കോട്ടയത്ത് വൻ നിരോധിത പുകയില വേട്ട: ഗോഡൗണിൽ നിന്ന് 220 ചാക്ക് ഹാൻസ് പിടികൂടി

#ന്യൂസ് ഡെസ്ക്
പാക്കിൽ ഇല്ലിമൂട്ടിലെ ഗോഡൗണിൽ നിന്നും നിരോധിത പുകയില ഉത്പന്നങ്ങൾ എക്സൈസ് സംഘം പിടിച്ചെടുത്തപ്പോൾ
പാക്കിൽ ഇല്ലിമൂട്ടിലെ ഗോഡൗണിൽ നിന്നും നിരോധിത പുകയില ഉത്പന്നങ്ങൾ എക്സൈസ് സംഘം പിടിച്ചെടുത്തപ്പോൾ

കോട്ടയം: പാക്കിൽ ഇല്ലിമൂട്ടിലെ ഗോഡൗണിൽനിന്ന് 220 ചാക്കുകളിലായി സൂക്ഷിച്ചിരുന്ന 3500 കിലോയോളം നിരോധിത പുകയില ഉൽപ്പന്നങ്ങൾ എക്സൈസ് സംഘം പിടിച്ചെടുത്തു. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി. കോട്ടയം ജില്ലയിൽ അടുത്തകാലത്ത് നടന്ന ഏറ്റവും വലിയ നിരോധിത പുകയില ഉൽപ്പന്ന വേട്ടകളിലൊന്നാണിത്.

പാലക്കാട് സ്വദേശികളാണ് ഗോഡൗൺ വാടകയ്‌ക്കെടുത്തിരുന്നത്. ഇവരാണ് നിരോധിത പുകയില ഉൽപ്പന്നങ്ങളുടെ സംഭരണവും വിതരണവും നടത്തിവന്നതെന്നാണ് കരുതുന്നത്. കഴിഞ്ഞ അഞ്ച് മാസത്തോളമായി ഇവിടെനിന്ന് വിവിധ പ്രദേശങ്ങളിലേക്ക് വലിയ അളവിൽ ഹാൻസ് വിതരണം ചെയ്തിരുന്നതായി എക്സൈസ് വ്യക്തമാക്കി.

വലിയ വാഹനത്തിലാണ് പുറത്തുനിന്ന് ഹാൻസ് ചാക്കുകൾ ഗോഡൗണിൽ എത്തിച്ചിരുന്നത്. തുടർന്ന്, ഗോഡൗണിനുള്ളിൽ സൂക്ഷിച്ചിരുന്ന കാർ ഉപയോഗിച്ച് സമീപത്തെ ചെറിയ കടകളിലേക്ക് പ്രാദേശികമായി ഹാൻസ് എത്തിച്ചു നൽകുകയായിരുന്നു പ്രതികളുടെ രീതി.

എക്സൈസ് സംഘം പരിശോധനയ്‌ക്കെത്തിയ സമയത്ത് ഗോഡൗൺ പൂട്ടിയ നിലയിലായിരുന്നു. പരിശോധനയ്ക്കിടെ പ്രതികളെ സ്ഥലത്ത് കണ്ടെത്താനായില്ലെങ്കിലും വിതരണത്തിനായി സൂക്ഷിച്ചിരുന്ന കാർ ഉദ്യോഗസ്ഥർ കണ്ടെത്തിയിട്ടുണ്ട്. ഒളിവിലുള്ള പാലക്കാട് സ്വദേശികളായ പ്രതികളുടെ ഫോൺ ലൊക്കേഷൻ കേന്ദ്രീകരിച്ച് ഇവരെ കണ്ടെത്തുന്നതിനുള്ള അന്വേഷണം എക്സൈസ് ഊർജ്ജിതമാക്കിയിട്ടുണ്ട്.

Content Highlights: The Excise department seized approximately 3500 kg of banned Hans tobacco stored in 220 sacks from a rented godown in Kottayam, while a search is underway for the absconding suspects.