂരുവിലേക്ക് ടിക്കറ്റ് കിട്ടാതെ വന്നതോടെയാണ് ഇവര്‍ ലോഡ്ജില്‍ മുറിയെടുത്തത്. ഇവരുടെ അവസ്ഥ അറിഞ്ഞ വിജയകുമാര്‍, ജോലി നല്‍കാമെന്ന് അങ്ങോട്ട് പറയുകയായിരുന്നു. ഇവര്‍ ആരെന്നതുസംബന്ധിച്ച് ഒരു പരിശോധനയും വിജയകുമാര്‍ നടത്തിയിരുന്നില്ല.
മോഷണക്കേസില്‍ ജാമ്യത്തിലിറങ്ങിയതിന്റെ പിറ്റേന്ന് അമിത്ത് കോട്ടയം വെസ്റ്റ് പോലീസ് സ്റ്റേഷനിലെത്തി. മൂന്ന് ദിവസം കോട്ടയത്ത് ചെലവഴിച്ചു. പിന്നീട് ഇടുക്കി ജില്ലയിലെ ഹോട്ടലില്‍ ജോലി ചെയ്തു. മോഷണക്കേസില്‍ ജയിലില്‍ കഴിയുമ്പോള്‍ത്തന്നെ അന്വേഷണസംഘം കുറ്റപത്രം സമര്‍പ്പിച്ചിരുന്നതിനാല്‍ വ്യവസ്ഥകളോടെയല്ല കോടതി ജാമ്യം നല്‍കിയത്. അഞ്ചരമാസത്തോളം റിമാന്‍ഡില്‍ കഴിഞ്ഞു.
പിടികൂടുമ്പോള്‍ പ്രതിയുടെ കൈയിലുണ്ടായിരുന്നത്, പിന്നീട് ജോലിചെയ്ത് ലഭിച്ച പണമാകാമെന്ന് കരുതുന്നു. ഹാര്‍ഡ് ഡിസ്‌കും മൊബൈല്‍ ഫോണും എടുത്തതല്ലാതെ, മറ്റ് പ്രൊഫഷണല്‍ രീതികളൊന്നും ഇയാള്‍ നടത്തിയിട്ടില്ല. കൊല്ലാനുപയോഗിച്ച ആയുധവും വിരലടയാളവും സാഹചര്യത്തെളിവുകളുമെല്ലാം സംഭവസ്ഥലത്തുനിന്ന് ലഭിച്ചിരുന്നു. അതിനാല്‍ സമാന കുറ്റംചെയ്ത ആളല്ല പ്രതിയെന്ന് പോലീസിന് തുടക്കത്തില്‍ത്തന്നെ മനസ്സിലായിരുന്നു.
ഡിവിആര്‍ നിര്‍ണായകം, ശാസ്ത്രീയ പരിശോധനയ്ക്ക് അയയ്ക്കും
തിരുവാതുക്കല്‍ കേസില്‍ ഡിവിആര്‍ നിര്‍ണായക തെളിവാകും. ഡിവിആര്‍ കോടതിക്ക് കൈമാറും. തുടര്‍ന്ന് കോടതിയുടെ അനുമതിയോടെ ഫൊറന്‍സിക് പരിശോധനയ്ക്കയക്കും.
നിര്‍ണായകതെളിവുകള്‍ ലഭിച്ചെന്നാണ് പോലീസ് പറയുന്നത്. ഇത് തലനാരിഴകീറി പരിശോധിച്ചു. രണ്ട് സംഘങ്ങളായി തിരിഞ്ഞായിരുന്നു പോലീസ് അന്വേഷണം. ആദ്യസംഘം പെരുമ്പാവൂര്‍ക്ക് പോയി. പിന്നാലെതന്നെ അടുത്തസംഘവും പുറപ്പെട്ടു. അവിടെനിന്ന് പ്രതിയുടെ നീക്കങ്ങള്‍ നിരീക്ഷിച്ചു.
വീട്ടില്‍നിന്ന് ഫോണല്ലാതെ മറ്റൊന്നും മോഷണം പോയിട്ടുമില്ല. ഈ സംഭവത്തെത്തുടര്‍ന്ന് ഇതര സംസ്ഥാനക്കാരെ പോലീസ് നിരീക്ഷിക്കുന്നുണ്ടെന്നും തൊഴില്‍ നല്‍കുന്നവരുംകൂടി ഇത്തരത്തില്‍ ശ്രദ്ധ പുലര്‍ത്തണമെന്നും എസ്.പി. പറഞ്ഞു.
പ്രതി റിമാന്‍ഡില്‍
ഇന്ദ്രപ്രസ്ഥം ഉടമ തിരുവാതുക്കല്‍ ശ്രീവത്സം വീട്ടില്‍ വിജയകുമാറിനെ(64)യും ഭാര്യ ഡോ.മീര (60)യെയും തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ അസംസ്വദേശി അമിത്ത് ഉറാങ്ങിനെ (24) അന്വേഷണസംഘം വ്യാഴാഴ്ച കോടതിയില്‍ ഹാജരാക്കി. ഇയാളെ മേയ് എട്ടാംതിയതിവരെ കോട്ടയം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി (മൂന്ന്) റിമാന്‍ഡുചെയ്തു.
ഇയാളെ ജൂഡീഷ്യല്‍ കസ്റ്റഡിയില്‍ കോട്ടയം ജില്ലാ ജയിലിലേയ്ക്് മാറ്റി. വ്യാഴാഴ്ച ഉച്ചയ്ക്കുശേഷം വന്‍ സുരക്ഷയിലാണ് പ്രതിയെ കോടതിയില്‍ ഹാജരാക്കിയത്. കൃത്യംനടത്താനെത്തിയ പ്രതി അമിത്ത് മുറിയെടുത്ത് താമസിച്ചിരുന്ന കോട്ടയം റെയില്‍വേ സ്റ്റേഷനുസമീപത്തെ ലോഡ്ജില്‍ രാവിലെ എത്തിച്ച് തെളിവെടുത്തു. പ്രാഥമികഘട്ട പരിശോധനകളെല്ലാം ഉച്ചയോടെ അന്വേഷണസംഘം പൂര്‍ത്തിയാക്കിയിരുന്നു.
പ്രതിയെ വീണ്ടും പോലീസ് കസ്റ്റഡിയില്‍ വാങ്ങി തെളിവെടുപ്പും പരിശോധനയും നടത്തും. ഇതിനായി വെള്ളിയാഴ്ച പോലീസ് കോടതിയില്‍ അപേക്ഷ നല്‍കും. തിങ്കളാഴ്ചയോടെ കസ്റ്റഡിയില്‍ ലഭിക്കുമെന്നാണ് അന്വേഷണസംഘത്തിന്റെ പ്രതീക്ഷ. ഇയാളെ കസ്റ്റഡിയില്‍ വാങ്ങിയശേഷം കൊലനടത്തിയശേഷം രക്ഷപ്പെട്ട ബസ്റ്റാന്‍ഡിലും, ഒളിവില്‍കഴിഞ്ഞ തൃശ്ശൂര്‍ മാളയിലെ കോഴിഫാമിലുമെത്തിച്ച് തെളിവെടുക്കും. കോട്ടയം ഡിവൈഎസ്പി കെ.ജി. അനീഷ്, ഇന്‍സ്‌പെക്ടര്‍മാരായ കെ.ആര്‍. പ്രശാന്ത്കുമാര്‍, യു. ശ്രീജിത്ത്, ടി. ശ്രീജിത്ത് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പോലീസ് നടപടികള്‍.